top of page

അടഞ്ഞ വാതിലുകള്‍ക്ക് മുന്നില്‍ ഓര്‍മ്മകളില്ലാതെ...

Apr 1, 2013

5 min read

കപ
Protest of political parties.

കണക്ക് പരീക്ഷയുടന്നത്തെ

നട്ടുച്ചവെയിലില്‍

കടമ്പനാട്ടെ ക്ലാസ്മുറിക്ക്

വെളിയില്‍

മറവിയുടെ ആ ഭ്രാന്തനിരുട്ട്

വന്നുനിന്നു.

ഉത്തരങ്ങള്‍ എന്നെ

വിട്ടിറങ്ങിപ്പോയത്

ആ കൊക്കയിലേക്ക്.

1976 ല്‍

നീര്‍ക്കോലിയും മൂര്‍ഖനായ രാത്രിയിലെ

പാഴ്ച്ചില്ലയും ബയണറ്റായ രാത്രിയിലെ

റെയ്ഡില്‍

ഉത്തരങ്ങള്‍ എന്നെ വിട്ടിറങ്ങിപ്പോയത്

ആ ജീപ്പിലേക്ക്

ആ ഗൗണിലേക്ക്

ആ പാതാളത്തിലേയ്ക്ക്

'ഓര്‍മ്മകൊണ്ട് തുറക്കപ്പെടുന്ന വാതിലുകള്‍' എന്ന കവിതയില്‍ കെ. ജി. ശങ്കരപ്പിള്ള എഴുതി. മറവിയുടെ ഇരുട്ടും ഓര്‍മ്മകൊണ്ട് ജ്വലിക്കുന്ന കനലും നിറയുന്ന ഈ കവിതയില്‍ ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിന്‍റെ മഹാപ്രതിസന്ധി നിറഞ്ഞ ഒരു കാലം സൂചിപ്പിക്കപ്പെട്ടു. 75 ജൂണ്‍ മുതല്‍ എഴുപത്തേഴ് മാര്‍ച്ച്വരെ നീണ്ടുനിന്ന കാലഘട്ടം. ഓര്‍ക്കുന്നതുപോലും കുറ്റകരമായ കാലഘട്ടം. നിങ്ങളുടെ ഉള്ളിലെ ഓര്‍മ്മകളിലേക്കുപോലും ഒരു തോക്കോ, ലാത്തിയോ വിരല്‍ചൂണ്ടിനിന്നു. ദീര്‍ഘമായ ആ ഇരുട്ടിന്‍റെ ഓര്‍മ്മപോലും നമുക്കു കെട്ടുപോകുകയാണ്. 'നിങ്ങളെന്തിനാണ് എന്‍റെ കുട്ടിയെ പെരുമഴയത്ത് 'നിര്‍ത്തി'യിരിക്കുന്നത്?' എന്ന ഒറ്റപ്പെട്ട ചോദ്യങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായേക്കാം. എന്നാല്‍ അരാഷ്ട്രീയത്തിന്‍റെ അലസഗമനങ്ങളിലേക്ക് ആണ്ടുപോകുന്ന വലിയൊരു ശതമാനം ആളുകളിലും ഓര്‍മ്മകള്‍ സംഭവിക്കുന്നില്ല. 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കും അധികമൊന്നും ചെയ്യാന്‍ കഴിയുന്നില്ല. സത്യത്തെ മൂടിയിരിക്കുന്ന അധാര്‍മ്മികതയുടെ കവചങ്ങളെ ഓര്‍മ്മകൊണ്ട് പിളര്‍ക്കുകയാണ് ഒ.വി. വിജയന്‍ ധര്‍മ്മപുരാണത്തിലൂടെ ചെയ്തത്. ധര്‍മ്മപുരാണത്തിന്‍റെ പ്രവചനാത്മകത ഇന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അശ്ലീലം, വരാനിരിക്കുന്ന കാലങ്ങളുടെ കടുത്ത അശ്ലീലം, വിജയന്‍ എന്നേ പറഞ്ഞുവച്ചു.


