top of page

നമ്മുടെ സ്വന്തം പേരിലുള്ള ഒരു കത്ത് കൈയില്‍ കിട്ടുമ്പോള്‍ അത് പൊട്ടിച്ച് വായിച്ച്, എന്ന് സ്വന്തം എന്നെഴുതി അടിയില്‍ പ്രിയപ്പെട്ടൊരാളുടെ പേരു കാണുമ്പോഴുള്ള സന്തോഷം "ന്‍റെ സാറേ..." അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല; അനുഭവിച്ചറിയുക തന്നെ വേണം. തീരെ ചെറുപ്പത്തില്‍ ആര്‍ക്കെങ്കിലും കത്തെഴുതാന്‍ പറഞ്ഞാല്‍ വലിയ മടിയായിരുന്നു. എന്നാല്‍ സ്വന്തം പേരില്‍ കത്തുവരാന്‍ പ്രായമായപ്പോള്‍, കത്തെഴുതുന്നതിന്‍റെയും ഒരു കത്ത് കൈയില്‍ കിട്ടുമ്പോഴുള്ള ആകാംക്ഷയും, പൊട്ടിച്ച് വീണ്ടും വീണ്ടും വായിച്ച് പിന്നെ വായിക്കാനായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമ്പോഴുള്ള അനുഭൂതി, അത് അനുഭവിക്കുക തന്നെ വേണം.
പടി കടന്നെത്തുന്ന പോസ്റ്റ്മാന്‍ ആദ്യമായി തന്‍റെ പേരുവിളിച്ച് കത്തുണ്ട് എന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് അന്ധാളിച്ചു. കേട്ടത് എന്‍റെ പേരുതന്നെയോ. പിന്നെ ഓടിച്ചെന്ന് കൈനീട്ടി അതു വാങ്ങി. തന്‍റെ പേരും വിലാസവും ഭംഗിയായി എഴുതിയിരുക്കുന്നു. ഞാനും ആരൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു എന്നൊരു തോന്നല്‍. കത്തിന്‍റെ ഉള്ളടക്കം നോക്കുന്നതിലും കൗതുകം പൊട്ടിക്കാത്ത കത്തിലെ തന്‍റെ അഡ്രസും കത്തിന്‍റെ പുറത്തെ മറ്റ് സീലുകളും കാര്യങ്ങളും കാണുന്നതായിരുന്നു. പിന്നെ മുതല്‍ വീടിന്‍റെ ഉമ്മറത്തേയ്ക്ക് എപ്പോഴും ഒരു ശ്രദ്ധ ഉണ്ടാകും... വെയിലത്ത് വിയര്‍ത്തുകുളിച്ച് നരച്ച കുടയും ചൂടി കാക്കിയുടുപ്പിട്ടു വരുന്ന പോസ്റ്റ്മാന്‍ തന്‍റെ പേരു വിളിക്കുന്നുണ്ടോ എന്നൊരു കാതോര്‍ക്കല്‍... ഇടവഴിയിറമ്പില്‍ ചെന്നുനിന്ന,് ഇന്നെനിക്ക് കത്തുണ്ടോ എന്നു ചോദിക്കാന്‍ എന്തൊരു ഉത്സാഹമായിരുന്നു. മറുപടി കത്തെഴുതുമ്പോള്‍ എന്തൊരു കരുതലായിരുന്നു. കത്ത് മടക്കുന്നതിലും ഒട്ടിക്കുന്നതിലും പിന്നെ മേല്‍വിലാസമെഴുതുമ്പോഴും എന്തൊരു ശ്രദ്ധയായിരുന്നു. ഒന്നും തെറ്റരുതല്ലോ. ഒത്തിരിയിടത്ത് യാത്രചെയ്ത്, ഒത്തിരിപ്പേരുടെ കൈകളില്‍കൂടി കയറിയിറങ്ങി അവിടെത്തന്നെ എത്തണമല്ലോ. കത്ത് എഴുത്തുപെട്ടിയിലിട്ടുകഴിഞ്ഞാലും സംശയം തീരില്ല, വിലാസത്തില്‍ പിഴവു പറ്റിയോ, അകത്തെഴുതിയ കാര്യങ്ങളൊക്കെ വായിച്ചെടുക്കാന്‍ പറ്റുമോ... റ്റു(To) എഴുതിണ്ടിടത്തെങ്ങാനുമാണോ ഫ്രം(From) എഴുതിയത്. കത്തുകിട്ടിയെന്ന് വീണ്ടുമൊരു കത്ത് കിട്ടും വരെ ഇങ്ങനെ തലതിരിഞ്ഞ സംശയങ്ങള്‍ കുത്തികുത്തി നോവിക്കും.
എത്രയൊക്കെ ലോകം വികസിച്ചാലും ആശയവിനിമയം ഇപ്പോഴും വാക്കുകളിലൂടെയാണ്. പണ്ടു കാലത്ത് കത്തുകളിലൂടെയും ഇപ്പോള്‍ വാട്ട്സ് ആപ്പ് തുടങ്ങിയ നൂതന സങ്കേതങ്ങളിലൂടെയും എഴുതപ്പെട്ട വാക്കുകള്‍ ഒരുവന്‍റെ ഉള്ളിലെ വികാരവിചാരങ്ങളെ, അനുഭവങ്ങളെ സംവേദനം ചെയ്യുന്നു. എഴുത്തുകളിലൂടെ (എഴുതപ്പെട്ട വാക്കുകളിലൂടെ)ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തെ തീര്‍ച്ചയായും തൊടുന്നുണ്ട്. ഫോണിലായാലും പേപ്പറിലായാലും ഒരുവന്‍ എഴുതുവാന്‍ ശ്രമിക്കുന്നത് മറ്റൊരാളുടെ ഹൃദയത്തിലാണല്ലോ. ഇത്രയേറെ പ്രീകോള്‍സ് ഉണ്ടായിട്ടും ടെക്സ്റ്റ് മെസേജുകള്‍ക്കു പ്രിയം അതുകൊണ്ടാണെന്ന് എനിക്കു തോന്നുന്നു.
