top of page
ശരീരത്തെ നമുക്ക് രണ്ടുതരത്തില്‍ നോക്കിക്കാണാന്‍ കഴിയും - ഒന്ന്: ഭൗതികം; രണ്ട് ആത്മീയം. പഞ്ചഭൂത നിര്‍മ്മിതമായ ശരീരത്തെ നാം ഭൗതികശരീരമെന്നു പറയുന്നു. അതിനകത്ത് പഞ്ചാത്മാക്കള്‍ കുടികൊള്ളുന്നുവെന്നാണ് പണ്ഡിതമതം. ശരീരത്തെ മറ്റൊരു തരത്തിലും നമുക്ക് വീക്ഷിക്കാം - കായികമെന്നും മാനസികമെന്നും. കര്‍മ്മേന്ദ്രിയ ബദ്ധമാണ് കായികശരീരം; ജ്ഞാനേന്ദ്രിയ ബദ്ധമായത് മാനസികലോകം. ഇത്തരം കാര്യങ്ങളില്‍ മനുഷ്യന് അവബോധമുണ്ടാക്കുക എന്നതാണ് മതങ്ങളുടെ ദൗത്യം. അതിനപ്പുറം സ്വര്‍ഗ്ഗത്തിലേക്കൊരു കോണി വച്ചുതരലോ ദൈവത്തെക്കൊണ്ട് ദാസ്യവൃത്തിയെടുപ്പിക്കലോ മതത്തിന്‍റെ ഉദ്ദേശ്യമല്ല. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യനില്‍ മൂല്യബോധമുളവാക്കലാണ് മതത്തിന്‍റെ ദൗത്യം. ചിന്താശീലര്‍ക്കിടയിലാണെങ്കില്‍ ഒരു ഉപനിഷദ് വാക്യം കൊണ്ടുതന്നെ അതു സാധിക്കാം. അല്ലാത്തവര്‍ക്കാകട്ടെ, ഒരു മഹാഭാരതംതന്നെ വേണ്ടി വരും.
മാവ് പൂക്കുന്നു; കണ്ണിമാങ്ങ പിറക്കുന്നു; അതു വളര്‍ന്ന് മൂക്കുന്നു; പഴുക്കുന്നു; ഒടുവില്‍ ഞെട്ടറ്റുവീഴുന്നു. അതുപോലെ മനുഷ്യശരീരവും ശൈശവ-ബാല്യ-കൗമാര ദശകളെയെല്ലാം പിന്നിട്ട് വാര്‍ദ്ധക്യത്തിലെത്തുന്നു. അത് പ്രകൃതിനിയമമാണ്. എന്നാല്‍ ആ വാദ്ധക്യത്തിലും യുവത്വം നിലനിര്‍ത്താന്‍ നമുക്കു കഴിയും. ആത്മാവിനോ മനസ്സിനോ വാര്‍ദ്ധക്യം ബാധിക്കില്ല; ബാധിക്കാതെ നോക്കാന്‍ നമുക്കു കഴിയും. ഇതൊക്കെ പണ്ഡിതന്മാര്‍, ആചാര്യന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. സാധാരണക്കാര്‍ക്ക് മുങ്ങിത്തപ്പി പെറുക്കിയെടുക്കാവുന്ന മുത്തുകളല്ല ഇവ. മതം പ്രസക്തമായിത്തീരുന്നത് ഇവിടെയാണ്. കഷ്ടമെന്നു പറയട്ടെ, നമ്മുടെ ആചാര്യന്മാര്‍ക്ക് ആത്മീയകാര്യങ്ങളേക്കാളധികം താത്പര്യം ഭൗതിക കാര്യങ്ങളിലാണ്. ലോകത്തില്‍ സ്പര്‍ദ്ധയും വൈരാഗ്യവും വളരുന്നതിന്‍റെ കാരണവും അതാണ്. പണ്ട് ആചാര്യന്മാര്‍ വനങ്ങളിലാണ് അഭയം തേടിയിരുന്നതെങ്കില്‍, ഇന്നത്തെ ആചാര്യന്മാര്‍ നഗരങ്ങളില്‍ അഭയം കണ്ടെത്തുന്നു. അതിനുമപ്പുറം അവര്‍ വനങ്ങളെപ്പോലും നഗരങ്ങളാക്കി മാറ്റുന്നു.
