top of page

ആരാണ് മനുഷ്യന്‍

Apr 1, 2016

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Human emoji.

മനുഷ്യന്‍ ആര്? എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഉത്തരം തേടുന്നവരാണ് നാം. മനുഷ്യനെ വെറും ശരീരം മാത്രമായി കാണുന്നവരുണ്ട്. ആധുനിക പരസ്യങ്ങളില്‍ മനുഷ്യന്‍റെ ശരീരം പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടുന്നവരുണ്ട്. സ്ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിച്ച് പുരുഷനെ ആകര്‍ഷിക്കുന്നവരും പുരുഷന്‍റെ ശരീരം പ്രദര്‍ശിപ്പിച്ച് സ്ത്രീകളെ ആകര്‍ഷിക്കുന്നവരുമുണ്ട്. ഉപഭോഗസംസ്ക്കാരത്തില്‍ വെറുമൊരു 'ചരക്കാ'യി മനുഷ്യനെ തരംതാഴ്ത്തുമ്പോള്‍ നമ്മുടെ വില നാം മറക്കുന്നു. ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ 1-ാം അധ്യായത്തില്‍ 26 മുതലുള്ള വാക്യങ്ങളില്‍ മനുഷ്യന്‍റെ വിലയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് നാം വായിക്കുന്നത്? ദൈവത്തിന്‍റെ മുഖം ലോകത്തില്‍ കാണിക്കുവാനുള്ള കഴിവും ദൈവത്തിന്‍റെ സ്വഭാവത്തിലേക്ക് വളരുവാനുള്ള സാദ്ധ്യതയും മനുഷ്യനിലുണ്ട്. സൃഷ്ടിയുടെ കിരീടമാണ് മനുഷ്യന്‍.


മനുഷ്യന്‍ അഴുകിപ്പോകുന്ന ഒരു മാംസപിണ്ഡമായി നിരീശ്വരവാദികള്‍ ചിത്രീകരിച്ചു. പരിണാമസിദ്ധാന്തത്തിലെ വെറുമൊരു കണ്ണിയായി മാത്രം മനുഷ്യനെ കണ്ടുവരുന്നു. ഭൂമിയെന്ന ഗോളത്തിന്‍റെ ചര്‍മ്മത്തിലെ മാരകമായ രോഗമായി മനുഷ്യനെ നീറ്റ്ഷേ കണ്ടു. അഴുകുന്ന മനുഷ്യശരീരത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടു "എനിക്കു ഈ മനുഷ്യനെക്കാണുമ്പാള്‍ മനംപുരട്ടല്‍" തോന്നുന്നുവെന്ന് സാര്‍ത്ര് പറഞ്ഞുവച്ചു. 'ഇന്നു തിന്നുകുടിച്ചു രസിക്കുക. നാളയെക്കുറിച്ചു ഉറപ്പില്ല' എന്നു പഠിപ്പിച്ച വ്യക്തികളുമുണ്ട്. ഈ ചിന്തകളെല്ലാംകൂടി മനുഷ്യന്‍റെ വ്യക്തിത്വത്തെ വികലമാക്കി. ഈ ഭൂമിയില്‍ പരമാവധി ഉപയോഗിച്ചുതീര്‍ക്കേണ്ട ഒന്നായി മനുഷ്യശരീരത്തെ കണ്ടു. അനശ്വരമായ ആത്മാവിന്‍റെ സ്പന്ദനങ്ങള്‍ക്കു കാതുകൊടുക്കുവാന്‍ മനുഷ്യന്‍ പരാജയപ്പെട്ടു. ഈ ലോകത്തോടും അതിന്‍റെ മോഹങ്ങളോടും ബന്ധിതനായ മനുഷ്യന്‍ ദൈവത്തിന്‍റെ ശബ്ദത്തിന് കാതുകൊടുക്കുവാന്‍ വൈമുഖ്യം കാണിച്ചുതുടങ്ങി. ചുരുക്കത്തില്‍ മനുഷ്യപ്രകൃതിയില്‍ ഒരു താളംതെറ്റല്‍ വന്നുഭവിച്ചു.


ശരീരവും മനസ്സും ആത്മാവുമുള്ള അവനെ ദൈവദൂതന്മാരെക്കാള്‍ അല്പം താഴെയായി ദൈവം സൃഷ്ടിച്ചു. 8-ാമത്തെ സങ്കീര്‍ത്തനത്തില്‍ മനുഷ്യന്‍റെ മഹത്വത്തെക്കുറിച്ച് വിവരിക്കുന്നുമുണ്ട്. തട്ടിക്കളിക്കാനും ആസ്വദിക്കാനുമുള്ള ഒരു ഉപകരണമല്ല മനുഷ്യന്‍. ദൈവത്തില്‍നിന്നും അകന്നുനിന്നുകൊണ്ട് ഒരു മരണസംസ്ക്കാരത്തിലേക്ക് ഇന്നു മനുഷ്യന്‍ യാത്ര ചെയ്യുകയാണ്. മനുഷ്യജീവനോട് കാണിക്കുന്ന ക്രൂരതയും മാന്യത നഷ്ടപ്പെട്ട ഇടപെടലുകളും വര്‍ദ്ധിച്ചുവരുന്ന ലോകത്തില്‍ ഒരു വീണ്ടുവിചാരത്തിലേക്കു നാം കടക്കേണ്ടതുണ്ട്. ആദ്യമനുഷ്യന്‍റെ ഏകാന്തത മറ്റൊരു വ്യക്തിയെക്കുറിച്ചുള്ള സ്വപ്നംകൂടിയാണ്. ലോകത്തിലുള്ള സകല ജീവികളെയും മനുഷ്യന് ഉപയോഗിക്കാനായി കൊടുത്തപ്പോള്‍ ഒരു സ്ത്രീയെ പുരുഷന് സ്നേഹിക്കുവാനായി കൊടുത്തു. ലോകത്തു മറ്റൊരുജീവിയേയും അസ്ഥിയുടെ അസ്ഥിയെന്ന് അവന്‍ വിളിച്ചില്ല. ഒരു ജീവിതപങ്കാളിയെ കണ്ടപ്പോഴാണ് അവന്‍ കീര്‍ത്തനം പാടിയത്? ഇന്നു ലോകത്തില്‍ മനുഷ്യബന്ധങ്ങള്‍ തകരാനുള്ള കാരണമെന്താണ്? ഉപയോഗിക്കാന്‍ കൊടുത്ത ജീവജാലങ്ങളെ മനുഷ്യന്‍ സ്നേഹിച്ചു. സ്നേഹിക്കുവാന്‍ കൊടുത്തതിനെ മനുഷ്യന്‍ ഉപയോഗിച്ചുതുടങ്ങി.


