top of page

സ്ത്രൈണം

Mar 7, 2021

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
picture of mary magdalene

ക്രിസ്തുവിനെപ്പോലെ സ്ത്രീകളെ ഇത്രയും ഗൗരവത്തിലെടുത്ത ഒരു ഗുരുവുണ്ടാകുകയില്ല. സ്ത്രീയായും മൃഗമായും തന്നെ സൃഷ്ടിക്കാത്തതില്‍ ദൈവത്തിനു സ്തോത്രം എന്നു പറഞ്ഞാണ് ക്രിസ്തുവിന്‍റെ കാലത്തില്‍ ഒരു യഹൂദപുരുഷന്‍ തന്‍റെ പ്രഭാതപ്രാര്‍ത്ഥന ആരംഭിക്കുന്നത്. ഇതവള്‍ക്കെതിരെയുള്ള നിന്ദയല്ല, മറിച്ച്  സ്ത്രീയായില്ലല്ലോ എന്ന അറിവില്‍ ഏതൊരു മനുഷ്യനും തോന്നാവുന്ന ആശ്വാസത്തിന്‍റെ  സാക്ഷ്യം. പൊതുസ്ഥലത്തുവച്ച് സ്ത്രീകളുമായി സംസാരിച്ചുകൂടാ എന്ന് റബ്ബികളെ നിയമം വിലക്കിയിരുന്നു. ക്രിസ്തുവാകട്ടെ, അവളെ അവളുടെ മഹത്ത്വത്തിന്‍റെ അവബോധങ്ങളിലേക്ക് വീണ്ടെടുത്തു. (ചോരയൊലിക്കുന്ന മുഖവുമായി നടന്ന ഒരു കൂട്ടം റബ്ബികളായിരുന്നു കൂട്ടത്തില്‍ കേമര്‍. എതിരെയെങ്ങാനും ഒരു സ്ത്രീ വന്നാല്‍ അബദ്ധത്തില്‍പോലും അവളെ കാണാതിരിക്കുവാന്‍ കണ്ണു മുറുകെ പൂട്ടി നടന്ന് ഭിത്തികളിലും മരങ്ങളിലും ഇടിച്ച് ചോര വാര്‍ന്നത്രേ.)

ക്രിസ്തുവിന്‍റെ വംശാവലിയില്‍ സ്ത്രീകളുടെ പേര് പ്രത്യക്ഷപ്പെടുന്നത് ഒരു യാദൃശ്ചികതയല്ല. മറിച്ച് അവന്‍റെ മനസ്സിന്‍റെ വെളിപ്പെടുത്തലാണ്. യഹൂദരുടെ വംശാവലികളില്‍ മാത്രമല്ല മിക്കവാറും എല്ലാ ദേശങ്ങളിലും സ്ത്രീയുടെ പേര് പരാമര്‍ശിക്കപ്പെടുകയില്ല. റാഹാബ്, ഒരു ഗണികയാണ്(ജോഷ്വാ 2:17), റൂത്ത് യഹൂദസ്ത്രീയല്ല മോവാബുകാരിയാണ് (റൂത്ത് 1:4), താമാര്‍ പ്രലോഭകയാണ്(ഉല്‍പത്തി 38) ബെത്സീബ സ്വന്തം ഭര്‍ത്താവിന്‍റെ ദുര്‍മരണത്തിന് നിമിത്തമായവളാണ്. ഇത്തരം ചില പേരുകള്‍ ക്രിസ്തുവിന്‍റെ ജനിതകവഴികളെ കുറെക്കൂടി ധ്യാനപൂര്‍ണമാക്കുന്നു. കഥകളൊക്കെ അവനെക്കുറിച്ചാണ്. ചരിത്രം പോലും അവനെക്കുറിച്ചാണ് എന്നൊരു നിരീക്ഷണം (His- story അവളുടേതല്ല - Her). ക്രിസ്തുവിന്‍റെ കഥകളില്‍ അവനു സമാന്തരമായി പലപ്പോഴും അവള്‍ കഥാപാത്രമായി. ഉദാഹരണം ആട് നഷ്ടപ്പെട്ട ഇടയന്‍, നാണയം  നഷ്ടപ്പെട്ട സ്ത്രീ, നിലത്തെറിയപ്പെട്ട കടുകുമണി, ഒരു സ്ത്രീ മാവില്‍ കലര്‍ത്തിയ പുളിമാവ്. ശിഷ്യന്മാരുടെ 'കാരവണ്‍' ജീവിതത്തില്‍ സ്ത്രീകളും പങ്കുചേര്‍ന്നു.