എഴുപതുകള്‍ ലോകമാകെ പുതിയ ഒട്ടേറെ അന്വേഷണങ്ങളുടെ കാലമായിരുന്നു. കേവലം കലയിലും സാഹിത്യത്തിലും മാത്രം ഒതുങ്ങിനിന്ന അന്വേഷണമായിരുന്നില്ല അത്. പാരിസ്ഥിതികമായ പുതിയ അന്വേഷണങ്ങള്‍, മതേതരമായ ആത്മീയതയുടെ അന്വേഷണങ്ങള്‍, പ്രകൃതിയെ മലിനപ്പെടുത്തുന്ന, ഊഷരമാക്കുന്ന, കെമിക്കല്‍ കൃഷിരീതിയില്‍ നിന്ന് ഭൂമിയുടെ ഉര്‍വ്വരത നിലനിര്‍ത്തുന്ന ജൈവകൃഷിയുടെ അന്വേഷണങ്ങള്‍, സാമ്പത്തിക ശാസ്ത്രത്തില്‍ പുതിയ ലാളിത്യചിന്തയുടെ രൂപവല്‍ക്കരണം, മനുഷ്യനോടൊപ്പംതന്നെ മറ്റ് ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഭൂമിയില്‍ നിലനില്‍ക്കാന്‍ അവകാശമുണ്ടെന്ന ബോധം, ബുദ്ധനിലേക്ക് പുതിയ വാതില്‍, ഗാന്ധിജിയിലേക്ക് പുതിയ വാതില്‍, കമ്മ്യൂണിസത്തിന്‍റെ പ്രതിസന്ധികളിലേയ്ക്കുള്ള അന്വേഷണം, കമ്മ്യൂണിസത്തിന്‍റെ നവീകരണ ചര്‍ച്ചകള്‍, ഇങ്ങനെ എത്രയോ പുതിയ ദിശാസൂചികള്‍.. ഇന്ത്യയിലും ഇവയൊക്കെ സംഭവിച്ചുകൊണ്ടിരുന്നു. അറുപതുകളുടെ രണ്ടാംപാദം മുതല്‍ത്തന്നെ സാഹിത്യത്തിലും കലയിലും ആധുനികതയുടെ പ്രഭാവം പിറന്നു. രാഷ്ട്രീയ ചക്രവാളത്തില്‍ മുഴങ്ങിയ വസന്തത്തിന്‍റെ ഇടിമുഴക്കം പുതിയ രാഷ്ട്രീയ ദിശാബോധം ആവശ്യപ്പെട്ടു. രാഷ്ട്രീയ നൈതികതയുടെ പുതിയൊരു ചര്‍ച്ചാകാലം പിറന്നു. ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളും ലോഹ്യയുടെ അനുയായികളും സമാന്തര രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്കായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈ വിധം ചിന്തകളുടെ ഉച്ചസ്ഥായിയിലാണ് രണ്ട് വര്‍ഷത്തെ ഇരുള്‍രാത്രികള്‍ കടന്നുവന്നത്. ജയില്‍ പുതിയ രാഷ്ട്രീയപഥങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി. ഒടുവില്‍ സ്വാഭാവികമായ ഒരു നീതിവിസ്ഫോടനം പോലെ 1977-ല്‍ ഇന്ത്യയില്‍ ജനതാ സര്‍ക്കാര്‍ നിലവില്‍ വന്നു. രാഷ്ട്രീയത്തെ സംബന്ധിച്ച് ഓര്‍മ്മകള്‍ അസ്തമിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. സംഭവങ്ങളും ചര്‍ച്ചാവിഷയങ്ങളും വളരെവേഗം മറവിയിലേക്കമരും. അതിനിടയിലൂടെ ആസുരതയോടെ ഭരണകൂടങ്ങള്‍ അധികാരത്തിലേറും.


