top of page

കുറ്റബോധത്തോടെ

Aug 1, 2024

2 min read

ഡോ. റോയി തോമസ്
Rescue workers are in search for Mr. Joy
Rescue workers are in search for Mr. Joy

കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രവാഹത്തില്‍ അകപ്പെട്ട് മരണമടഞ്ഞ ജോയിയുടെ ചിത്രം നമ്മെ വേദനിപ്പിച്ചു. നമ്മുടെ മാലിന്യങ്ങളിലാണ് അയാള്‍ മുങ്ങിമരിച്ചത്. നാം വലിച്ചെറിയുന്ന മാലിന്യം എത്ര മനുഷ്യര്‍ക്ക്, ജീവജാതികള്‍ക്ക് വിനയാകുന്നുവെന്ന് ആരും ആലോചിക്കുന്നില്ല. മാന്‍ഹോളില്‍ പോയി മരണമടയുന്ന ആദ്യത്തെ ആളല്ല ജോയി. ഇനിയും ഇതാവര്‍ത്തിക്കുമെന്ന് നമ്മുടെ നാട്ടിലെ ആചാരങ്ങള്‍ അറിയുന്നവര്‍ പറയുന്നുണ്ട്. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നവര്‍ സ്വന്തം മാലിന്യവും പ്ലാസ്റ്റിക് കൂട്ടിലാക്കി വാഹനത്തില്‍ സഞ്ചാരത്തിനിറങ്ങുന്നത് നാം കാണുന്നു. ഒരുകോടിയുടെ കാറില്‍ സഞ്ചരിക്കുന്നവന്‍ മാലിന്യം നിറച്ച കൂട് നദിയിലേക്കിടുന്ന ദൃശ്യങ്ങള്‍ ധാരാളം. അയാള്‍ പരിഷ്കാരിയാണ്; എന്നാല്‍ സാംസ്കാരമുള്ളവനല്ല. നമ്മുടെ നാട് പരിഷ്കാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. യഥാര്‍ത്ഥ സംസ്കാരത്തില്‍ നിന്ന് വളരെ അകലെയാണ് നാം നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഖേദപൂര്‍വ്വം സമ്മതിക്കേണ്ടി വരും.

വര്‍ഷങ്ങള്‍ക്കു മുമ്പാണ് മധു എന്ന ആദിവാസി യുവാവിനെ പത്തിലധികമാളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. കൈകള്‍ തുണികൊണ്ടു ബന്ധിച്ചു നില്‍ക്കുന്ന മധുവിന്‍റെ ചിത്രം ഇപ്പോഴും നമ്മെ അലട്ടുന്നുണ്ട്. ആ ഗണത്തില്‍ ഒരാള്‍ക്കൂടി ജോയിയുടെ രൂപത്തില്‍ കടന്നുവന്നിരിക്കുന്നു. മനുഷ്യമാലിന്യം വൃത്തിയാക്കുന്ന ലക്ഷക്കണക്കിനാളുകളുള്ള നാടാണ് ഇന്ത്യയെന്നു നാം മറക്കരുത്. ദിവ്യഭാരതിയുടെ കക്കൂസ് എന്ന ഡോക്യമെന്‍ററി ഛര്‍ദിക്കാതെ കാണാനാവുമോ എന്ന ചോദ്യം പ്രസക്തമാണ്. വികസനത്തിന്‍റെ വായ്ത്താരികള്‍ക്കു പഞ്ഞമൊന്നുമില്ല. അരികുവല്‍ക്കരിക്കപ്പെട്ട ജനത ഇന്നും മാലിന്യത്തിലാണ് ജീവിക്കുന്നത്. മതിലുകെട്ടി, പടുത നിവര്‍ത്തി മറയ്ക്കുന്ന സത്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഒട്ടും അഹങ്കരിക്കാനോ അഭിമാനിക്കാനോ ഇല്ലാത്ത അവസ്ഥയിലാണ് നാമെത്തിച്ചേര്‍ന്നിരിക്കുന്നത്. അടിസ്ഥാനപരമായ പലകാര്യത്തിലും നാം പിന്നിലാണ് എന്ന യാഥാര്‍ത്ഥ്യം കുറ്റബോധത്തോടെ സമ്മതിക്കേണ്ടിവരും. മധുവിനെയും ജോയിയെയും ഒക്കെ മരണത്തിലേക്കു തള്ളിവിടുന്നത് മറ്റാരുമല്ല എന്ന തിരിച്ചറിവാണുണ്ടാവേണ്ടത്.