മനുഷ്യന്‍ ബന്ധങ്ങളുടെ ആകെത്തുകയാണ്. അവന്‍ സ്വന്തം അസ്തിത്വം മനസ്സിലാക്കുന്നത് പരസ്പര ബന്ധങ്ങളിലൂടെയാണ്. ഒരു വ്യക്തി അവന്‍റെ പൂര്‍ണതയിലെത്തുന്നത് നാലു ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ്. ദൈവത്തോടും മനുഷ്യരോടും മനസ്സാക്ഷിയോടും പ്രപഞ്ചത്തോടും അവന്‍ ബന്ധങ്ങള്‍ സ്ഥാപിക്കണം. ഇതില്‍ ഏതെങ്കിലും ഒന്നു തകര്‍ന്നുപോയാല്‍ ജീവിതം നിരര്‍ത്ഥകമാകും. ആദ്യ വ്യക്തികള്‍ നഗ്നരായിരുന്നു. നഗ്നതയില്‍ അവര്‍ക്കു ലജ്ജ തോന്നിയില്ല. നഗ്നരായിട്ടും ലജ്ജ തോന്നാത്തത് ശിശുക്കള്‍ക്കാണ്. ശിശുസഹജമായ ഒരു നിഷ്കളങ്കത മനുഷ്യനില്‍നിന്നും ദൈവം പ്രതീക്ഷിക്കുന്നുണ്ട്. നിഷ്കളങ്കത നഷ്ടപ്പെടുത്തുമ്പോള്‍ നഗ്നതയുടെ ചിന്ത നമ്മില്‍ പ്രവേശിക്കുന്നു. ദൈവത്തിന്‍റെ പ്രസാദവരം കൊണ്ട് നിറയേണ്ട മനുഷ്യന്‍ അതു നഷ്ടപ്പെടുത്തി. അപ്പോള്‍ മറ്റു വസ്തുക്കള്‍കൊണ്ട് ശരീരത്തിന് മഹത്വമുണ്ടാക്കാന്‍ ശ്രമിച്ചു. അണയാത്ത പ്രസാദവരത്തിനു പകരം വാടുന്ന ഇലകള്‍ കൊണ്ട് ശരീരം മറച്ചു. വിലപ്പെട്ടതിനു പകരം വിലകുറഞ്ഞവ കൊണ്ടു മനുഷ്യന്‍ ശരീരത്തെയും ആത്മാവിനെയും മലിനമാക്കി. വില കുറഞ്ഞ സംസാരങ്ങളും ബന്ധങ്ങളുമെല്ലാം മനുഷ്യന്‍റെ ഭാഗമായി മാറി. പകരക്കാരും പകരം വസ്തുക്കളുമെല്ലാം അവന്‍റെ ജീവിതം കവര്‍ന്നെടുത്തു.


ലോക സൃഷ്ടിയില്‍ ഒരു ആദ്യമനുഷ്യനുണ്ടായിരുന്നു. ആ ലോകത്തിലേക്ക് പാപഫലമായുണ്ടായ ഒരു ചരിത്രമനുഷ്യന്‍ കടന്നുവന്നു. ആദ്യമനുഷ്യന്‍റെ നന്മകള്‍ നമുക്ക് അന്യമായി മാറി. പാപഗ്രസ്തനായ പുതിയ മനുഷ്യന്‍റെ അംശങ്ങളുമായി നാം ഇന്നു ജീവിക്കുന്നു. ദൈവത്തിന്‍റെ കൂദാശയായ മനുഷ്യശരീരത്തിന്‍റെ മഹത്വം നാം വീണ്ടെടുക്കണം. മനുഷ്യജീവന്‍റെ വിലയെക്കുറിച്ചും നാം ബോധമുള്ളവരാകണം. ആത്മീയശക്തി ചോര്‍ന്നുപോയ അവസ്ഥയില്‍ നിന്നു നാം മോചനം പ്രാപിക്കണം. ദൈവത്തോടും മനുഷ്യരോടും പ്രകൃതിയോടുമുള്ള കടപ്പാടുകള്‍ പൂര്‍ത്തിയാക്കി നാം മുന്നേറണം. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തിന്‍റെ കണ്ണികള്‍ ബലപ്പെടുത്താം. സ്രഷ്ടാവില്‍ ദൃഷ്ടികള്‍ പതിപ്പിച്ചു, സൃഷ്ടികളില്‍ സ്രഷ്ടാവിന്‍റെ മുഖം കണ്ട് യാത്ര തുടരുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

3

Featured Posts

Recent Posts

bottom of page