ജനതഭരണകൂടം ഇന്ന് ഓര്‍മ്മയില്‍നിന്ന് മറയുകയാണ്. 1977-ല്‍ രൂപംകൊണ്ട ജനതാഭരണകൂടം എങ്ങിനെയാണ് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ്ണമായ പതനത്തിലേക്കെത്തിയതെന്ന് ഇന്നും നമുക്ക് വ്യക്തമായി അറിയില്ല. ഈ പതനത്തെക്കുറിച്ച് സൂക്ഷ്മമായ രാഷ്ട്രീയകാഴ്ചപ്പാടുള്ള പുസ്തകങ്ങള്‍ വിരളമാണ്. അടിസ്ഥാനതല ജനകീയ മനസ്സിന്‍റെ അത്ഭുതകരമായൊരു വെളിപ്പെടലായിരുന്നു ജനതാഭരണകൂടത്തിന്‍റെ പിറവിക്ക് കാരണമായത്. സത്യാന്വേഷണങ്ങള്‍ എന്ന പട്ടത്തുവിള കരുണാകരന്‍റെ കഥയിലെ പ്രതാപന്‍ പറയുന്നുണ്ട് "ഭൂരിപക്ഷത്തിന്‍റെ രാഷ്ട്രീയ പ്രമാണങ്ങളല്ല വിപ്ലവത്തിന്‍റെ കോണിപ്പടി. എല്ലാക്കാലത്തും കരുത്തുള്ള ഒരു ന്യൂനപക്ഷം അതിന്‍റെ വിശ്വാസങ്ങള്‍ മതഭ്രാന്താക്കി മാറ്റുമ്പോഴാണ് ആ ഭ്രാന്തിലൂടെ അധികാരത്തിലേക്ക് ചവുട്ടിക്കയറുന്നത്- ഭൂരിപക്ഷത്തിന്‍റെ പേരില്‍" - പൊതുവില്‍ സത്യമായ ഈ പ്രസ്താവത്തിന് വിരുദ്ധമായാണ് ജനതാഭരണകൂടം രൂപപ്പെട്ടതെന്നതാണ് അതിന്‍റെ പ്രത്യേകതയയ്ക്കു കാരണം. എക്കാലത്തും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യബോധത്തിന്‍റെ വെളിപ്പെടല്‍ കൂടിയായിരുന്നു അത്. എല്ലാവിധ മര്‍ദ്ദക അധീശത്വശക്തികള്‍ക്കെതിരെ സാധാരണ ജനതയില്‍നിന്ന് രൂപം കൊള്ളുന്ന നേരിന്‍റെ വെളിച്ചം അതിലുണ്ട്. രാഷ്ട്രീയമായ സര്‍ഗ്ഗാത്മകതയുള്ള ഒട്ടനവധി ആളുകള്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലും മന്ത്രിസഭയിലും ഉണ്ടായിരുന്നു. ജയപ്രകാശ് നാരായണന്‍റെയും റാം മനോഹര്‍ലേഹ്യയുടെയുമൊക്കെ ചിന്താധാരകളുടെ ആത്മാവുള്‍ക്കൊണ്ടവര്‍ അതില്‍ ധാരാളമുണ്ടായിരുന്നു. ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളും. പഴയ ജനസംഘത്തിന്‍റെ മറ്റൊരു യാഥാസ്ഥിതികധാരയും അതിലുണ്ടായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഒരു പൊതുലക്ഷ്യത്തിന് വിഘാതമാകുന്ന നീക്കങ്ങള്‍ വാജ്പേയി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കാര്യമായി ഉണ്ടായില്ല. അന്ന് ഇന്ത്യന്‍ സമൂഹം ഇന്നത്തെ പോലെ വര്‍ഗ്ഗീയമായി ധ്രൂവീകരിക്കപ്പെട്ടിരുന്നില്ല. ഗാന്ധിസം നടത്തിയ ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ കാര്യമായ ഇടപെടലുകളൊന്നും നടത്താനുള്ള കെല്പ് നേടിയിരുന്നില്ല. കാരണം ഗാന്ധിസവും നെഹ്റുവിയന്‍ സോഷ്യലിസവും മതാത്മകമായ യാഥാസ്ഥിതിക വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. അതിനാല്‍ അവര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന ഒരു രാഷ്ട്രീയ ധാരയിലേക്ക് കടന്നെത്തുവാന്‍ ഹൈന്ദവ ഫാസിസത്തിന് കഴിഞ്ഞിരുന്നുമില്ല. വ്യത്യസ്തമായ ആശയധാരകള്‍ സ്വീകരിക്കുമ്പോഴും ജനകീയമായ ഒരു പശ്ചാത്തലവും സര്‍ഗ്ഗശക്തിയും ആ ഉത്ഭവം കൊള്ളലില്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഗുണപരമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയകക്ഷി മൂന്നുപതിറ്റാണ്ടിനുള്ളില്‍ സമ്പൂര്‍ണ്ണമായ ഏകാധിപത്യഘടനയിലേക്കും വ്യക്തികേന്ദ്രീകരണത്തിലേക്കും പോകുന്നതിനെതിരെയുള്ള രാഷ്ട്രീയനിലപാടാണ് ജനങ്ങള്‍ അന്ന് സ്വീകരിച്ചത്. ആ വ്യക്തികേന്ദ്രീകരണത്തിലെ കേന്ദ്രവ്യക്തി, പലതലങ്ങളിലും സോഷ്യലിസ്റ്റ് സാമൂഹികക്രമം അംഗീകരിക്കുന്ന ആളും നവപാരിസ്ഥിതിക ദര്‍ശനംപോലും ഉള്‍ക്കൊള്ളുന്ന ആളായിട്ടും, അധികാരരതിയുടേതായ ട്രാജിക്ക് എലമെന്‍റ് അവരുടെ മേല്‍ ആധിപത്യമുറപ്പിച്ച് അവരെയും രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയകളെയും ബാധിക്കുകയായിരുന്നു.


