top of page

മനസ്സുകള്‍ തുറക്കുമോ?

Dec 1, 2010

4 min read

ഡക
Image : symbolizing harassment on women

("വനിത" എന്ന പ്രസിദ്ധീകരണം 2009 ല്‍ 'വുമണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തത് ഡോ. സുനിത കൃഷ്ണനെയാണ്. ഹൈദരബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന "പ്രജ്വാല" എന്ന പ്രസ്ഥാനത്തിലൂടെ അവര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. പ്രജ്വാല വേശ്യാലയങ്ങളില്‍നിന്നും സ്ത്രീകളെ രക്ഷിക്കുകയും അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഹൈദരബാദില്‍ പ്രജ്വാല നടത്തുന്ന 17 സ്കൂളുകളിലായി ഇത്തരത്തിലുള്ള 5,000 കുട്ടികള്‍ പഠിക്കുന്നു. ഈ പ്രസ്ഥാനം വേശ്യാലയങ്ങളില്‍ നിന്നും മൂവായിരത്തോളം സ്ത്രീകളെ രക്ഷിച്ചിട്ടുണ്ട്. അവരില്‍ 1500 പേരെയും ഡോ. സുനിത നേരിട്ടു രക്ഷിക്കുകയായിരുന്നു. അവരുടെ വാക്കുകള്‍: "എന്‍റെ ജന്മം ദൈവത്തിന്‍റെ കൃപയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു ചെയ്യാനാണ് അവിടുന്ന് എന്നെ ഈ മണ്ണിലേയ്ക്കു കൊണ്ടുവന്നത്. എന്‍റെ ദൗത്യം പൂര്‍ത്തിയാകാത്തിടത്തോളം കാലം ഇവിടെ തുടരാന്‍ അവിടുന്ന് എന്നെ അനുവദിക്കുമെന്നു ഞാന്‍ കരുതുന്നു. എന്ന് ആ ദൗത്യം തീര്‍ന്നെന്ന് ദൈവം തീരുമാനിക്കുന്നുവോ, അന്ന് ഞാന്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യും." www.TED.comല്‍ ഡോ. സുനിത നടത്തിയ പ്രസംഗം...)

ഏറ്റവും മനുഷ്യത്വരഹിതമായ ഒരു മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്; ലോകത്തിലെ തന്നെ സംഘടിതമായ മൂന്നാമത്തെ കുറ്റകൃത്യം. പത്തു ബില്യണ്‍ മുതല്‍മുടക്കുള്ള ഒരു വ്യവസായം. ആധുനിക ലോകത്തെ നീചമായ ഒരടിമത്തത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.

പ്രണിത, ഷാഹീന്‍, അഞ്ജലി എന്നീ മൂന്നു കുഞ്ഞുങ്ങളുടെ കഥ പറയാം. പ്രണിതയുടെ അമ്മ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു. അവള്‍ എച്ച്. ഐ. വി. ബാധിതയായി മാറി. എയ്ഡ്സിന്‍റെ അവസാനനാളുകളില്‍ ലൈംഗികത്തൊഴില്‍ ചെയ്യാന്‍ വയ്യാതായി. മറ്റു വഴികളൊന്നും കാണാതെ, നാലുവയസ്സുള്ള പ്രണിതയെ ഒരു കൂട്ടിക്കൊടുപ്പുകാരനു വിറ്റു. ഞങ്ങള്‍ വിവരമറിഞ്ഞ് അവിടെ എത്തിയപ്പോഴേയ്ക്കും അവള്‍ മൂന്നു പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