എന്തൊക്കെയാണെങ്കിലും കത്തുകള്‍ക്കിന്നും ഡിമാന്‍റൊക്കെയുണ്ട്. ക്രിസ്മസിന് ഒരു കത്ത് കിട്ടിയില്ലെങ്കില്‍ മോന്‍ അയച്ചില്ലായിരുന്നോ എന്ന് അമ്മ ഇപ്പോഴും തിരക്കാറുണ്ട്. ആരു കത്തയച്ചാലും മറക്കാതെ മറുപടി എഴുതുമായിരുന്ന റെജിസ് അച്ചന്‍റെ കത്തുകള്‍ എന്‍റെ ശേഖരത്തിലുണ്ട്. കത്തുകളുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ പേറുന്ന ഒരുപാടു പേരുണ്ട്. അവരത് പുതുതലമുറയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്നുണ്ട്. പയസ് പൊട്ടംകുളം എന്ന കോട്ടയംകാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡോക്യുമെന്‍ററി അത്തരത്തിലൊന്നാണ്. 13 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ചെമന്ന പെട്ടി' തപാലിന്‍റെ ചരിത്രം പറഞ്ഞുതുടങ്ങി, ഇന്നത്തെ തപാല്‍വകുപ്പിന്‍റെ അവസ്ഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 27 വര്‍ഷമായി തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരി വി. പി. സീതാമണിയുടെയും അവര്‍ ജോലി ചെയ്യുന്ന ആലപ്പുഴജില്ലയിലെ വേമ്പനാട്ടുകായല്‍ പോസ്റ്റോഫീസിന്‍റെയും കഥയിലൂടെ തപാല്‍ ഓഫീസ് ജീവനക്കാരുടെ ഇന്നത്തെ അവസ്ഥ ചെമന്നപെട്ടി നമുക്കു മുന്നില്‍ തുറന്നുവയ്ക്കുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ഹ്രസ്വചിത്രം മികച്ച അവതരണത്തിലൂടെയും ഛായാഗ്രഹണത്തിലൂടെയും പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയതാണ്. തികച്ചും വിസ്മരിക്കപ്പെടാമായിരുന്ന കത്ത് എന്ന നന്മയെ തിരികെപ്പിടിക്കാന്‍ സംവിധായകന്‍ നടത്തിയ ശ്രമങ്ങളൊക്കെയും അഭിനന്ദനാര്‍ഹമാണ്.
ഒരുപാടു സന്തോഷങ്ങളും സങ്കടങ്ങളും കൈമാറിയ ചെമന്ന തപാല്‍ പെട്ടി പക്ഷേ, അത്ര പഴഞ്ചനൊന്നുമല്ല. ന്യൂജെന്‍ ആള്‍ക്കാരും അറിഞ്ഞോ അറിയാതെയോ തപാലിനെ ആശ്രയിക്കുന്നുണ്ട്.
കത്തെഴുതുന്ന, കാര്‍ഡയയ്ക്കുന്ന പുതുതലമുറ ഒരു പ്രതീക്ഷയാണ്. കത്തയയ്ക്കുകയും മറുപടിക്കു കാത്തിരിക്കുകയും കത്തു കിട്ടി അതു പൊട്ടിച്ചുവായിക്കുന്ന സന്തോഷം അനുഭവിച്ചറിയുകയും തന്നെ വേണം. ആര്‍ക്കെങ്കിലും കത്തയച്ചിട്ടുണ്ടോ? ഒരു കത്തെങ്കിലും സ്വന്തം മേല്‍വിലാസത്തില്‍ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു പരിശ്രമിച്ചാലോ? ഈ ക്രിസ്മസ് കാലത്ത് പ്രിയപ്പെട്ടവര്‍ക്ക ഒരു സര്‍പ്രൈസ് സമ്മാനമായി ഒരു കത്തോ കാര്‍ഡോ അയച്ചാലോ? പ്രിയമുള്ള ഒരാള്‍ അതു പൊട്ടിച്ചുവായിച്ച്, മാറോടു ചേര്‍ത്തുപിടിക്കുന്നത് ഒന്നു ഭാവനയില്‍ കണ്ടേ. അങ്ങനെ സ്നേഹപൂര്‍വ്വം അവരുടെ നെഞ്ചില്‍ തൊടാന്‍ കഴിഞ്ഞാല്‍! സുഹൃത്തുക്കള്‍ക്കു മാത്രമല്ല, ഇത്തിരി പിണക്കമുള്ളവര്‍ക്കും ഒരെണ്ണം. ആരെങ്കിലുമൊക്കെ മറുപടി അയക്കുമെന്നേ. അല്ലെങ്കില്‍ത്തന്നെ സ്നേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ സ്നേഹിക്കുന്നത്. അപ്പോള്‍ ഒന്ന് പരിശ്രമിച്ചാലോ? ഒരു സര്‍പ്രൈസ് ആയിക്കോട്ടെ.
എന്ന്
സ്വന്തം
Featured Posts
Recent Posts
bottom of page