ഇക്കാലത്തുതന്നെ ഇന്ത്യയിലും കലയും സാഹിത്യവും സിനിമയും സമാന്തരസമൂഹിക പ്രസ്ഥാനങ്ങളും ഉജ്ജീവനവും നവദിശാബോധവും നേടിയ കാലമാണത്. ഇന്ത്യന്‍ ചിന്ത ഉണര്‍ന്നു തിളച്ചകാലം. സ്വാതന്ത്ര്യത്തിന് ശേഷം പുതിയൊരു രാഷ്ട്രീയ യുവതലമുറ രാഷ്ട്രീയ പ്രക്രിയയില്‍ സജീവമായ കാലം. ഒരുപക്ഷേ പുതിയൊരു ദിശാബോധത്തിലേക്കും അധികാരവികേന്ദ്രീകരണത്തിലേക്കും ഇന്ത്യ സഞ്ചരിക്കുവാനുള്ള സാദ്ധ്യത രൂപപ്പെട്ടിരുന്നു. തൊഴിലാളി നേതാക്കള്‍ വകുപ്പു മന്ത്രിമാരായെത്തി. ചന്ദ്രശേഖറിനെ പോലെ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാള്‍ ഭരണകക്ഷിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വേഗം തന്നെ കുഴമറിഞ്ഞു. ആ പതനത്തിന്‍റെ കാരണങ്ങളും അതു വരുത്തിയ പരിണാമങ്ങളുമാണ് വിശദമായി പഠിപ്പിക്കപ്പെടാതെ പോയത്. അതു പറയാന്‍ കഴിയുന്ന ഒരാളായിരുന്ന ചന്ദ്രശേഖര്‍. എന്നാല്‍ ചന്ദ്രശേഖറിന്‍റെ ഉള്‍ക്കാഴ്ചകള്‍ വേണ്ടവിധം രേഖപ്പെടുത്തുവാനോ പരിശോധിക്കുവാനോ നമ്മുടെ രാഷ്ട്രീയ നിരീക്ഷകര്‍ക്കും കഴിഞ്ഞില്ല. ചന്ദ്രശേഖറിന്‍റെ ഓര്‍മ്മകൊണ്ട് അക്കാലത്തെ രാഷ്ട്രീയത്തിന്‍റെ നിരവധി ആന്തരികവാതിലുകള്‍ തുറക്കാന്‍ കഴിയുമായിരുന്നു. അവസാനകാലങ്ങളില്‍ ഇന്ത്യയുടെ രാഷ്ട്രീയപരിണാമത്തെക്കുറിച്ച് തികഞ്ഞ നിരാശയോടെ, കഠിനമായ രോഗപീഡകളോടെ, ഈ മനുഷ്യന്‍ കഴിഞ്ഞുകൂടി. മരണത്തിന്‍ അഞ്ചെട്ടുമാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ മണ്ഡലമായ ബലിയയില്‍ അദ്ദേഹം ജനങ്ങളെ അഭിമുഖീകരിച്ചു. വലിയ ജനക്കൂട്ടങ്ങളാണ് അദ്ദേഹത്തെ എതിരേറ്റത്. എന്നാല്‍ ചന്ദ്രശേഖര്‍ തികച്ചും ദുഃഖിതനും നിരാശനുമായിരുന്നു. മൊറാര്‍ജി ദേശായിയെപ്പോലെ ചില കാര്യങ്ങളില്‍ കടുത്ത ശാഠ്യങ്ങള്‍ പുലര്‍ത്തിയിരുന്ന ഒരാള്‍ക്ക് സ്വതന്ത്രവ്യക്തിത്വത്തിന്‍റെ ഉടമകളായിരുന്ന ഒരുപാട് നേതാക്കന്മാരെ സമര്‍ത്ഥമായി ഏകോപിപ്പിക്കുവാനോ ഐക്യപ്പെടുത്തുവാനോ കഴിഞ്ഞിരിക്കില്ല എന്നത് ഒരു പ്രകോപനമായേക്കാമെങ്കിലും ഇത്തരം ചില വൈയക്തിക പ്രശ്നങ്ങളിലേക്ക് രാഷ്ട്രീയ നിരീക്ഷണത്തെ അപ്പാടെ കൊണ്ടുവരുന്നത് ശരിയായിരിക്കില്ല. ജനങ്ങളുടെ ഇച്ഛയില്‍ രൂപംകൊണ്ട ഒരു സര്‍ക്കാര്‍ എങ്ങനെ വേഗം നിലംപതിച്ചു? ജയപ്രകാശ് നാരായണനെ പോലുള്ള ഒരു ശക്തികേന്ദ്രം ശാരീരികമായി ദുര്‍ബ്ബലപ്പെട്ടതു കൊണ്ടാണോ അത്? രാഷ്ട്രീയമായ പ്രശ്നങ്ങള്‍ തന്നെയാവണം പതനത്തിന് മുഖ്യകാരണമായത് എന്നേ ധരിക്കുവാന്‍ കഴിയൂ. ഈ സര്‍ക്കാരിന്‍റെ വരവ് ഉണ്ടാക്കിയേക്കാവുന്ന ചില ദിശാവ്യതിയാനങ്ങളെ ചില ഛിദ്രശക്തികള്‍ മുന്നില്‍ കാണുകയും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു എന്ന് പറയേണ്ടിവരുന്നു. എന്തായിരിക്കാം ആ ദിശാമാറ്റങ്ങള്‍? ഒന്ന്-ഇന്ത്യയില്‍ നിലനില്ക്കുന്ന ജനാധിപത്യഘടന ശക്തമാണെന്നും അത് ഏതു വിധത്തിലുമുള്ള അധികാരകേന്ദ്രീകരണത്തെയും തകിടം മറിക്കാന്‍ കെല്പുള്ളതുമാണ് എന്ന തിരിച്ചറിവ്. രണ്ട്- സേഷ്യലിസ്റ്റ് ആശയങ്ങളുടെ പുരോഗമനചിന്തയും ഗാന്ധിയന്‍ മൂല്യസംഹിതകള്‍ കുറച്ചൊക്കെ സ്വീകരിക്കുന്നവരുമായ ഒരു വലിയ കൂട്ടം ആളുകളുടെ പിന്തുണയുള്ള ഭരണകൂടം സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ഗുണപരമായ പരിണാമം സൃഷ്ടിച്ചേക്കാമെന്ന സൂചന. മൂന്ന്-ബഹുസ്വരതയുള്ള, യോജിപ്പുകളും വിയോജിപ്പുകളും ഒരു പോലെയടങ്ങിയ, സംവാദാധിഷ്ഠിതമായ ഒരു സമൂഹം ആത്യന്തികമായി ഗുണപരമായ ഒരു ജനകീയ ജനാധിപത്യഘടനയിലേക്ക് വളരാമെന്ന സൂചന. നാല് - വികസനത്തിന്‍റെ മുഖ്യമാനദണ്ഡം ജനങ്ങളുടെ സാധാരണജീവിതത്തില്‍ അത് വരുത്തുന്ന മാറ്റമാണ് എന്നു വിശ്വസിക്കുകയും അതിനനുസൃതമായ ഉല്പാദന-വികസന പ്രക്രിയയകള്‍ ആരംഭിച്ചേക്കാനിടയുണ്ട് എന്ന സൂചന. അഞ്ച് - ഭാരതത്തില്‍ നിലനില്ക്കുന്ന വിഭിന്നങ്ങളായ പ്രാദേശിക ദേശീയതകള്‍ക്ക് ദേശീയധാരയില്‍ പ്രാധാന്യം നല്‍കുക വഴി സൃഷ്ടിക്കപ്പെടാവുന്ന ആരോഗ്യകരമായ രാഷ്ട്രശരീരം. ആറ് - എഴുപതുകള്‍ മുന്നോട്ടു വയ്ക്കുന്ന സമാന്തരചിന്താധാരകളെയും പ്രക്രിയകളെയും ആദരിക്കുവാനുള്ള സാദ്ധ്യത.


