top of page
കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ആര്‍ക്കും ചൈതന്യവത്തായിരുന്ന പോയകാലത്തെപ്പറ്റിയുള്ള മധുരമായ ഓര്‍മ്മകള്‍ നിരവധിയുണ്ടാകും. ആധുനിക നാഗരികതയുടെ കടന്നുകയറ്റവും, ഭൗതിക-സാങ്കേതിക, ശാസ്ത്രങ്ങള്‍ തുടങ്ങിയവ സമൂഹഘടനയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങളും നിയന്ത്രണാതീതമാണ്. നമ്മുടെ കൃഷിസംസ്കൃതിയിലും അവ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്. എന്നാല്‍ പോയകാലത്തെ കൃഷിയും കൃഷിയുടെ ലാളിത്യവും മനംകുളിര്‍പ്പിക്കുന്ന വിളവെടുപ്പും തിരിച്ചുകൊണ്ടുവരുവാന്‍ പറ്റുമെന്നുള്ളതിന് കുറഞ്ഞ കാലംകൊണ്ട് ഉണ്ടായ അനുഭവങ്ങളാണ് ഈ ലേഖനത്തിനുള്ള ശക്തമായ പ്രചോദനം നല്‍കുന്നത്.
21-ാം നൂറ്റാണ്ടിന്‍റെ 'ഡാര്‍വിന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലക്സാണ്ടര്‍ ഓപ്പാര്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്ന ഭൗതികസിദ്ധാന്തത്തെ പരിശോധിക്കുന്നു. അനുകൂലമായ ഒരു സമയത്ത് അനുകൂലസാഹചര്യത്തില്‍ പദാര്‍ത്ഥങ്ങള്‍ ഒന്നിച്ചുചേര്‍ന്നപ്പോഴാണ് ജീവന്‍ ഉണ്ടായത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പദാര്‍ത്ഥങ്ങള്‍ എന്നതിന് മൂലകങ്ങള്‍ എന്നാക്കിയാലും ഒരു കാര്യം വ്യക്തമാണ് ജീവന്‍ ഉണ്ടാകുവാന്‍ അനുകൂലമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കണം. ഏത് പ്രസ്താവത്തെ ആശ്രയിച്ചാലും ശരി വിഷം അനുകൂല സാഹചര്യമാകുമോ? മണ്ണ് വിഷപൂരിതമായാല്‍, ജലം കാളിന്ദിയായാല്‍, വായു വിഷധൂളികളാല്‍ നിറഞ്ഞാല്‍ പിന്നെ എങ്ങനെ ജീവന്‍ സാദ്ധ്യമാകും? അന്നത്തിന്‍റെ ആധാരമായ പഞ്ചഭൂതങ്ങള്‍ വിഷപൂരിതമായാല്‍ ആഹാരം വിഷമാകാതിരിക്കുമോ? ജീവന്‍ ഉണ്ടാകാതെയിരിക്കുവാനും പിറവി എടുത്ത ജീവന്‍റെ ശരീരത്തിന് നിലനില്‍ക്കാനും പറ്റാത്ത അവസ്ഥ.