ഷാഹീനിന്‍റെ മാതാപിതാക്കളെയോ ജീവിതപശ്ചാത്തലമോ എനിക്കറിയില്ല. അനേകം പുരുഷന്മാരാല്‍ ദുരുപയോഗം ചെയ്യപ്പെട്ട്, ഒരു റെയില്‍വേ ട്രാക്കിലാണ് ഞങ്ങള്‍ അവളെ കണ്ടെടുത്തത്. എത്രപേര്‍ അവളെ ഉപയോഗിച്ചുവെന്നറിയില്ല; പക്ഷേ, അവളുടെ ശാരീരികാവസ്ഥ വളരെ ശോചനീയമായിരുന്നു. വന്‍കുടല്‍ ശരീരത്തിനു വെളിയില്‍ വന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. 32 സ്റ്റിച്ചുകള്‍ വേണ്ടിവന്നു കുടല്‍ പൂര്‍ണ്ണമായി ശരീരത്തിനുള്ളിലാക്കാന്‍. ഇന്നും അവള്‍ ആരാണെന്നോ അവളുടെ മാതാപിതാക്കള്‍ ആരൊക്കെയാണെന്നോ അറിയില്ല; ഒന്നുമാത്രമെ ഞങ്ങള്‍ക്കറിയൂ, നൂറുകണക്കിന് പുരുഷന്മാരാല്‍ അവള്‍ മൃഗീയമായി ഉപയോഗിക്കപ്പെട്ടുവെന്ന്.

അഞ്ജലിയുടെ മദ്യപാനിയായ പിതാവ് അവളെ നീലച്ചിത്ര നിര്‍മ്മാണത്തിനുവേണ്ടി വില്ക്കുകയായിരുന്നു.

മൂന്നും നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിനുവേണ്ടി വില്ക്കപ്പെടുന്നതിന്‍റെ കഥകളാണ് നമ്മള്‍ കണ്ടത്. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടും ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ വില്ക്കപ്പെടുന്നത് (ചിലപ്പോള്‍ ദത്തെടുക്കല്‍ എന്ന പേരില്‍ വാങ്ങപ്പെടുന്നത്) ലൈംഗികചൂഷണത്തിനു വേണ്ടി മാത്രമല്ല, അവയവ വ്യാപാരത്തിനും ബാലവേലയ്ക്കും കുതിരക്കച്ചവടത്തിനുമൊക്കെ വേണ്ടിയാണ്. ലൈംഗികചൂഷണത്തിനു വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഞാന്‍ ജോലി ചെയ്യുന്നതുകൊണ്ട് അവരുടെ കഥകള്‍ മാത്രം പറഞ്ഞുവെന്നേയുള്ളൂ.

ഈ സേവനമേഖലയിലെ എന്‍റെ യാത്രയാരംഭിക്കുന്നത് കൗമാരത്തിലാണ്. എട്ട് പുരുഷന്മാരാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ എനിക്കു പതിനഞ്ച് വയസ്സായിരുന്നു. ആ സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മകളൊന്നും എന്‍റെ മനസ്സില്‍ ഏറെയില്ല, ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത് അതിനോടുള്ള വെറുപ്പു നിറഞ്ഞ ഒരു വിദ്വേഷമാണ്. അതേ, 8 പുരുഷന്മാര്‍ എന്നെ ബലാത്ക്കാരം ചെയ്തു. എന്നാല്‍ ആ സംഭവം ഒരിക്കലും എന്‍റെ ബോധമനസ്സില്‍ ഒരു പരിധിയില്‍ കൂടുതല്‍ അലോസരപ്പെടുത്തിയിട്ടില്ല, ഒരിക്കലും ഞാന്‍ ഇരയാക്കപ്പെട്ടതായി എനിക്കു തോന്നിയിട്ടില്ല. പക്ഷേ, നാല്പതു വയസ്സായ എന്‍റെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്നത് അടങ്ങാത്ത വിദ്വേഷമാണ്. ഈ സംഭവത്തിനുശേഷം രണ്ടു വര്‍ഷത്തോളം ഞാന്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തപ്പെട്ടു, അവജ്ഞയോടെ നോക്കപ്പെട്ടു, ഞാന്‍ ദുരുപയോഗിക്കപ്പെട്ടു എന്നതിന്‍റെ പേരില്‍ മാത്രം. ഇതാണ് ഇരയാക്കപ്പെടുന്ന ഓരോ പെണ്‍കുഞ്ഞിനോടും നമ്മള്‍ ചെയ്യുന്നത്. ഇരയാക്കപ്പെട്ടവളെ വീണ്ടും ഇരയാക്കുന്ന നമ്മുടെ പൊതുസമൂഹം...!