ആത്മീയകാര്യങ്ങളില്‍ അതിപരിമിതമായ ജ്ഞാനമേ ഈ ലേഖകനുള്ളൂ. ആ വഴിക്ക് തിരിയാനുള്ള സൗകര്യമോ സാഹചര്യമോ ഉണ്ടായിരുന്നില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരിയാവുക. സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയില്‍ വളര്‍ന്നുവന്ന ആ ഒരു തലമുറയില്‍പ്പെട്ട ഒരാളാണ് ഈ ലേഖകനും. കിട്ടിയ സ്വാതന്ത്ര്യം കളഞ്ഞുകുളിക്കാതെ എങ്ങനെ സൂക്ഷിക്കാമെന്നും, എങ്ങനെ അതിനെ പരിപോഷിപ്പിക്കാമെന്നുമുള്ളതായിരുന്നു ആദ്യകാലത്തെ ചിന്ത. ജ്ഞാനമാര്‍ഗ്ഗത്തെയോ ഭക്തിമാര്‍ഗ്ഗത്തെയോ അവലംബിക്കുന്നതിനു പകരം കര്‍മ്മമാര്‍ഗ്ഗത്തെ അവലംബിക്കാന്‍ ഇതു പ്രേരകമായിത്തീര്‍ന്നു. ദിവസവും ഏതാണ്ട് പതിനെട്ടു മണിക്കൂര്‍ അധ്വാനിക്കുന്നത് അങ്ങനെ ഒരു ശീലമായിത്തീര്‍ന്നു. ഒരു പത്രപ്രവര്‍ത്തകന് ആറുമണിക്കൂറാണ് നിശ്ചിത ജോലിസമയം. എന്നാല്‍ ഈ ലേഖകന്‍ അതൊരു പരിധിയായി ഒരിക്കലും കണക്കാക്കിയിരുന്നില്ല. തനിക്കു ചിലതെല്ലാം ചെയ്യാനുണ്ടെന്ന വിചാരം മനസ്സിലുള്ളപ്പോള്‍, ജോലി സമയം ഒരു പ്രശ്നമായിത്തീരില്ല. യുവത്വത്തെ നിലനിര്‍ത്താന്‍ തന്മൂലം എളുപ്പത്തില്‍ സാധിക്കുന്നു.
ഇങ്ങനെയെല്ലാമാണെങ്കിലും ഭൗതികശരീരത്തിന്‍റെ വളര്‍ച്ചയെ - വാര്‍ദ്ധക്യത്തെ - ഒരാള്‍ക്കു തടയാനാവില്ലല്ലൊ. ഈ വൈതരണി കടക്കാന്‍ പ്രകൃതിജീവനത്തെയാണ് ഈ ലേഖകന്‍ പ്രധാനമായും ആശ്രയിച്ചത്. ആഹാര-വിഹാരാദികളില്‍ മിതത്വം എന്ന ആയുര്‍വ്വേദ തത്വം പണ്ടേ ശീലിച്ചിരുന്നതിനാല്‍ പ്രകൃതിജീവനചര്യകള്‍ ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.
ആയൂര്‍വ്വേദക്കാര്‍ "അപബാഹു" എന്നു പേരിട്ടിരിക്കുന്ന രോഗത്തില്‍ നിന്നാണിതിന്‍റെ തുടക്കം. ഏതാണ്ട് നാല്പതുകൊല്ലം മുമ്പാണത്. കൈകള്‍ ഉയര്‍ത്താനാകാത്ത സ്ഥിതി വരുക എന്നതാണ് രോഗലക്ഷണം. ചുമലില്‍ എന്തോ നീര്‍കെട്ടിയതുപോലെ ഒരു തോന്നല്‍. രണ്ടുമാസം അലോപ്പതി ചികിത്സ നോക്കി. കുറച്ചുദിവസം എന്തോ ഗുളികകള്‍ കഴിച്ചു; അവസാനം ഒരു മാസം ഫിസിയോ തെറാപ്പി നോക്കി. കുറെയേറെ വേദന തിന്നുവെന്നല്ലാതെ ഫലമൊന്നുമുണ്ടായില്ല. പിന്നീട് ആയുര്‍വ്വേദ ചികിത്സ നോക്കി. രോഗാരംഭത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഒരാഴ്ചകൊണ്ട് സുഖപ്പെടുത്താമായിരുന്നുവെന്ന് വൈദ്യര്‍ പറഞ്ഞുവെങ്കിലും മൂന്നുമാസം കുഴമ്പു പുരട്ടിയിട്ടും ഫലമുണ്ടായില്ല. അക്കാലത്താണ് പ്രകൃതിജീവനാചാര്യന്‍ സി. ആര്‍. ആര്‍. വര്‍മ്മ തൃശൂരില്‍ സന്ദര്‍ശനമാരംഭിച്ചത്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, തോളില്‍ വെയില്‍ കൊള്ളിക്കാനാണ് പറഞ്ഞത്. രാവിലെ പത്രങ്ങളുമെടുത്ത് വീടിനടുത്തുള്ള ഫുട്ബോള്‍ഗ്രൗണ്ടില്‍ പോയി വടക്കോട്ട് തിരിഞ്ഞിരിക്കും. അപ്പോള്‍ വലത്തെ തോളില്‍ സൂര്യപ്രകാശമേല്‍ക്കും. പത്രവായന ദിനചര്യയില്‍പ്പെട്ടതാകയാല്‍, എത്രനേരം വേണമെങ്കിലും അവിടെ ഇരിക്കാം. ഒരു മണിക്കൂര്‍ വെയില്‍കൊണ്ടശേഷം വീട്ടില്‍വന്ന് കുളിച്ച് പ്രാതല്‍ കഴിച്ച് ഓഫീസില്‍ പോകും. ഒരുമാസം കൊണ്ട് രോഗം പൂര്‍ണ്ണമായും മാറി.