പ്രതിലോമാംശങ്ങള്‍ ഉള്ളിലുണ്ടെങ്കിലും ദൂരവ്യാപകമായി കുത്തകമൂലധന കേന്ദ്രീകരണത്തെ ചെറുക്കാന്‍ കഴിയുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക സാദ്ധ്യതകളിലേക്ക് ജനതാ സര്‍ക്കാര്‍ വിരല്‍ചൂണ്ടിയിരുന്നു. നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ അതിനെ തകര്‍ക്കുവാനുള്ള സംഘടിത നീക്കം നടക്കുകയും ഭരണകൂടം തകരുകയും ചെയ്തു. നിര്‍ണ്ണായക സന്ധികളില്‍ പ്രതിലോമപരമായ തീരുമാനങ്ങളെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഈ ദശാസന്ധിയിലും ക്രിയാത്മകമായ നടപടികളെടുക്കുവാന്‍ കഴിഞ്ഞില്ല. ജനകീയമായി ഉണ്ടായ ഒരുണര്‍വ്വിനെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാനും പ്രശ്നാധിഷ്ഠിതമായി വിട്ടുവീഴ്ചകള്‍ ചെയ്ത് മുന്നേറാനും കമ്മ്യൂണിസ്റ്റ് കക്ഷികളെയും സമാന്തര രാഷ്ട്രീയ കക്ഷികളെയും തങ്ങളോട് ഐക്യപ്പെടുത്തി നിര്‍ത്താനും ജനതാകക്ഷിക്ക് കഴിയാതെ പോയി. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു പതനമായി. പരാജയപ്പെട്ടത് ജനങ്ങളുടെ ഇച്ഛാശക്തിയാണ്. ആദരിക്കപ്പെടാതിരുന്നത് ജനങ്ങളുടെ മനസ്സാണ്. ഇപ്പോള്‍ ഓര്‍മ്മകളും മുറിഞ്ഞുപോകുകയാണ്.