എന്‍റെ പതിനഞ്ചാം വയസ്സ് മുതല്‍ ചുറ്റുംനോക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു കാണാന്‍ കഴിഞ്ഞത് ലൈംഗികചൂഷണത്തിനും അടിമത്തത്തിനും വേണ്ടി വില്ക്കപ്പെട്ട നൂറുകണക്കിന്, ആയിരക്കണക്കിന് സ്ത്രീകളേയും കുഞ്ഞുങ്ങളേയുമാണ്. അവര്‍ ചൂഷണം ചെയ്യപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുകയും വ്യഭിചാരവൃത്തിയില്‍ തുടരുകയും ചെയ്യുന്നതാവട്ടെ അവര്‍ക്കു മുന്നില്‍ ഇനി മറ്റൊരു ജീവിതവഴിയില്ല എന്നതുകൊണ്ടു മാത്രം; അല്ലെങ്കില്‍, മറ്റൊരു വഴി തേടാന്‍ നാം അവരെ അനുവദിക്കുന്നില്ല എന്നതുകൊണ്ടുതന്നെ.

എവിടെയാണ് ഇവരുടെ യാത്ര ആരംഭിച്ചത്? അവരില്‍ മിക്കവരും വരുന്നതു മറ്റൊരു തെരഞ്ഞെടുപ്പിനു സാധ്യതയില്ലാത്ത വളരെ ദരിദ്രമായ കുടുംബസാഹചര്യങ്ങളില്‍ നിന്നുമാണ്. മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍നിന്നും ലൈംഗികചൂഷണത്തിന്‍റെ കെണിയില്‍ വീണുപോകുന്നവരുണ്ട്. ഇന്‍റര്‍നെറ്റ് ചാറ്റിങ്ങിലൂടെ സിനിമാതാരമാക്കി മാറ്റാമെന്ന വാഗ്ദാനം വിശ്വസിച്ച് പതിനാലാംവയസ്സില്‍ വീട്ടില്‍നിന്ന് ഒളിച്ചോടിപ്പോയി ലൈംഗിക മാഫിയയുടെ കെണിയില്‍ കുടുങ്ങിപ്പോയ ഒരു ഐ. എ. എസ് ഓഫീസറുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളെ എനിക്കറിയാം. ഇങ്ങനെ നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍നിന്നു വരുന്ന നൂറുകണക്കിന് കുട്ടികളെ എനിക്കറിയാം. ഇവരൊക്കെ വഞ്ചിക്കപ്പെട്ട് ലൈംഗികചൂഷണത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടവരും 99.9% പേരും ചെറുത്തുനില്ക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടവരുമാണ്. ചെറുത്തുനില്ക്കാന്‍ ശ്രമിച്ചവരില്‍ കുറച്ചുപേരെങ്കിലും അതിനു വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അവരുടെയൊക്കെ മൃതശരീരങ്ങള്‍ കടല്‍ത്തീരത്തും കുറ്റിക്കാട്ടിലുമൊക്കെയാണ് പിന്നീട് കാണപ്പെട്ടിട്ടുള്ളത്. അവരൊക്കെ പേരില്ലാത്ത, ശബ്ദമില്ലാത്ത അനാഥപ്രേതങ്ങളാണ്.

ഈ ജീവിതശൈലിയോട് അനുരൂപപ്പെടുന്നവരാകട്ടെ അനുദിനം ശാരീരിക പീഡനത്തിലൂടെ കടന്നുപോകുന്നു. കാരണം അവരുടെയടുക്കല്‍ വരുന്ന പുരുഷന്മാര്‍ അവരോടുള്ള സ്നേഹംകൊണ്ട് വരുന്നവരോ, അവരോടൊപ്പം ഒരു കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരോ അല്ല. ഈ പുരുഷന്മാര്‍ അവരെ ഒരു മണിക്കൂറിനോ, ഒരു ദിവസത്തേയ്ക്കോ ഉപയോഗിക്കാന്‍ പണത്തിനു വാങ്ങിച്ച,് ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുന്നവരാണ്. ഞാന്‍ രക്ഷിച്ചിട്ടുള്ള ഓരോ പെണ്‍കുട്ടിക്കും (3200-ല്‍ പരം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ എനിക്കായിട്ടുണ്ട്) പറയാനുള്ളത് ഇത്തരം കഥകളാണ്:

ഒരു പെണ്‍കുട്ടി അവളുടെ അടുത്തുവരുന്ന ഒരു പുരുഷന്‍ അവളുടെ യോനിയില്‍ മുളകുപൊടി ഇടുന്ന കഥ പറഞ്ഞിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടി ഒരു പുരുഷന്‍ അവളുടെ ശരീരത്തില്‍ സിഗരറ്റുകൊണ്ടു കുത്തി പൊള്ളിക്കുന്ന കഥ പറഞ്ഞിട്ടുണ്ട്. വേറൊരു കുട്ടി ഒരുവന്‍ അവളെ അടിക്കുന്ന സംഭവം വിവരിച്ചിട്ടുണ്ട്. നാം ജീവിക്കുന്നത് ഈ പുരുഷന്മാരുടെ ഇടയിലാണ്; അവര്‍ നമ്മുടെ അപ്പന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ഒക്കെയായിരിക്കാം. അതുകൊണ്ടു തന്നെ നാം അവരെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു.

ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത് അവരത് ഇഷ്ടപ്പെടുകയും പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി കാണുകയും ചെയ്യുന്നുവെന്നാണ്. എന്നാല്‍, ഇവര്‍ക്കു കിട്ടുന്ന മിച്ചധനമോ, പലതരം ലൈംഗികരോഗങ്ങളും എയ്ഡ്സ്പോലുള്ള മാരകരോഗങ്ങളും ലഹരിമരുന്നുകളുടെ അടിമത്തവുമാണ്. അവള്‍ എന്നിലും നിങ്ങളിലുമൊന്നും പ്രതീക്ഷയര്‍പ്പിക്കുന്നില്ല, കാരണം അവളില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുകയല്ലാതെ അവള്‍ക്കുവേണ്ടി നമുക്ക് ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഈ ചൂഷണവുമായി അവള്‍ സന്ധിയിലാവുന്നു. അവള്‍ സ്വയം വിശ്വസിക്കാന്‍ തുടങ്ങുന്നു, 'ഇതെന്‍റെ വിധിയാണ്, ഒരു ദിവസം നൂറ് പുരുഷന്മാരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് സാധാരണമാണ്, എവിടെയെങ്കിലും ഒരു കിടപ്പാടം കിട്ടുകയെന്നാല്‍ അത് അസാധാരണവും അസാദ്ധ്യവുമാണ്...'

ഇവരുടെയിടയിലാണ് ഞാന്‍ സേവനം ചെയ്യുന്നത്. മൂന്നു വയസ്സുള്ള കുഞ്ഞുങ്ങളെ മുതല്‍ നാല്പതുവയസ്സുള്ള സ്ത്രീകളെ വരെ ഞാന്‍ രക്ഷിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോലി ആരംഭിക്കുമ്പോള്‍ എവിടെ തുടങ്ങണമെന്ന് എനിക്കു യാതൊരു വ്യക്തതയുമില്ലായിരുന്നു - കാരണം അവരില്‍ മൂന്നിലൊരാള്‍ എന്ന നിരക്കില്‍ എച്ച്. ഐ. വി. ബാധിതരായിരുന്നു. എന്‍റെ ഏറ്റവും വലിയ വെല്ലുവിളി എങ്ങനെ അവരെ ഈ രോഗത്തെക്കുറിച്ചുള്ള ആകുലതയില്‍നിന്നും വേദനയില്‍നിന്നും രക്ഷിക്കാം എന്നതായിരുന്നു. ഇവിടെ എന്‍റെതന്നെ അനുഭവമായിരുന്നു ഇവരോടുള്ള ആശ്വാസവാക്കുകളായി മാറിയത്. അവരുടെ കയ്പ്പുനിറഞ്ഞ പഴയ അനുഭവങ്ങളില്‍നിന്ന് കരകയറാനുള്ള ഊര്‍ജ്ജം അവരുടെതന്നെ ഉള്ളിലുണ്ടെന്നു പറയാന്‍ എന്‍റേതന്നെ പഴയ ജീവിതാനുഭവം തുണയായി. ഞാനനുഭവിച്ച വേദനയും ഒറ്റപ്പെടുത്തപ്പെടലും തന്നെയായിരുന്നു എന്‍റെ ജീവിതപാഠങ്ങള്‍. ഞാന്‍ രക്ഷിച്ച ഈ കുട്ടികള്‍ക്കുള്ളിലെ സാധ്യതകളെ കണ്ടെത്താന്‍, അവരെ പ്രേരിപ്പിക്കാന്‍ അവ എന്നെ സഹായിച്ചു.

