top of page
ബുദ്ധിജീവികളെന്താണ് ആ പ്രശ്നത്തിലിടപെടാത്തത്, ഈ പ്രശ്നത്തിലിടപെടാത്തത്, തങ്ങളുദ്ദേശിക്കുന്ന രീതിയിലിടപെടാത്തത്, തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കനുകൂലമായി ഇടപെടാത്തത് എന്നെല്ലാം ചോദിക്കുന്നത് പലപ്പോഴും കേള്‍ക്കാം. എന്തുപറ്റി നമ്മുടെ ബുദ്ധിജീവികള്‍ക്ക്? ബുദ്ധിജീവികളെക്കൊണ്ട് എന്തുപ്രയോജനം എന്ന ഉറക്കെയുള്ള ആത്മഗതവും നാം കേട്ടുകഴിഞ്ഞതാണല്ലോ. ഇടയ്ക്ക് ചില ചായക്കോപ്പ കൊടുങ്കാറ്റുകള്‍ക്കപ്പുറം എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയാത്തവിധം നമ്മുടെ ബുദ്ധിജീവികള്‍ റദ്ദായി കഴിഞ്ഞുവോ?
ബുദ്ധിപരമായ ജീവിതം ഉള്ളവരെല്ലാം ബുദ്ധിജീവികള്‍ തന്നെ, ബുദ്ധികൊണ്ട് ഉപജീവനം നടത്തുന്നവര്‍ മാത്രമല്ല. അതുകൊണ്ട് ചാനല്‍ ചര്‍ച്ചകളിലിടപെടുന്നവരോ സാംസ്കാരിക നായകരോ മാത്രമല്ല ബുദ്ധിജീവികള്‍. ഡോക്ടറും വക്കീലും എഞ്ചിനീയറും ശാസ്ത്രജ്ഞനും സ്കൂള്‍ ടീച്ചറും പാതിരിയും വായനശാല പ്രവര്‍ത്തകരും പത്രവായനക്കാരും ചാനലിലെ 'ഗൗരവമുള്ള'പരിപാടികള്‍ കാണുന്നവരുമെല്ലാം ബുദ്ധിജീവികള്‍തന്നെ. ബുദ്ധികൊണ്ടും യുക്തികൊണ്ടും വിവേകംകൊണ്ടും വികാര-വിചാരങ്ങള്‍കൊണ്ടും വിശകലനം ചെയ്യാനും ഇടപെടാനും കഴിയുന്നവരെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ബുദ്ധിജീവികള്‍തന്നെ. ആ നിലയ്ക്ക് ബുദ്ധിജീവികള്‍ അതു ചെയ്യാത്തതെന്ത്, ഇത് ചെയ്യാത്തതെന്ത് എന്നു ചോദിക്കുന്നവരില്‍ പലരും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നൊഴിഞ്ഞു മാറുകയാണ്. എഴുത്തുകാര്‍ ആ പ്രശ്നത്തിലിടപെട്ടില്ല, ശരി. പക്ഷേ ഡോക്ടറേ, എഞ്ചിനീയറേ, മാഷേ നിങ്ങള്‍ക്കിടപെടാമായിരുന്നല്ലോ, എന്തേ ചെയ്തില്ല? പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്‍റെ നാവു പൊള്ളുന്നു എന്ന് കവി. നിങ്ങള്‍ക്ക് പറയാനാവാത്ത 'തെറിവാക്ക്' വിളിച്ചു പറയാനുള്ള വാടകക്കൊലയാളിയാണോ ബുദ്ധിജീവി?