കുട്ടിക്കാലം മുതല്‍ പിന്‍തുടര്‍ന്നിരുന്ന അപസ്മാരം ഇടയ്ക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് കറുകനീര് കഴിക്കാന്‍ വര്‍മ്മാജി ഉപദേശിച്ചു. ഒരുപിടി കറുക കുറച്ച് ശുദ്ധജലം കൂട്ടി അമ്മിയിന്മേല്‍ അരച്ച് തുണിയില്‍ പിഴിഞ്ഞ് നീരെടുക്കുക. അതുകഴിച്ച് ഒരു മണിക്കൂറിനുശേഷം പ്രാതല്‍ കഴിക്കാം. ഏതാണ്ട് ഒരു കൊല്ലംകൊണ്ട് സ്ഥിതി വളരെ മെച്ചപ്പെട്ടു.
അപ്പോഴാണ് തലമുടി നരയ്ക്കാനും കൊഴിയാനും തുടങ്ങിയത്. ജരാനരകള്‍ വാര്‍ധക്യലക്ഷണമാണല്ലൊ. അതിനു പരിഹാരമായി നവധാന്യങ്ങള്‍ മുളപ്പിച്ചു കഴിക്കാന്‍ വര്‍മ്മാജി നിര്‍ദ്ദേശിച്ചു. ഒരുപിടി നവധാന്യങ്ങള്‍ രാവിലെ വെള്ളത്തിലിടുക. സന്ധ്യയ്ക്ക് അരിച്ചെടുത്ത് നനഞ്ഞ ഒരു തുണിയില്‍ മുറുക്കികെട്ടി എടുത്തുവയ്ക്കുക. പുലരുമ്പോഴേക്കും മുള പൊട്ടിയിരിക്കും. അല്പം നാളികേരം ചിരകിച്ചേര്‍ത്താല്‍ അങ്ങനെതന്നെ ചവച്ചരച്ചു തിന്നാം. ഇത് പ്രാതലിനു പകരമാണ്. ആറുമാസം കൊണ്ട് തലമുടി പൂര്‍വ്വാവസ്ഥയിലെത്തി.
ഈ അവസരത്തില്‍ കാല്‍മുട്ടിന് വേദന അനുഭവപ്പെടാന്‍ തുടങ്ങി. പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തനകനായിരുന്ന പ്രൊ. ജോണ്‍സി ജേക്കബ്ബാണ് ഇതിനൊരു പരിഹാരം നിര്‍ദ്ദേശിച്ചത്. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് കുമ്പളങ്ങാനീരു കഴിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. നമ്മുടെ ശരീരം ക്ഷാരപ്രധാനമാണ്; എന്നാല്‍ നമ്മുടെ ഭക്ഷണം അമ്ലപ്രധാനമാണ്. ഈ ബാലന്‍സില്ലായ്മയാണ് രോഗകാരണമാകുന്നത്. ക്ഷാരപ്രധാനമായ കുമ്പളങ്ങാനീര് രാവിലെ വെറും വയറ്റില്‍ അകത്തുചെന്നാല്‍ രോഗങ്ങള്‍ അകന്നുനില്‍ക്കും. ദിവസവും രാവിലെ അര കിലോ കുമ്പളങ്ങാ നുറുക്കി മിക്സിയില്‍ അടിച്ചെടുത്താല്‍ ഒരു ഗ്ലാസ് നീരു കിട്ടും. ഇതിന്‍റെ ഫലം ഒരു മാസത്തിനകം തന്നെ അനുഭവപ്പെട്ടു. എങ്കിലും കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമായി ഞാനീ ദിനചര്യ പിന്‍തുടര്‍ന്നു വരുന്നു. ഈ എണ്‍പതാം വയസ്സിലും പ്രത്യേകിച്ച് രോഗമൊന്നുമില്ലാതെ ജീവിക്കാന്‍ സഹായിക്കുന്നത് ഈ പ്രകൃതിജീവന രീതിയാണെന്നു തോന്നുന്നു.