കാലങ്ങള്‍ മാറിമറിഞ്ഞു. ഇന്ദിരാഗാന്ധിയുടെ വിയോഗത്തോടെ കോണ്‍ഗ്രസ്സിന്‍റെ അവശേഷിക്കുന്ന സോഷ്യലിസ്റ്റ് സമീപനം കൂടി ഇല്ലാതായി. കടുത്ത വലതുപക്ഷ ചിന്തകളിലേക്ക് നാം ഗതി മാറി. ആഗോള മൂലധനത്തിന്‍റെ കടുത്തചൂഷണങ്ങള്‍ക്ക് ഇന്ത്യ വിധേയമായി. ജനസംഘം ജനതാകക്ഷിയില്‍നിന്ന് മാറി ഭാരതീയ ജനതാകക്ഷിയായി ശക്തിപ്രാപിച്ചു തുടങ്ങി. മതം മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും ഇടം തേടി. എഴുപതുകളും മറ്റും മുന്നോട്ടുവച്ച സമാന്തരധാരകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. മറ്റൊരുപാട് പ്രശ്നങ്ങളുള്ള ഒരു രാജ്യത്ത് വര്‍ഗ്ഗീയത പോലുള്ള കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥ വന്നു. സംഘടിത മതം അതിന്‍റേതായ ചൂഷണവലകള്‍ ജനങ്ങള്‍ക്കുമേല്‍ വിരിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട ആളുകള്‍ ദൈവങ്ങളുടെ അരാഷ്ട്രീയ ഉത്സവമേളങ്ങളിലേക്കൊഴുകി. ഇന്ത്യന്‍ രാഷ്ട്രീയ ശരീരവും സാമൂഹ്യശരീരവും കടുത്ത അഴിമതിയാലും അനീതിയാലും ഉലയ്ക്കപ്പെട്ടു. ദേശീയവും പ്രാദേശികവുമായ ഒരുപാട് സാംസ്കാരികധാരകളെ കീഴ്പ്പെടുത്തിക്കൊണ്ട് നിരവധി അധിനിവേശങ്ങള്‍ക്ക് നാം സാക്ഷിയായി. സ്ത്രീകള്‍ നിരന്തരം അപമാനിതരായി. അങ്ങനെയിരിക്കവേ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഇടതുപക്ഷം അംഗസംഖ്യയില്‍ ഒരു കുതിച്ചു ചാട്ടം നടത്തി. ഇടതുപക്ഷ പിന്തുണയോടെ ഭരണകൂടം നിലവില്‍ വന്നു. ഇങ്ങനെ രൂപപ്പെട്ട ഭരണകൂടത്തെ ജനങ്ങളുടെ ഇച്ഛയ്ക്കും ഗുണത്തിനുമൊത്ത് നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനും അതിനെ നയിച്ചിരുന്ന മുഖ്യഇടതുകക്ഷിക്കും ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം വലിയൊരു നിയോഗം ഏറ്റെടുക്കേണ്ട ഘട്ടമായിരുന്നു അത്. ഇന്ത്യയിലെ എല്ലാ ഇടതുപക്ഷകക്ഷികളെയും ഗാന്ധിയന്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സമാന്തര സാമൂഹിക-രാഷ്ട്രീയ സംഘടനകളെയും പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും ഒന്നിപ്പിച്ച് വിശാലമായ ഒരു ജനപക്ഷ രാഷ്ട്രീയ പശ്ചാത്തലം സൃഷ്ടിച്ചുകൊണ്ട് ദേശീയമായി മതനിരപേക്ഷവും ജനകീയ പ്രശ്നങ്ങളില്‍ അധിഷ്ഠിതവും ഇന്ത്യയുടെ സാംസ്കാരിക വൈചിത്ര്യത്തെ അംഗീകരിക്കുന്നതുമായ പുതിയൊരു രാഷ്ട്രീയ ശക്തിയെ സാമ്പ്രദായിക ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബദലായി രൂപപ്പെടുത്തുക എന്ന ഉത്തരവാദിത്വം ഇന്ത്യന്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു. സ്വതന്ത്രചിന്തകരെയും എഴുത്തുകാരെയും കലാകാരന്മാരെയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലെ ധിഷ്ണാതരെയും ഉന്നതരായ അദ്ധ്യാപകരെയും സാമൂഹ്യസേവനരംഗത്തുള്ളവരെയും ദളിത് ശക്തികേന്ദ്രങ്ങളെയും ഒക്കെ ഒന്നിപ്പിക്കുന്ന ഒരു കൂട്ടായ്മയുടെ രൂപീകരണത്തിന് അവര്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ ഇടതുപക്ഷകക്ഷികള്‍ തമ്മില്‍പോലും ഐക്യമില്ലാത്ത ദയനീയമായ അവസ്ഥയാണ് സംഭവിച്ചത്. പതിവുപോലെ തങ്ങള്‍ക്ക് കിട്ടിയ അവസരം ഇന്ത്യന്‍ ഇടതുപക്ഷം ഉപയോഗപ്പെടുത്തിയില്ല. ദേശീയ സംവാദങ്ങള്‍പ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയാതെപോയി. നന്ദിഗ്രാമിലെ ജനങ്ങള്‍ക്കുനേരെ ചൂണ്ടപ്പെട്ട തോക്ക് കുമ്പസാരങ്ങള്‍ കൊണ്ട് മറക്കാവുന്നതുമല്ല. സോഷ്യലിസ്റ്റ് ഗ്രൂപ്പും ഗാന്ധിയന്‍ ഗ്രൂപ്പുകളും ദേശീയധാരയില്‍ അപ്രധാനമായി. ഗാന്ധിജി ഇന്ത്യയില്‍ അശരണനും പീഡിതനുമായി. രാഷ്ട്രീയ സര്‍ഗ്ഗാത്മകതയും ത്യാഗബോധവുമുള്ള നേതൃത്വം നഷ്ടപ്പെടുന്ന പൊതുമണ്ഡലം നമ്മെ വല്ലാതെ ഭീതിപ്പെടുത്തേണ്ടതാണ്. രാഷ്ട്രീയത്തിലെ സന്തുലന പ്രക്രിയ തന്നെയാണ് ഇതുവഴി ഇല്ലാതെ പോകുന്നത്. കാലഘട്ടത്തിന്‍റെ രാഷ്ട്രീയ നിയോഗം ഏറ്റെടുക്കുവാന്‍ ഇരുപക്ഷത്തിനും കഴിയാതെ പോയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റൊരു മഹാപതനമായേ കാണാന്‍ കഴിയൂ. ഒരു മഹാദുരന്തവും. നാം ഓര്‍ക്കേണ്ടത.് എന്നാല്‍ നാം ഓര്‍ക്കുകയേ ഇല്ലാത്തതും.