പരമ്പരാഗത ബുദ്ധിജീവി, ജൈവബുദ്ധിജീവി എന്നീ വിഭജനങ്ങളുണ്ട്. തങ്ങള്‍ക്കു കിട്ടിയ ബുദ്ധി, തത്തമ്മേ പൂച്ച പൂച്ച എന്നാവര്‍ത്തിക്കുക മാത്രം ചെയ്യുന്ന പണ്ഡിതരാണ് ആദ്യ വിഭാഗത്തില്‍പ്പെടുന്നത്. എന്നാല്‍ പരമ്പരാഗതമായല്ലാതെ, ജൈവികമായി ചിന്തിച്ച് തങ്ങളുടെ ചിന്തകള്‍ മൗലികമായും സര്‍ഗ്ഗാത്മകമായും വികസിപ്പിക്കുന്നവരാണ് ജൈവബുദ്ധിജീവികള്‍. ബുദ്ധിജീവികളില്‍ ഭൂരിപക്ഷവും ആദ്യവിഭാഗത്തില്‍പ്പെടുന്നു. ഈ ചേമ്പില ബുദ്ധിജീവികളെ പൊതുപരിപാടികളിലെ സ്ഥിരം 'പ്രഭാഷക'രാക്കാനേ കൊള്ളൂ. അവര്‍ക്ക് ബുദ്ധി കിട്ടിയിട്ടെന്ത്, കിട്ടിയിരുന്നില്ലെങ്കിലെന്ത്? ഒരു ടെക്സ്റ്റ്ബുക്കെഴുതുന്നതുവരെയുള്ള പാതകങ്ങളാണ് ഏറിവന്നാല്‍ ഇവരില്‍നിന്നു പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ജൈവബുദ്ധിജീവികള്‍ തങ്ങള്‍ക്കു കിട്ടുന്ന അറിവുകളിലും വിവരങ്ങളിലും തൃപ്തരല്ല. ബുദ്ധിജീവിയായി നടിക്കാനുള്ളതുമല്ല അവര്‍ക്ക് ബുദ്ധി. തങ്ങള്‍ ജീവിക്കുന്ന കാലത്തും ലോകത്തും അവര്‍ തങ്ങളുടെ ബുദ്ധി പ്രയോഗിക്കുന്നു. സിദ്ധാന്തത്തില്‍നിന്നു പ്രയോഗത്തിലേക്കും പ്രയോഗത്തില്‍നിന്ന് സിദ്ധാന്തത്തിലേക്കുമുള്ള ഹനുമാന്‍ ചാട്ടങ്ങള്‍ നടത്തുന്ന ഇവര്‍ തങ്ങളെത്തന്നെ മൗലികമായും സര്‍ഗ്ഗാത്മകമായും മാറ്റുന്നു. ബുദ്ധിജീവിതത്തില്‍ ചരിത്രപരമായി ഇടപെടുന്ന ഇത്തരക്കാരെക്കൊണ്ടാണ് സമൂഹത്തിനും ജനതക്കും എന്തെങ്കിലും ഗുണമുണ്ടാകുന്നത്. നമുക്കവരെ ആദ്യമാദ്യമൊന്നും മനസ്സിലാവണമെന്നില്ല. അവരവരുടെ സ്വന്തം ജനപഥത്തില്‍പോലും അപരിചിതരാവാം. സ്വന്തം സമൂഹമവരെ കുരിശിലേറ്റുകപോലും ചെയ്തേക്കാം. എങ്കിലുമവരാണ് പ്രവാചകരോ പ്രവാചകതുല്യമായി ഇടപെടുന്നവരോ ആയി അറിയപ്പെടുന്നവര്‍. കേരളത്തില്‍ ശ്രീനാരായണഗുരു മുതല്‍ സി.കെ. ജാനുവും ളാഹ ഗോപാലനും വരെ ഈയിനം ജൈവബുദ്ധിജീവികളില്‍പ്പെടുന്നു.