കായികാരോഗ്യം കൊണ്ടുമാത്രം ഒരാള്‍ക്ക് വാര്‍ദ്ധക്യത്തിലും യുവത്വം നിലനിര്‍ത്താനാവില്ല. കായികാരോഗ്യംപോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. റിട്ടയര്‍ ചെയ്തശേഷം ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നവന്‍റെ ദുര്‍വിധിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന ത്യാഗമനോഭാവം ഉള്ളില്‍ കിടന്നു നീറുമ്പോഴേ ഒരാള്‍ക്കു മാനസികാരോഗ്യം കൈവരൂ. വാര്‍ദ്ധക്യത്തിലും പ്രസരിപ്പും ചൈതന്യവും ഉണ്ടാക്കുന്നത് മാനസികാരോഗ്യമാണ്.
തികഞ്ഞ പ്രകൃതിജീവനക്കാരനായാല്‍പ്പോലും ഒരാളുടെ ശരീരത്തില്‍ കുറെ മിച്ച ഊര്‍ജ്ജം അടിഞ്ഞുകൂടും. ആ മിച്ച ഊര്‍ജ്ജത്തെ അന്നന്ന് കത്തിച്ചുകളയാതിരുന്നാല്‍ അതു പുറത്തുചാടാന്‍ വഴിയുണ്ടാക്കും. അതാണ് രോഗരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിനു കാത്തുനില്‍ക്കാതെ വ്യായാമങ്ങളിലൂടെ ആ മിച്ച ഊര്‍ജ്ജത്തെ കത്തിച്ചുകളയാവുന്നതേയുള്ളൂ. പണ്ട് പാടത്തോ പറമ്പിലോ പണിയില്ലാത്തവര്‍ അപൂര്‍വ്വമായിരുന്നു. അതിനാല്‍ വ്യായാമം ഒരു പ്രശ്നവുമായിരുന്നില്ല.
വ്യായാമമാര്‍ഗ്ഗമില്ലാത്തവര്‍ക്കുള്ളതാണ് ദേവാലയങ്ങള്‍. ഹൈന്ദവ ക്ഷേത്രങ്ങളില്‍ നമസ്കാര മണ്ഡപം എന്നൊരു മണ്ഡപം തന്നെയുണ്ട്. നൂറ്റെട്ടു തവണ നമസ്കരിക്കുകയാണെങ്കില്‍ ഒരാള്‍ക്കാവശ്യമായതിലേറെ വ്യായാമം ലഭിക്കും. അതിനു കഴിവില്ലാത്തവര്‍ക്കുള്ളതാണ് പ്രദക്ഷിണവഴി. ദേവനെ തൊഴുതതിനുശേഷം പത്തോ ഇരുപതോ തവണ പ്രദക്ഷിണം വച്ചാലും ഒരാള്‍ക്കാവശ്യമായ വ്യായാമമായി. കാലക്രമത്തില്‍ ഇതെല്ലാം വെറും ചടങ്ങായെന്നത് വേറൊരു കാര്യം. ഇന്ന് നമസ്കരിക്കുക എന്നുപറഞ്ഞാല്‍ വെറുതെ മുട്ടുകുത്തലായിട്ടുണ്ട്. അര്‍ത്ഥമറിയാതെ നടത്തുന്ന അനുഷ്ഠാനങ്ങള്‍ വെറും ആചാരങ്ങളോ ചിലപ്പോള്‍ ദുരാചാരങ്ങളോ ആയിത്തീരും. ദുഃഖം പങ്കിട്ടാല്‍ അതു ലഘൂകരിക്കും; സുഖംപങ്കിട്ടാല്‍ അത് പ്രവൃദ്ധമാകും. ഈ അടിസ്ഥാന തത്ത്വമാണ് "വിളിച്ചു ചൊല്ലി പ്രായശ്ചിത്തം", കുമ്പസാരം എന്നിവയില്‍ അടങ്ങിയിരിക്കുന്നത്. നാം അതു മറന്നിരിക്കുന്നു. അതു വെറുമൊരു പൗരോഹിത്യ കര്‍മ്മമാക്കി മാറ്റിയിരിക്കുന്നു.
വാര്‍ധക്യത്തിലും യുവത്വം നിലനിര്‍ത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം ത്യാഗമനോഭാവത്തോടുകൂടിയ സമൂഹസേവന തൃഷ്ണ വളര്‍ത്തിയെടുക്കലാണ്. ഇത് കുട്ടിക്കാലത്തേതന്നെ ശീലമാക്കണം. കായികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ഉപനിഷദ് വാക്യങ്ങളും പത്തു കല്പനകളും അതിനുള്ള വഴിയാണ് തുറന്നുതരുന്നത്. ശാസന എന്നതിലുപരി അതിനെ ജീവിതത്തിന്‍റെ ആധാരശിലയായി സ്വീകരിക്കുമ്പോള്‍ യുവത്വം താനേ കൈവരും.
Featured Posts
bottom of page