'ഓര്‍മ്മകളുണ്ടായിരിക്കണം' എന്നതിന്‍റെ രാഷ്ട്രീയമായ ധ്വനി ഇപ്പോള്‍ വല്ലാതെ മുഴങ്ങുന്നുണ്ട്. ഓര്‍മ്മകളില്‍ നിന്നാണ് ചരിത്രത്തിന്‍റെ പാഠങ്ങള്‍ പിറക്കുക. ചരിത്രം ആരേയും ഒന്നും പഠിപ്പിക്കുന്നില്ലെന്നു വരുന്നത് സത്യമാണെങ്കിലും എത്രയും ദുഃഖകരവുമാണ്. സബര്‍മതിയില്‍ നിന്നുള്ള ആ ദീര്‍ഘമായ നടത്തവും ദണ്ഡിയില്‍ കുറുക്കിയെടുത്ത ഉപ്പും ഓര്‍മ്മയുടെ വലിയൊരു മേഘം പോലെ നമുക്ക് മുകളില്‍ നിലകൊള്ളേണ്ടതാണ്. ആത്മാഭിമാനത്തിന്‍റെ വിയര്‍പ്പില്‍ നിന്നും ഉപ്പില്‍ നിന്നും പിടഞ്ഞുയരേണ്ട ഒരു രാജ്യത്താണ് നാമിന്നു നില്ക്കുന്നത്.