അവരാകട്ടെ അവനോട് അവസാനത്തോളം വിശ്വസ്തത പുലര്‍ത്തി. എല്ലാവരും ഉപേക്ഷിച്ച കുരിശിന്‍റെ വഴികളില്‍ ജറുസലേം പുത്രിമാരും വെറോനിക്കായും നിന്ദനങ്ങളില്‍ ഉലയാതെ അശ്ലീലം നിറഞ്ഞ ഫലിതങ്ങള്‍ക്കിടയിലൂടെ നടന്നു. (ഉടുത്തിരുന്ന അങ്കിപോലും ഉരിഞ്ഞിട്ട് ഓടി രക്ഷപെട്ട പുരുഷകേസരികള്‍! ആരാണവളെ ഭീരുവെന്നു വിളിക്കുക. സ്നേഹം അവളെ ധീരയാക്കുന്നു. അന്ധപോലും ആക്കുന്നു. ഭീരു, ദേ അവനാണ്. സ്നേഹത്തിന്‍റെ ഒറ്റയടിപ്പാതകളിലേക്കവളെ കൂട്ടിക്കൊണ്ടുപോയിട്ട് ഒടുവില്‍ പെണ്ണിനെപ്പോലെ കരയുന്നവന്‍. പോ, എനിക്കു കാണണ്ട, എനിക്കൊന്നും ഓര്‍ക്കുകയും വേണ്ട). പിന്നെ കുരിശിന്‍ ചുവട്ടില്‍, കല്ലറയില്‍, ഒടുവില്‍ ഉത്ഥാനത്തിന്‍റെ ആദ്യസാക്ഷികള്‍. പിന്നെ അതിന്‍റെ ആദ്യത്തെ പ്രഘോഷകരും. മഗ്ദലന മറിയമായിരുന്നു ആദ്യത്തെ സുവിശേഷക, പീറ്ററിനും ജോണിനും മുമ്പേ...

*** *** ***


കമലാദാസിന്‍റെ കോലാട് എന്നൊരു കവിതയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ജോലിസ്ഥലത്തുനിന്ന് അടുക്കളയിലേക്കും തിരിച്ചുമൊക്കെയോടി അവള്‍ കോലാടിനെപ്പോലെയായി. മക്കള്‍ പറയുന്നു, അമ്മ ശരിക്കും കോലാട് തന്നെ. ഈ ഓട്ടത്തിനിടയിലവള്‍ തളര്‍ന്നു വീഴുന്നു. ആശുപത്രിയുടെ ഇടനാഴികളിലൂടെ വീല്‍ച്ചെയറില്‍ നീങ്ങുമ്പോള്‍ അവള്‍ പിന്നെയും കുതറുന്നു. ദാ പരിപ്പു കരിയുന്ന മണം.

ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീ എന്ന് മറ്റൊരു കഥയുമുണ്ട്. ഘടികാരത്തെ തോല്പിക്കാനവള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കിടപ്പറയില്‍ നിന്ന് അടുക്കളയിലേക്ക്, കുട്ടിയുടെ സ്കൂളിലേക്ക്, ജോലിസ്ഥലത്തേക്ക്, ചന്തയിലേക്ക്, ഇതിനിടെ അവളുടെ വിശ്രമത്തെക്കുറിച്ച് ആരും ആരായുന്നേയില്ല.

അല്ല, ഒരാള്‍ അന്വേഷിച്ചിരുന്നു. അതുകൊണ്ടാണവന്‍, അവളെ വിശ്രമത്തിലേക്ക് ക്ഷണിച്ചത്. ഒരു വീട്ടമ്മയോടവന്‍ ഹൃദയപൂര്‍വ്വം പറഞ്ഞു, മര്‍ത്താ, നീയൊത്തിരി കാര്യങ്ങളെക്കുറിച്ച് വ്യാകുലയാകുന്നു. ഒരു നിമിഷം ശാന്തയായിരിക്കാന്‍ നിന്‍റെ മനസ്സിനെ പഠിപ്പിക്കുക. ഒരു നിമിഷം വെറുതെയിരുന്ന് മേഘമല്‍ഹാറിലെ "പൊന്നുഷസെന്നും നീരാടുവാന്‍, സൗന്ദര്യതീര്‍ത്ഥക്കടവില്‍..." എന്ന പാട്ടു കേള്‍ക്കട്ടെ. ഒരു പഴയ കവിതാപുസ്തകമെടുത്ത്, നീണ്ട കാത്തിരിപ്പ് അവരുടെ സ്നേഹത്തെ പവിത്രമാക്കിയെന്ന് വായിച്ച് ആന്തരികഹര്‍ഷത്തില്‍ മിഴി നനയട്ടെ. നിരത്തില്‍ കളിക്കുന്ന കുട്ടികളെ നോക്കി നില്ക്കട്ടെ. സഹപ്രവര്‍ത്തകളെക്കുറിച്ച് പത്രം പോലും വായിക്കാത്തവര്‍ എന്ന് നിന്ദിക്കുന്ന ചങ്ങാതിമാരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. അവര്‍ക്കെവിടെ സമയം? അവളുടെ സമയമെല്ലാമിങ്ങനെ മൊത്തമായും ചില്ലറയായും നമ്മള്‍ മോട്ടിച്ചുകൊണ്ടിരിക്കുന്നു. മുറ്റത്ത് വിരുന്നുകാരാണ്. നമ്മള്‍ ആര്‍ത്തുവിളിക്കുന്നു. "ദേ, നോക്കിക്കെ ആരൊക്കെയാണ് വന്നിരിക്കുന്നതെന്ന്..." അവളുടെ ഞായറാഴ്ചകളുടെ സ്വച്ഛതയിലേക്കും ഒരു കല്ല് വീഴുന്നു.