നവോത്ഥാനകാലത്തിന്‍റെ ആദ്യ ദശകങ്ങള്‍ നമുക്കേറെ മികച്ച ബുദ്ധിജീവികളെ തന്നു. ഇപ്പോള്‍ അറിയപ്പെടുന്ന അറുപതേ പ്ലസ് പ്രായത്തില്‍ ഉള്ള ബുദ്ധിജീവികളില്‍ മിക്കവരും പഴയ കുടുംബങ്ങളിലും സമൂഹങ്ങളിലും നിന്നും വന്നവരാണ്. എന്നാല്‍ നവോത്ഥാനാശയങ്ങളാല്‍ ഉത്തേജിതരായവര്‍. ആധുനികതയും നവോത്ഥാനവും പുരോഗമനാശയങ്ങളുടെ അന്തരീക്ഷവുമാണവരെ തല ഉയര്‍ത്തി പിടിക്കുന്നവരാക്കിയത്. നിങ്ങള്‍ക്കു ബഹുമാനമുള്ള ഏറ്റവുമൊടുവിലത്തെ അധ്യാപകരെ, എഴുത്തുകാരെ, ശാസ്ത്രജ്ഞരെ, ഡോക്ടറെ, എഞ്ചിനീയറെ, പ്രഭാഷകരെ, ചിന്തകരെ ഓര്‍ത്തുനോക്കൂ. പഴയ സമൂഹത്തിന്‍റെ മൂല്യബോധവും പുതിയ സമൂഹത്തിന്‍റെ കാല-ലോക ബോധവും സമന്വയിപ്പിച്ച ഇവരോടാണ് കേരളത്തില്‍, മലയാളത്തില്‍ നന്മയുടെയും മേന്മയുടേതുമായ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് നാം നന്ദി പറയേണ്ടത്. നാടന്‍ വിത്തുകള്‍ ശേഖരിക്കുന്ന ശാസ്ത്രജ്ഞന്‍,സൈക്കിളില്‍ സഞ്ചരിച്ച് രോഗിയുടെ വീട്ടിലെത്തി ചികിത്സിക്കുന്ന ഡോക്ടര്‍, കുട്ടികളുടെ പിറന്നാളിന് വീട്ടിലതിഥിയായെത്തുന്ന അധ്യാപകര്‍, 'ജനപ്രിയ'നാവാന്‍ വിസമ്മതിക്കുന്ന എഴുത്തുകാരന്‍, ദൈവംതമ്പുരാന്‍ തെറ്റുചെയ്താല്‍പോലും ഞാനത് റിപ്പോര്‍ട്ടു ചെയ്യുമെന്നു പ്രഖ്യാപിക്കുന്ന പത്രാധിപര്‍ ഇവരെല്ലാം നവോത്ഥാനത്തിന്‍റെ ആദ്യതലമുറയില്‍ നിന്ന് ഉത്തേജിതരായവരാണ്. പിന്നീട് നമുക്ക് വെറും പ്രൊഫഷണലുകള്‍ വന്നു. വെറും പ്രൊഫസര്‍മാര്‍, വെറും ഡോക്ടര്‍മാര്‍, വെറും ശാസ്ത്രജ്ഞര്‍, വെറും സാംസ്കാരിക നായകര്‍....
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് വ്യവസായ മുതലാളിത്തത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രൂപപ്പെട്ടതെന്നു പറയാറുണ്ട്. അവയൊന്നും ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാംസ്കാരിക സാമ്രാജ്യത്വത്തെ അഭിമുഖീകരിക്കാനോ പ്രതിരോധിക്കാനോ പ്രാപ്തമല്ല. ഈ നിരീക്ഷണം നമ്മുടെ ബുദ്ധിജീവികളേയും അവരുപയോഗിക്കുന്ന വിനിമയമാധ്യമങ്ങളേയും കുറിച്ചും പറയാവുന്നതാണ്. കഥാപ്രസംഗം, പുസ്തകം, നാടകം, പ്രസംഗം, ചലച്ചിത്രം തുടങ്ങിയ മാധ്യമങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. മലയാളികള്‍ ലോകസാഹിത്യവും, മലയാള സാഹിത്യവും പരിചയപ്പെട്ടത് പുസ്തകങ്ങള്‍ വായിച്ചല്ല, കഥാപ്രസംഗം കേട്ടാണ്. വി.സാംബശിവനും, കെടാമംഗലം സദാനന്ദനുമാണ് യുദ്ധവും സമാധാനവും, കരമസോവ് സഹോദരന്മാര്‍, പ്രഭുക്കളും ഭൃത്യരും, കരുണ, രമണന്‍, റാണി തുടങ്ങിയ കഥാപ്രസംഗങ്ങളിലൂടെ നമ്മെ ക്ലാസിക്കുകളിലേക്കു നയിച്ചത്. ഇന്നാരെങ്കിലും കഥാപ്രസംഗം കേള്‍ക്കാന്‍ തുറന്ന ആകാശത്തിനു കീഴില്‍ മഞ്ഞും കൊണ്ട് ചെന്നിരിക്കുമോ? അമ്പതേ പ്ലസ് തലമുറയുടെ പെന്‍ഷന്‍കാല വിനോദമായല്ലാതെ ഇന്നാരാണ് പുസ്തകവായന ഗൗരവമായെടുക്കുന്നത്? അധ്യാപകര്‍, എഴുത്തുകാര്‍, പ്രസാധകര്‍ - ഇങ്ങനെ പുസ്തകവില്പനയില്‍ സ്ഥാപിതതാല്പര്യമുള്ളവരല്ലാതെ മറ്റാരാണ് പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളോട് പറയുക? ചാനലുകളിലെ വിവാദങ്ങള്‍ ചിലപ്പോള്‍ ശ്രദ്ധിക്കുമെന്നല്ലാതെ നമ്മുടെ ചെറുപ്പക്കാരാരെങ്കിലും സുകുമാര്‍ അഴീക്കോടിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഒരു മണിക്കൂര്‍ ടൗണ്‍ഹാളില്‍ ഇരുന്നുതരുമോ? യുവജനോത്സവങ്ങളില്ലെങ്കില്‍ നാടകം എന്നേ ചവിട്ടു നാടകമോ ഓട്ടന്‍ തുള്ളലോ പോലെ അവസാനിച്ചുപോകുമായിരുന്നു. ടി.വി.യുടെ ഭാഗമായല്ലാതെ ഇക്കാലത്ത് ചലച്ചിത്രത്തിന് സ്വന്തമായെന്ത് നിലനില്പ്?