പക്ഷേ, തെരുവുകളില്‍ വീണ്ടും രക്തം വീഴുന്നു. നിലവിളികളുയരുന്നു. കെ. ജി. ശങ്കരപ്പിള്ളയില്‍ത്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കാം.

അരനൂറ്റാണ്ടിനിപ്പുറം

ഞങ്ങള്‍ വിളിക്കുന്നു

വരു, കാണൂ

ഈ രക്തത്തിലെ തെരുവ്

ആര്‍ത്തി, ആസക്തി, ആരവം


നദികള്‍, കാടുകള്‍, മക്കള്‍

സ്വാതന്ത്ര്യം, ജനാധിപത്യം

ഇണനിഴലുകള്‍ പിണഞ്ഞാടുന്ന പാട്ട്

പാട്ട്, സംസ്കാരം എല്ലാം വില്പനയ്ക്ക്

അവയവങ്ങളെല്ലാം മദാലസം


വിയോജിച്ച്

എതിര്‍ത്ത്

ശുദ്ധീകരിച്ച്

ത്രസിച്ച്

മിടിച്ച്

മിടിച്ച്

ഏകാന്ത ഹൃദയംപോലും കാത്തുവയ്ക്കാന്‍ കഴിയാതെ...

ഓര്‍മ്മയില്‍ ഇനി എന്നാണ് നാം പിളര്‍ക്കുന്നത്? ഓര്‍മ്മകള്‍ ഇനി എന്നാണ് പുതിയ വാതിലുകള്‍ തുറക്കുന്നത്? എന്നാണ് ഓര്‍മ്മയിലേക്ക് കാടുകള്‍ ഉലയുന്നത്? നദികള്‍ ഒഴുകിയെത്തുന്നത്?

കപ

0

0

Featured Posts

bottom of page