ഏഴാം വര്‍ഷം  ഭൂമിയെപ്പോലും തരിശായി ഇടണമെന്നാണ് ബൈബിള്‍ പറയുന്നത്. ഭൂമി തരിശിടുന്നതിനെക്കുറിച്ച് മസനോബു ഫുക്കുവാക്കൊയൊക്കെ പറയുമ്പോള്‍ ഇന്നു പോലും നമുക്കത് താങ്ങാനാവുന്നില്ല. എന്നിട്ടും എത്രയോ സഹസ്രാബ്ദങ്ങള്‍ക്ക് മണ്ണിനുപോലും ഒരു വിശ്രമം വേണമെന്ന് പറയുമ്പോള്‍ അറിയണം വേദമെഴുതി യവരുടെ ആത്മാഭിഷേകങ്ങള്‍. എത്രനാള്‍ ഒരാള്‍ക്ക് തന്നെത്തന്നെ സ്വയം കൊടുക്കാനാവും. മണ്ണ് സ്വീകരിക്കേണ്ട മഴയും വെയിലും മഞ്ഞുമുണ്ട്. ഊര്‍ജ്ജം പ്രസരിപ്പിക്കേണ്ടവര്‍ കണ്ടെത്തേണ്ട ചില ഊര്‍ജ്ജസ്രോതസ്സുകള്‍. അവള്‍ക്ക് വിശ്രമിക്കാനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാവണം. അതിന്‍റെയര്‍ത്ഥം അവളുടെ ഗാര്‍ഹിക ആകുലതകളില്‍ ഒരു കൈസഹായം നല്‍കണമെന്ന്. മെയില്‍ ഷോവനിസത്തിന്‍റെ  - പുരുഷ ആധിപത്യത്തിന്‍റെ - മാടമ്പിക്കെട്ടഴിച്ച് ഒരേപ്രണ്‍ കെട്ടണമെന്ന്...!

*** *** ***


ക്രിസ്തുവില്‍ വെളിപ്പെട്ടു കിട്ടുന്ന ഒരു സ്ത്രൈണ മുഖമുണ്ട്.തള്ളപ്പക്ഷി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ഒതുക്കാന്‍ കൊതിക്കുന്നതുപോലെ നിന്നെ എന്‍റെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുവാന്‍ ഞാനെത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് ജെറൂസലേമിനെ നോക്കി വിലപിക്കുന്നുണ്ട് ക്രിസ്തു. അവന്‍റെ ആ സ്വപ്നം മാംസ മാകുന്നത് അത്താഴമേശയിലാണ്. അത്താഴമേശയിലെ ക്രിസ്തുവിന്‍റെ ചലനങ്ങള്‍ സ്ത്രൈണമുദ്ര പേറുന്നവയാണ്.

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന അമ്മയുടെ കനിവോടെ പാദങ്ങള്‍ കഴുകുന്ന ക്രിസ്തു. തള്ളക്കിളി ഇളംകൊക്കുകളില്‍ ഭക്ഷണം വെച്ചുകൊടുക്കുന്ന കനിവോടു കൂടി അപ്പവും വീഞ്ഞും വിളമ്പുന്ന ക്രിസ്തു. അമ്മയെപ്പോലെ തന്നെ ഭക്ഷണമാകാന്‍ വിളിക്കുന്ന ക്രിസ്തു.