നവോത്ഥാനം സൃഷ്ടിച്ച ഈ വിനിമയമാധ്യമങ്ങള്‍ മാത്രമല്ല അവ കൈകാര്യം ചെയ്തിരുന്നവരും അവസാനിക്കുക തന്നെയാണ്. നവോത്ഥാന ആധുനികകാല ബുദ്ധിജീവികളെ ആര് ഗൗരവമായെടുക്കുന്നു? ഒരു സാധാരണ എഴുത്തുകാരന്‍റെ അഞ്ഞൂറോ ആയിരമോ പുസ്തകം വിറ്റഴിയാന്‍ മൂന്നുകൊല്ലമെടുക്കുന്ന സമൂഹമാണിത്. എഴുത്തുകാരെ ആര്‍ക്കുവേണം! എഴുത്തുകാരന്‍റെ അഭിപ്രായവും ആര്‍ക്കുവേണം? 'വാചകമേള'കളും 'ന്യൂസ് അവറു'കളും നല്‍കുന്ന ഔദാര്യമില്ലായിരുന്നുവെങ്കില്‍ നമ്മുടെ സാംസ്കാരിക നായകര്‍ക്കെന്നേ സിംഹവാലന്‍ കുരങ്ങുകളുടെ ഗതി സംഭവിക്കുമായിരുന്നു! വയലാര്‍ അവാര്‍ഡോ ജ്ഞാനപീഠം പുരസ്കാരമോ, ബുക്കര്‍ പ്രൈസോ, എന്തിന് നോബല്‍ സമ്മാനം നേടുന്നവര്‍പോലും 'ഏക് ദിന്‍ കാ സുല്‍ത്താന്‍മാര്‍' മാത്രം. സര്‍ക്കാര്‍ ഗൗനിക്കാത്ത, ജനങ്ങളറിയാത്ത, ചാനലുകള്‍ക്കു താല്പര്യമില്ലാത്ത ഒരു സാംസ്കാരിക നായകന്‍/നായിക ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടാലെന്ത്, ഇടപെട്ടില്ലെങ്കിലെന്ത്? അവരെ അവരുടെ ദന്തഗോപുരങ്ങളിലടിയാന്‍ അനുവദിക്കുകയല്ലേ നല്ലത്, അവര്‍ക്കും നമുക്കും?