നിങ്ങളിവിടെ വെല്‍ഡര്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കാണുന്നു. ഈ കുട്ടി ഹൈദ്രാബാദിലെ ഒരു ഫര്‍ണിച്ചര്‍ കടയിലാണ് ജോലിചെയ്യുന്നത്. ഒരു മാസം ഈ കുട്ടി 12,000 രൂപയോളം സമ്പാദിക്കുന്നു. ഇവള്‍ വെല്‍ഡര്‍ ജോലിയില്‍ പരിശീലിപ്പിക്കപ്പെട്ട നിരക്ഷരയായ പെണ്‍കുട്ടിയാണ്. എന്തുകൊണ്ട് വെല്‍ഡിങ്, എന്തുകൊണ്ട് കമ്പ്യൂട്ടര്‍ പഠിപ്പിച്ചില്ല?! കാരണം ഞങ്ങള്‍ക്കു തോന്നി ഈ പെണ്‍കുഞ്ഞുങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഗുണം അപാരമായ ധൈര്യമാണ്. അവരുടെ മനസ്സില്‍നിന്ന് അവരെ അടക്കിയൊതുക്കി നിര്‍ത്തിയിരുന്ന പര്‍ദ്ദകളും തുണിയുടെ പൊതിഞ്ഞു കെട്ടലുകളും നേരത്തെതന്നെ മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു. അതുകൊണ്ട് ഒരു പുരുഷമേല്‍ക്കോയ്മയുടെ ലോകത്ത് ലജ്ജിക്കാതെ തലയുയര്‍ത്തി നടക്കാന്‍ അവര്‍ക്കാവുന്നു. ഞങ്ങള്‍ പെണ്‍കുട്ടികളെ ആശാരിപ്പണികളില്‍, ഡ്രൈവിങ്ങില്‍, സെക്യൂരിറ്റിപ്പണികളില്‍ ഒക്കെ പരിശീലിപ്പിച്ചിട്ടുണ്ട്. അവരെല്ലാം അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന തൊഴില്‍മേഖലയില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആത്മധൈര്യത്തോടെ, ആത്മാഭിമാനത്തോടെ അവര്‍ സ്വയം വീടുകളുണ്ടാക്കുന്നു.

എന്തായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളി? എന്‍റെ വെല്ലുവിളി എന്നെ തല്ലിച്ചതച്ച ലൈംഗികത്തൊഴിലാളികളുടെ കൂട്ടിക്കൊടുപ്പുകാരായിരുന്നില്ല. (പതിനാല് പ്രാവശ്യമെങ്കിലും അവരെന്നെ തല്ലിച്ചതച്ചിട്ടുണ്ട്. ഇപ്പോഴെന്‍റെ വലതുചെവിക്ക് കേള്‍വി ശക്തിയില്ല... എന്‍റെ ഒരു സഹപ്രവര്‍ത്തക അവരാല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്). എന്‍റെ ഏറ്റവും വലിയ വെല്ലുവിളി ഈ പൊതുസമൂഹമാണ്. നിങ്ങളും ഞാനുമാണ്. ഈ ഇരകളാക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളെ സമൂഹത്തിന്‍റെ ഭാഗമായി സ്വീകരിക്കാനുള്ള നമ്മുടെ മനസ്സിന്‍റെ വേലിക്കെട്ടുകളാണ്.