എല്ലാ രഹസ്യങ്ങളുടെയും നിഗൂഢതകള്‍ ആദ്യം വെളിപ്പെട്ടുകിട്ടുന്ന യോഹന്നാന് മനസ്സിലായി ഈ ഊട്ടുമേശയില്‍ ഒരു രൂപാന്തരീകരണം സംഭവിക്കുന്നു. താബോറില്‍ ദൈവമായി വെളിപ്പെടുത്തിയതുപോലെ ഓശാനയില്‍ രാജത്വത്തിന്‍റെ അടയാളങ്ങള്‍ കാട്ടിയതുപോലെ ഇവിടെ വെളിപ്പെടുന്ന സ്ത്രൈണമുദ്രകളുടെ സമൃദ്ധി പിന്നെ നാം വായിക്കുന്നു. ക്രിസ്തു സ്നേഹിച്ചിരുന്ന ശിഷ്യന്‍ അവന്‍റെ മാറോട് ചേര്‍ന്നു കിടന്നു. അമ്മയുടെ മാറിലെ കുഞ്ഞിനെപ്പോലെ.

*** *** ***


ഒരു പുരുഷനും ഒരു സ്ത്രീയെ മനസ്സിലാവില്ല. അതുകൊണ്ടാണ് എത്ര മുതിര്‍ന്നിട്ടും ഒരു സ്ത്രീ അഭയത്തിനുവേണ്ടി തിരയുന്നത് സ്മൃതികളിലെങ്കിലും അവളുടെ അമ്മയെതന്നെയാണ്. ഒടുവില്‍ ഒരു സ്ത്രീയെ ബലപ്പെടുത്താനും അവള്‍ക്ക് വിതുമ്പിക്കരയാനും മറ്റൊരു സ്ത്രീയുടെ ചുമലുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനെ നിങ്ങള്‍ എന്തു പേരു പറഞ്ഞു വേണമെങ്കിലും നിന്ദിച്ചുകൊള്ളൂ. അപ്പോള്‍ സ്ത്രീയുടെ ശത്രുവോ? അതും സ്ത്രീ തന്നെ. വര്‍ഗീയ ലഹള നടന്നൊരു നാട്ടില്‍ കുങ്കുമപൊട്ടണിഞ്ഞ സ്ത്രീകള്‍ തട്ടമിട്ട സ്ത്രീകളെ ഭ്രാന്തമായി തേടി നടന്ന  കഥകള്‍ മറക്കാന്‍ സമയമായോ? ഉള്ളില്‍ ദുഷ്ടതയുള്ള സ്ത്രീകള്‍ വളര്‍ന്ന് ഡാകിനിമാരാകുന്നു. ഉള്ളില്‍ ദുഷ്ടതയുള്ള പുരുഷന്മാരാവട്ടെ അതു കുറഞ്ഞു കുറഞ്ഞു സാന്താക്ലോസാവും.

*** *** ***


അപ്രിയ സത്യങ്ങള്‍ പറയരുതെന്നാണ് കേരളപ്രദേശത്തിന്‍റെ മുഴുവന്‍ പ്രസിഡന്‍റ് പറയുന്നത്. എന്നാലും ഒരു വാക്ക് നമ്മുടെ മഠങ്ങളെക്കുറിച്ച്പറയാതിരിക്കാനാ വുന്നില്ല. എത്ര ചെറുപ്രായത്തില്‍ വേറിട്ടു നടക്കാന്‍ വേണ്ടി നിശ്ചയിച്ച പ്രിയമുള്ള സഹോദരിമാര്‍. കുറെക്കൂടി സ്വത്വബോധം വേണമെന്ന് ശാഠ്യമുള്ളവര്‍. അതിന് ഒറ്റയ്ക്കുള്ള വഴികള്‍ ഉതകുമെന്ന് വിശ്വസിച്ചവര്‍. ഒടുവില്‍ അവര്‍ക്ക് എന്തു സംഭവിക്കുന്നു. ഓരോ നിമിഷവും അവര്‍ കടന്നുപോകുന്ന സമ്മര്‍ദ്ദങ്ങള്‍. വേറിട്ടൊരു ശബ്ദമില്ലാത്തമട്ടില്‍ അവര്‍ ഒരേയച്ചില്‍ ഒരേപോലെ രൂപപ്പെടുന്നു. ഒടുവില്‍ വന്നുവന്ന് അവര്‍ക്കൊരു പേരുപോലും ഇല്ലാതെയാകുന്നു - സിസ്റ്റര്‍! അല്ലെങ്കില്‍ ഒരേ പേരാകുന്നു. സങ്കടം വരുന്നു. സക്രാരിയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു സന്യാസിനി കരയുന്നത് എന്തുകൊണ്ട്?


ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

208

Featured Posts

Recent Posts

bottom of page