top of page

നാമറിയാതെ

Feb 23

1 min read

ജോര്‍ജ് വലിയപാടത്ത്

ഒരു താൽക്കാലിക ഷെഡ്ഡിൽ കുറച്ചുകാലം കഴിയേണ്ടി വന്നിട്ടുണ്ട്. ഉഷ്ണമേഖലവനത്തോട് ചേർന്നായിരുന്നു അത്. സുതാര്യമല്ലാത്ത പ്ലാസ്റ്റിക് ഷീറ്റ് (റബ്ബർ മരത്തിന് മഴക്കാലത്ത് പാവാട ചുറ്റിക്കുന്ന തരം ഷീറ്റ്) കൊണ്ട് രണ്ടുമടങ്ങിൽ ചുറ്റിയായിരുന്നു ഷെഡ്ഢിൻ്റെ വശങ്ങൾ മറച്ചിരുന്നത്. പകൽ നേരത്ത് പുറത്തെ വെളിച്ചം അകത്തേക്കും രാത്രിയിൽ അകത്തെ വെളിച്ചം ഷീറ്റിലൂടെ പുറത്തേക്കും അരിച്ചെത്തും. ഒരു വിശ്രമ ദിവസം പകൽ വായനയിലോ മറ്റോ ഷെഡ്ഢിനകത്ത് ആയിരിക്കുമ്പോൾ രണ്ട് പ്ലാസ്റ്റിക് ഷീറ്റിനിടയിലായി ഒരു നിഴൽ അനങ്ങുന്നു. നോക്കുമ്പോൾ അഞ്ചടിയോളം നീളമുള്ള ഒരാളാണ്. ശബ്ദമുണ്ടാക്കാതെ അയാൾ രണ്ടു ഷീറ്റിനും ഇടയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ്. വലിപ്പം കൊണ്ട് മിക്കവാറും ചേരച്ചായിരിക്കും എന്ന് ഉറപ്പ്. ആളിൻ്റെ ഹൃദയമിടിപ്പ് അറിയാനാവുമോ എന്നറിയാൻ പയ്യെ ഷീറ്റിനിപ്പുറം വിരൽ ചേർത്തു നോക്കി. ഇല്ല, ഹൃദയമിടിപ്പ് കിട്ടില്ല. ഷീറ്റിനിപ്പുറം വയർ ഭാഗത്ത് മെല്ലെ തലോടി. എന്തോ പന്തികേട് തോന്നിയാ വണം ഇഷ്ടൻ ശരം വിട്ട കണക്കേ പാഞ്ഞുകളഞ്ഞു. ഒരു രസമാണ് അപ്പോൾ തോന്നിയത്.


പക്ഷേ, അന്നു രാത്രിയിൽ ആദ്യമായി ചെറിയ തോതിൽ ഒരു ഭയം മനസ്സിനെ ബാധിച്ചു. കട്ടിലിനടിയിലെല്ലാം ടോർച്ചടിച്ച് നോക്കി. ഷീറ്റിനോട് ചേർന്നുള്ള താൽക്കാലിക കട്ടിലിൽ ഷീറ്റിൽ നിന്നകന്ന് കിടക്കാൻ മനസ്സ് പറഞ്ഞു. പുറത്തെ നേർത്ത ശബ്ദങ്ങളിലേക്ക് പോലും ശ്രദ്ധ എത്തുന്നു. അങ്ങനെ ഉറങ്ങിയാൽ ശരിയാവില്ല എന്നുതോന്നി. കർത്താവ് അറിയാതെ എന്തെങ്കിലും സംഭവിക്കുമോ എന്ന് സ്വയം ചോദിച്ചു. അപ്പോൾ പഴയനിയമത്തിലെ ഒരു കഥ മനസ്സിലേക്ക് വന്നു. സാവൂളിൽ നിന്ന് ദാവീദ് പലായനം ചെയ്യുകയാണ്. സാവൂൾ ദാവീദിനെ കൊല്ലാനന്വേഷിച്ച് പരതിനടക്കുകയും. ദാവീദും അനുചരന്മാരും ഒളിവിൽ ഇരുന്ന സ്ഥലത്തുതന്നെയാണ് സാവൂളും സൈന്യവും വന്ന് രാത്രിവിശ്രമത്തിനായി കിടക്കുന്നത്. പകലിലെ യാത്രകളിൽ രാജാവും സൈന്യവും ക്ഷീണിതരാണ്. അവർ ഗാഢനിദ്രയിലായിരിക്കുമ്പോൾ ദാവീദ് മെല്ലെ വന്ന് രാജാവിന്റെ തലയ്ക്കൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ കുന്തവും കൂജയിലെ വെള്ളവും എടുത്തുകൊണ്ടുപോകുന്നു. എതിർവശത്തെ മലയിൽ കയറി നിന്ന് ദാവീദ് സാവൂളിനെ വിളിച്ചുകൂവി പറയുന്നു, 'അങ്ങയുടെ കുന്തവും വെള്ളവും തിരികെ കൊണ്ടുപോകാൻ അങ്ങ് ഒരു ഭടനെ ഇങ്ങോട്ട് അയക്കുക'.


മരണം നമ്മുടെ തലയ്ക്ക് മുകളിലൂടെ നാം അറിയാതെ എത്രയോ തവണ പോയിരിക്കും! നമ്മുടെ വിശ്രമത്തിനൊന്നും ഇന്നോളം അത് ഭംഗം വരുത്തിയിട്ടില്ലല്ലോ! തമ്പുരാൻ അറിയാതെ ഒരു മുടിയിഴ പോലും കൊഴിയുന്നില്ല. ആ രാത്രിയിലാണ് അത് ഒരു അനുഭവമായത്.


ഇന്ന് അതേ ഭാഗം വീണ്ടും വായിച്ചപ്പോൾ പഴയ ഓർമ്മ തികട്ടിവന്നതാണ്.


ജോര്‍ജ് വലിയപാടത്ത�്

0

3

Featured Posts

Recent Posts

bottom of page