എന്‍റെ വളരെ അടുത്ത സുഹൃത്തും ഉപകാരിയുമായ ഒരാള്‍. എനിക്ക് എല്ലാ മാസവും 2000 രൂപ പച്ചക്കറി വാങ്ങാന്‍ തരുന്നയൊരാള്‍. ഒരിക്കല്‍ അവരുടെ അമ്മ രോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ എന്നോടു പറഞ്ഞു: "സുനിതാ, താങ്കള്‍ക്ക് ഒത്തിരി ബന്ധങ്ങളുണ്ടല്ലോ. ആരെയെങ്കിലും എന്‍റെ വീട്ടില്‍ ജോലിക്കായി ഒന്നന്വേഷിച്ച് തരാമോ?" അല്പനേരത്തെ ഇടവേളയ്ക്കു ശേഷം അവള്‍ പറഞ്ഞു: "നമ്മുടെ കുട്ടികളെ ആരെയും വേണ്ട കേട്ടോ..."

മനുഷ്യക്കടത്തിനെക്കുറിച്ച് ഈ മനോഹരമായ ഏ. സി റൂമിലിരുന്ന് കേള്‍ക്കാനും സംസാരിക്കാനും വളരെ എളുപ്പമുള്ള ഒരു കാര്യമാണ്. ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും വാചാലമായി പ്രസംഗിക്കാനും സിനിമകള്‍ നിര്‍മ്മിക്കാനും ഒക്കെ എളുപ്പമാണ്. പക്ഷേ അവരെ നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരികയെന്നത്, അത്ര നല്ല കാര്യമല്ല. നമ്മുടെ ജോലിസ്ഥാപനങ്ങളിലും കമ്പനികളിലും അവര്‍ക്കു ജോലി കൊടുക്കുകയെന്നത് അത്ര സന്തോഷകരമായ കാര്യമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ അവരുടെ കുഞ്ഞുങ്ങളോടൊപ്പം പഠിക്കുന്നത് നല്ല കാര്യമല്ല.

അവിടെ എല്ലാം അവസാനിക്കുന്നു. അതാണ് എന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ഞാനിന്ന് ഇവിടെയായിരിക്കുന്നത് സുനിതയായിട്ട് മാത്രമല്ല, ഈ പെണ്‍കുട്ടികളുടെയെല്ലാം ശബ്ദമായിട്ടാണ്. അവര്‍ക്ക് നിങ്ങളുടെ കാരുണ്യവും സഹാനുഭൂതിയും സ്വീകരണവും ആവശ്യമുണ്ട്.

ഞാന്‍ ആളുകളോടു സംസാരിക്കുമ്പോള്‍ എപ്പോഴും ആവശ്യപ്പെടാറുള്ള ഒരു കാര്യമുണ്ട്: ഈ പ്രശ്നത്തോട് പ്രതികരിക്കാനുള്ള നൂറുകൂട്ടം തടസ്സങ്ങളെക്കുറിച്ച് നിങ്ങള്‍ എന്നോടു പറയാതിരിക്കുക, ഈ പ്രശ്നത്തോട് പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു വഴിയെക്കുറിച്ചെങ്കിലും എന്നോടു പറയാമോ?

എന്‍റെ ഈ സംരംഭത്തില്‍ നിങ്ങളുടെ പിന്‍തുണ ചോദിക്കാനും ആവശ്യപ്പെടാനുമാണ് ഞാനിന്ന് ഇവിടെ നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത്. നിങ്ങളുടെ നിശ്ശബ്ദതയുടെ സംസ്കാരത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവുമോ? ഈ കഥ രണ്ടു പേരോടെങ്കിലും നിങ്ങള്‍ക്കു പറയാമോ? മറ്റ് രണ്ടുപേരോടുകൂടി പറയാന്‍ അവരെ ബോധ്യപ്പെടുത്താമോ? മഹാത്മാഗാന്ധിയോ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗോ, മേധാ പാട്കറോ ആകാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല... ഒരു കാര്യം മാത്രമെ ഞാന്‍ നിങ്ങളോടു ചോദിക്കുന്നുള്ളൂ: നിങ്ങളുടെ വളരെ ചുരുങ്ങിയ ജീവിതപശ്ചാത്തലത്തില്‍ നിങ്ങളുടെ മനസ്സുകളും വീടിന്‍റെ വാതിലുകളും ഇവര്‍ക്കായി തുറക്കാമോ...?


(പരിഭാഷ: ജിജോ കുര്യന്‍)



ഡോ. സുനിത കൃഷ്ണന്‍ (പരിഭാഷ: ജിജോ കുര്യന്‍)

Featured Posts

bottom of page