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ, ആഗോളവല്ക്കരണ കാലത്തെ ബുദ്ധിജീവികള്‍ ആരായിരിക്കും? അവരെങ്ങനെയാണ് രൂപപ്പെടുക? ഒരു കാര്യം നമുക്കാദ്യമേ ഉറപ്പിക്കുക. നവോത്ഥാനകാലത്തെ ബുദ്ധിജീവികളുടെ കേവലാവര്‍ത്തനം നമ്മേയും ഈ ബുദ്ധിജീവികളേയും പരിഹാസ്യരാക്കുകയേയുള്ളു. പഴയ ബുദ്ധിജീവികള്‍ അവസാനിക്കുകയും പുതിയ ബുദ്ധിജീവികള്‍ രൂപപ്പെടാതിരിക്കുകയും ചെയ്യുന്ന ഈ ഇടവേളയില്‍ എല്ലാ മേഖലകളിലും നാം കാണുന്നത് പാരഡികളാണ്. പി.കൃഷ്ണപിള്ള ഇരുന്ന കസേരയില്‍ പിണറായി വിജയനും കുമാരനാശാന്‍ ഇരുന്നിടത്ത് വെള്ളാപ്പള്ളി നടേശനും മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ ഇരുന്ന സ്ഥാനത്ത് രമേശ് ചെന്നിത്തലയും തകഴിയുടെയും ബഷീറിന്‍റെയും കസേരയില്‍ എം.മുകുന്ദനും, ഡോ. എ.ആര്‍. മേനോന്‍ ഇരുന്നിടത്ത് പി.കെ. ശ്രീമതിയും - പാരഡികളുടേയും മിമിക്രികളുടെയും പരേഡല്ലാതെ മറ്റെന്താണ് നാം ഇപ്പോള്‍ പ്രതീക്ഷിക്കേണ്ടത്? ഓരോ കാലത്തിനും ഓരോ സമൂഹത്തിനും അവരവര്‍ഹിക്കുന്ന ബുദ്ധിജീവികളേയും നേതാക്കളേയും കിട്ടുന്നു. നമ്മുടെ ചെറുപ്പക്കാര്‍ അവരുടെ സ്വന്തം ബുദ്ധിജീവികളേയും നേതാക്കളേയും അവരില്‍നിന്നു തന്നെ സൃഷ്ടിച്ചെടുക്കും. ലോകം നമ്മുടേതാണ്, അവരുടേതും. എന്നാല്‍ ആത്യന്തികമായി അവരുടേതാണ് ലോകം. യുവാക്കള്‍ക്ക് അവരുടെ ലോകം വിട്ടുകൊടുക്കുക. അവര്‍ അവരുടെ വിധി നിശ്ചയിക്കട്ടെ. ആരോഗ്യരംഗത്ത് ഡോക്ടര്‍, വിദ്യാഭ്യാസരംഗത്ത് പ്രൊഫസര്‍, കാര്‍ഷികരംഗത്ത് കൃഷിശാസ്ത്രജ്ഞന്‍, ആത്മീയരംഗത്ത് പാതിരി.... ഇങ്ങനെ ഓരോ രംഗത്തുമുണ്ട് പ്രൊഫഷണലുകള്‍.
ഈ പ്രൊഫഷണലുകള്‍ക്ക് അതതു മേഖലകള്‍ അടിയറവെക്കാമോ എന്ന ചോദ്യമുയരുന്ന കാലമാണിത്. ഡോക്ടറേയും ആസ്പത്രിയേയും കേന്ദ്രീകരിച്ചുള്ള ആരോഗ്യ-ചികിത്സാരംഗവും പ്രൊഫസറും സര്‍വ്വകലാശാലയും കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസരംഗവും കൃഷിഭവനേയും കൃഷിശാസ്ത്രജ്ഞനേയും കേന്ദ്രീകരിച്ചുള്ള കാര്‍ഷികരംഗവും പള്ളിയേയും പാതിരിയേയും കേന്ദ്രീകരിച്ചുള്ള ആത്മീയരംഗവും നിശിതമായി വിമര്‍ശിക്കപ്പെടുന്ന കാലം. ചികിത്സയുടെ കേന്ദ്രസ്ഥാനത്ത് രോഗിയേയും വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രസ്ഥാനത്ത് വിദ്യാര്‍ത്ഥിയേയും കൃഷിയുടെ കേന്ദ്രസ്ഥാനത്ത് കൃഷിക്കാരനെയും ആത്മീയതയുടെ കേന്ദ്രസ്ഥാനത്ത് വിശ്വാസിയേയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഇതേപോലെയാണ് രാഷ്ട്രീയക്കാരനും പാര്‍ട്ടി ഓഫീസും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനവും. രാഷ്ട്രീയം എന്തിന് രാഷ്ട്രീയക്കാരന് വിട്ടുകൊടുക്കണം? രാഷ്ട്രീയക്കാരനോട് ഡിക്റ്റേറ്റ് ചെയ്യാന്‍, രാഷ്ട്രീയക്കാരന്‍ കളിക്കുന്ന രാഷ്ട്രീയമെന്തെന്ന് നിശ്ചയിക്കാന്‍ വോട്ടര്‍മാര്‍ക്കാവണം. പുതുതായി രൂപപ്പെടുന്ന സിവില്‍ സമൂഹരാഷ്ട്രീയമതാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്ത് കാര്യം എന്ന് രാഷ്ട്രീയ പ്രൊഫഷണലുകള്‍ പ്രകോപിതരാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കാര്യമെന്നാണ് നാം രാഷ്ട്രീയക്കാരോട് തിരിച്ചു ചോദിക്കുന്നത്.