എല്ലാം അധികാരികളെ ഏല്പിച്ച് പിലാത്തോസിനെപ്പോലെ കൈകഴുകുന്നവരാണ് നാം. നമ്മുടെ അവകാശങ്ങളോടൊപ്പം കര്‍ത്തവ്യങ്ങളുമുണ്ട് എന്ന സത്യം നാം ഓര്‍ക്കാറില്ല. നമുക്കും സാമൂഹ്യമായ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട് എന്നറിയുക. നമ്മുടെ മാലിന്യങ്ങള്‍ മറ്റുള്ളവരുടെ തലയിലേക്കൊഴുക്കിവിടുന്ന പരിഷ്ക്കാരമാണ് നാം കൈവരിച്ചിരിക്കുന്നതെങ്കില്‍ ഇനിയും എന്തെല്ലാം ആവര്‍ത്തിക്കാനിരിക്കുന്നു! പകര്‍ച്ചവ്യാധികളായി അപകടങ്ങളായി നമ്മെ വിഴുങ്ങാന്‍ പലതും കാത്തിരിക്കുന്നു. നമ്മെ കുടുക്കിയിടുന്ന ഉപഭോഗസംസ്കാരത്തിന്‍റെ വേലിയേറ്റത്തില്‍ വലിച്ചെറിയല്‍ സംസ്കാരം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുന്നു. ദരിദ്രന്‍റെ ജീവിതത്തിന് വോട്ടിനപ്പുറം വില ആരും കൊടുക്കുന്നില്ല. നമുക്കുവേണ്ടി ആരെല്ലാമോ മാലിന്യത്തില്‍ ഇറങ്ങും, ഇറങ്ങണം എന്ന് നാം കരുതുന്നു. ഓരോ അപകടമരണത്തിലും സമൂഹത്തിലെ ഓരോരുത്തര്‍ക്കും പങ്കുണ്ട് എന്ന വസ്തുത പരിഗണിക്കേണ്ടതാണ്. നാം കെട്ടിയുയര്‍ത്തിയിരിക്കുന്ന ഈ ലോകം പലരുടെയും ചോരയിലും ജീവനിലുമാണ് എന്നറിയണം.

നാം ചിലതെല്ലാം തിരുത്തേണ്ടതുണ്ട് എന്ന ബോധ്യമാണ് ഇത്തരം അപകടങ്ങള്‍ നമ്മളിലുണ്ടാക്കേണ്ടത്. കുറ്റബോധമില്ലാത്ത സമൂഹം ഒന്നും തിരുത്തില്ല. നമ്മുടെ ഉത്തരവാദിത്വം നാം നിറവേറ്റേണ്ടതുണ്ട്. സമൂഹജീവിയെന്ന പദവി മനുഷ്യന്‍ വീണ്ടെടുത്തേ മതിയാകൂ. ആരും ദ്വീപുകളായി ജീവിക്കുന്നില്ലല്ലോ. ജോയിയും മധുവുമെല്ലാം നമുക്കിടയില്‍ ഇനിയുമുണ്ട്. അവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. നമ്മുടെ അഹന്തയുടെ തേരോട്ടത്തില്‍, അവഗണനയില്‍ കടപുഴകിവീഴുന്ന ജീവിതങ്ങളെ ചേര്‍ത്തു നിര്‍ത്താത്ത സമൂഹം ഒട്ടും വളര്‍ന്നിട്ടില്ല.

കോലാഹലങ്ങള്‍ക്കിടയില്‍ നമ്മളാരും ഉള്ളിലേക്കു നോക്കാറില്ല. ആത്മാവില്ലാത്ത മനുഷ്യക്കോലങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുകയാണോ നാം എന്ന സംശയം പ്രസക്തമാണ്. നിര്‍മ്മിതബുദ്ധിയുടെ കാലത്ത് വികാരരഹിതജീവിതം നയിക്കാന്‍ ഒരുങ്ങുന്ന നാം മനുഷ്യത്വത്തില്‍ നിന്ന് വീണുപോകുന്നു. അപ്പോഴും കവിവാക്യം ഓര്‍മ്മയില്‍ ഉണ്ടാവണം:

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!"

നമ്മള്‍ നമ്മളായത് പലരുടെയും ബലിതര്‍പ്പണത്തിലൂടെയാണ് എന്നോര്‍ക്കുക.

Featured Posts

Recent Posts

bottom of page