
ലോകത്തിന്റെ പുറമ്പോക്കിലായിരുന്നു ആ ഗ്രാമം. ആകപ്പാടെയുള്ള അതിന്റെ മഹത്ത്വം എന്ന് പറയുന്നത് ആ ഗ്രാമത്തിൽ ഇടയപ്പണി ചെയ്ത് വളർന്ന ഒരു ബാലൻ പിന്നീട് ആ നാട്ടുരാജ്യത്തിന്റെ രാജാവായി എന്നതാണ്.
വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന രണ്ടുപേർ. തീരെ പ്രശസ്തരല്ല അവർ. സാമ്പത്തികമായിട്ടാണെങ്കിൽ പരമ ദരിദ്രർ. ഫാൻ ഫാളോവിങ് ഒന്നുമില്ല. ഒരു തച്ചനായിരുന്നു അയാൾ.
അയാളുടെ നിശ്ചിത വധുവാകട്ടെ, അയാളുടേതല്ലാത്ത ഒരു ഗർഭം പേറുകയുമാണ്.
നാലഞ്ചു നാൾ ദീർഘിക്കുന്ന ഒരു യാത്ര കാൽനടയായി അവർ ഏറ്റെടുത്തത് ചക്രവർത്തിയുടെ ആജ്ഞ അനുസരിക്കാൻ വേണ്ടി മാത്രമാണ്.
ആയിരക്കണക്കിന് മൈലുകൾ അകലെയിരുന്ന്, ഗ്രൗണ്ട് റിയാലിറ്റിയെക്കുറിച്ച് യാതൊരു അവബോധവുമില്ലാത്ത ഒരു ചക്രവർത്തി തീരുമാനിച്ചതാണത്.
തലയെണ്ണി കപ്പം പിരിക്കാൻ വേണ്ടിയാണ് അയാൾ അങ്ങനെയൊരു കാനേഷുമാരി കണക്കെടുപ്പിന് ഉത്തരവിട്ടത്.
ആ ചെറുപട്ടണത്തിൽ ആകെയുള്ളത് ഒരു കൊച്ചു സത്രമാണ്. രണ്ടോ മൂന്നോ മുറികൾ കാണുമായിരിക്കും ആകെയവിടെ. അവിടെയാകട്ടെ ഇടമില്ല.
ആ രാത്രിയിൽ വിളറിയ, ആരോഗ്യമില്ലാത്ത ഒരു കുഞ്ഞിനെ ആ യുവതി പ്രസവിക്കുന്നു. ഒരു കാലിത്തൊഴുത്തിൽ!
നാട്ടുകാരാരും അറിയുന്നില്ല. ആകപ്പാടെ അറിയുന്നത് രാത്രി ഉറക്കൊഴിച്ച് ആടുകൾക്ക് കാവൽ ഇരിക്കുന്ന ഇടയന്മാർ മാത്രം! അതുപോലും മൂന്നോ നാലോ പേരേ കാണൂ!
ഓരോ രാത്രിയിലു ം നമുക്ക് ചുറ്റും എത്രയോ പുഷ്പങ്ങൾ വിരിയുന്നു! നാമുണ്ടോ അതറിയുന്നു!
പതിനായിരക്കണക്കിന് വിത്തുകൾ മുളപൊട്ടുന്നില്ലേ നമുക്ക് ചുറ്റിനുമായി?
ഓരോരോ പക്ഷികൂടുകളിൽ എത്രയോ മുട്ടകൾ വിരിഞ്ഞുവരുന്നു!
ആകാശവിതാനത്തിലൂടെ എത്രയെത്ര ധുമകേതുക്കൾ!
കിഴക്ക് വെള്ള കീറുന്നതും പടിഞ്ഞാറ് നിലാവ് താഴുന്നതും വലിയ കോലാഹലങ്ങളോടെ അല്ലല്ലോ. അവയൊന്നുംതന്നെ നാമറിയാറില്ലല്ലോ!
പ്രപഞ്ചനാഥന്റെ മണ്ണിലെ മുളയെടുപ്പും അങ്ങനെതന്നെ!
ഈ ഭൂമിയിൽ ദരിദ്രർ എക്കാലവും അദൃശ്യരാണ്. ദാരിദ്ര്യം നല്കുന്ന അദൃശ്യത മാത്രമായിരുന്നില്ല ആ പിറവിയുടേത്. അതിനപ്പുറം ഏതോ ദൈവനിയോഗങ്ങളുടേതു കൂടിയായിരുന്നുവത്.
ദരിദ്രരായിരുന്നു, ഇടയന്മാർ എന്നത് മാത്രമായിരിക്കില്ല സുവിശേഷത്തിലെ സൂചന. കാവലിരിക്കുന്നവരായിരുന്നു അവർ. കാവലിൽ ഉണർവ്വുണ്ട്, കരുതലുണ്ട്. ഉത്തരവാദിത്വവും. ചുറ്റുമുള്ള പ്രകൃതിയിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നവർ. ഓരോ നിഴലിനെയും നിരീക്ഷിച്ച്; ഓരോ കാറ്റിനും ഇലയനക്കത്തിനും കാതോർത്ത്...!
അതൊരു ധ്യാനം പോലുമാണ്.
എല്ലാവരും എല്ലാം കാണുന്നില്ല. മിക്കവരും മിക്കതും കാണുന്നില്ല. ഭൂരിഭാഗംപേരും കാണാത്തതും ചിലർ കാണും. അവർ ഉണർവ്വും കരുതലും ധ്യാനവും ഉള്ളവരാകും.