ബുദ്ധിജീവിതത്തെ സംബന്ധിച്ചും ഇതേപോലെ ചോദിക്കാവുന്നതാണ്. നാം നമ്മുടെ ബൗദ്ധികജീവിതം എന്തിന് ബുദ്ധിജീവികള്‍ക്ക് തീറെഴുതിക്കൊടുക്കണം? നമ്മിലേതാണ്ടെല്ലാവരും ബുദ്ധിജീവികളായിരിക്കേ, അല്ലെങ്കില്‍ ഏതാണ്ടെല്ലാവര്‍ക്കും ബുദ്ധിജീവിതം വികസിപ്പിച്ചെടുക്കുക സാധ്യമാണെന്നിരിക്കേ ഒരു നവകേരളം കെട്ടിപ്പടുക്കുന്ന കാര്യം ബുദ്ധിജീവികളേയും രാഷ്ട്രീയക്കാരേയും ഏല്പിച്ച് നാമെന്തിന് അലസരായിരിക്കണം? അല്ലെങ്കില്‍ അങ്ങനെ അലസരായിരിക്കാമോ? 'മലയാളികളുടെ മാതൃഭൂമി' എന്ന നിലയില്‍ അരനൂറ്റാണ്ടിനു മുമ്പ് സ്വപ്നം കണ്ട കേരളം, ആഗോളവത്ക്കരണത്തിന്‍റെ അധിനിവേശത്തിനു മുമ്പില്‍ നിസ്സഹായമായി കിടക്കുമ്പോള്‍ കേരളത്തെ പുനര്‍നിര്‍വചിക്കാനും പുതിയ കാലത്തിനും ലോകത്തിനുമനുയോജ്യമാംവിധം കെട്ടിപ്പടുക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. പുതിയ കേരളത്തിന്‍റെ സൃഷ്ടി പഴയ കേരളം സൃഷ്ടിക്കുകയും പിന്നീട് തകര്‍ത്തുകളയുകയും ചെയ്തവരെത്തന്നെ ഏല്പിക്കുക വയ്യ. ഒരു യുദ്ധം നടത്തി തോറ്റ ജനറലെ വീണ്ടുമൊരു യുദ്ധമേല്പിക്കാറില്ല.
അതുകൊണ്ട് നമുക്ക് പഴയ ബുദ്ധിജീവികളെ, സാംസ്കാരികനായകരെ മാന്യമായി റിട്ടയര്‍ ചെയ്യാനനുവദിക്കുക. അവരെങ്ങിനെ യുദ്ധം ചെയ്തുവെന്നും തോറ്റു പോയെന്നും ആത്മപരിശോധന നടത്താന്‍ അവര്‍ക്ക് സമയവും സാവകാശവുമനുവദിക്കുക. അവരുടെ ആത്മകഥകള്‍ അവരുടെ തെറ്റുകളാവര്‍ത്തിക്കാതിരിക്കാനെങ്കിലും നമുക്ക് മാര്‍ഗ്ഗദര്‍ശകമാകും. ഇതിന്നിടയില്‍ നാമോരോരുത്തരും നമ്മുടെ ബൗദ്ധിക ജീവിതം വീണ്ടെടുക്കുകയും നമുക്കിടയില്‍നിന്ന് ചെറുപ്പക്കാരായ ജനറല്‍മാരെ പുതിയ യുദ്ധം നയിക്കാന്‍ തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്. പഴയ ബുദ്ധിജീവികളെക്കുറിച്ച് നാമെന്തിന് ചുമ്മാ വേവലാതിപ്പെടണം? അവര്‍ക്ക് രോഗപീഡകളില്ലാത്ത സുഖകരമായ റിട്ടയര്‍മെന്‍റ് ജീവിതം ആശംസിക്കുക മാത്രം. ജയ്ഹിന്ദ്! ജയ് കേരളം!
Featured Posts
bottom of page