കൃഷിയെ പൂര്‍ണ്ണമായും രാസ-വിഷ മുക്തമാക്കുക എത്ര എളുപ്പമല്ല. 1981 ല്‍ കുട്ടനാട് വാട്ടര്‍ബാലന്‍സ് സ്റ്റഡി എന്ന പ്രോഗ്രാമിന്‍റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് പുഞ്ചക്കും വിരിപ്പിനുമായി ഒരു വര്‍ഷം 25000 ടണ്‍ രാസവളങ്ങളും 500 ടണ്‍ മാരകങ്ങളായ കള-കീടനാശിനികളും അവിടെ ഉപയോഗിക്കുന്നുണ്ട്. ഇത് 81-ലെ കണക്കാണ്. ഇന്ന് എത്ര ആയിരിക്കുമെന്ന് ചിന്തിക്കുക. ഇതിനു സമാനമായി 2009 ല്‍ ഇടുക്കി ജില്ലയില്‍ ഒരു സ്വകാര്യപഠനം കണ്ടെത്തിയ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇടുക്കി ജില്ലയിലെ ഏലത്തോട്ടങ്ങളില്‍ 1 വര്‍ഷം 1 ഹെക്ടര്‍ ഭൂമിയില്‍ വീഴ്ത്തുന്ന കീടനാശിനിയുടെ അളവ് 29 കിലോയും തേയിലത്തോട്ടങ്ങളില്‍ 1 വര്‍ഷം 1 ഹെക്ടറില്‍ വീഴ്ത്തുന്ന വിഷത്തിന്‍റെ അളവ് 9 കിലോയും ആണ്. അതേസമയം ഇന്ത്യയിലെ മൊത്തം കൃഷിഭൂമിയില്‍ 1 വര്‍ഷം 1 ഹെക്ടറില്‍ വീഴ്ത്തുന്ന കീടനാശിനി വെറും 1/2 കിലോ മാത്രം. ഇടുക്കിജില്ലയില്‍ മാത്രം ഒരു വര്‍ഷം 1000 കോടിയിലധികം രൂപയുടെ കള-കീടനാശിനികള്‍ മാത്രം വില്‍ക്കുന്നതായി കണക്കുകള്‍ പറയുന്നു. ചികിത്സയുടെ പേരില്‍ ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന കെമിക്കലുകളും ആധുനിക ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പങ്കുവഹിക്കുന്ന കെമിക്കലുകളും ലോകം മുഴുവനായി എതിര്‍ദിശയിലേക്ക്, സത്യത്തിലേക്ക്, തിരിയുന്നതുവരെ സമൂഹത്തില്‍ നിലനില്‍ക്കുമായിരിക്കാം. എന്നാല്‍ മനുഷ്യന്‍റെ ഭക്ഷണം ഉണ്ടാക്കുന്നിടത്ത് -കൃഷിയില്‍നിന്ന്- നമുക്ക് അത് ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍ പറ്റും. ഇവിടെയാണ് ശ്രീ പലേക്കര്‍ മാതൃക ചെലവില്ലാ പ്രകൃതികൃഷി പ്രസക്തമാകുന്നതും നമുക്ക് നിലനില്‍പ്പിന്‍റെ പ്രതീക്ഷ നല്‍കുന്നതും.
എന്താണ് സീറോ ബജറ്റ് പ്രകൃതികൃഷി
ഈ കൃഷിരീതിയുടെ ഉപജ്ഞാതാവ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലക്കാരനായ ബസവശ്രീ സുഭാഷ് പലേക്കറാണ്. അദ്ദേഹം ഈ കൃഷിരീതിക്ക് സ്പിരിച്വല്‍ ഫാമിങ് എന്നും പറയുന്നുണ്ട്. മറാത്തവാറ സര്‍വ്വകലാശാലയില്‍നിന്നു കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം സ്വന്തം കൃഷിയിടത്തിലേക്കുതന്നെ തിരിഞ്ഞു. പഠിച്ച കൃഷിരീതിതന്നെ -രാസവളങ്ങളും കടകീടനാശിനികളും ഉപയോഗിച്ച്- ആണ് ചെയ്തത്. ആദ്യമൊക്കെ നല്ല വിളവും ലാഭവും ഉണ്ടായിരുന്നു. ക്രമേണ ഉല്‍പ്പാദനം കുറഞ്ഞപ്പോള്‍ തന്‍റെ കാര്‍ഷിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകരെ സമീപിച്ചു. അവര്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും ശുപാര്‍ശചെയ്തു. അപ്പോള്‍ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിച്ചു. കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയായി. ഈ ഘട്ടത്തിലാണ് തന്‍റെ വിദ്യാഭ്യാസ കാലത്ത് പഠനവിധേയമാക്കിയ ആദിവാസി കൃഷിയെപ്പറ്റി ഓര്‍ത്തത്. കാട്ടില്‍ ആരും എന്‍.പി.കെ. മിശ്രിതം ഇടുന്നില്ല. കീടനാശിനികള്‍ ഒന്നും തളിക്കുന്നില്ല. കാട്ടിലെ മണ്ണിന്‍റെ വളക്കൂറ് നാട്ടിലെ കൃഷിയിടത്തില്‍ ഇല്ല. കാട്ടില്‍ നിറയെ സസ്യങ്ങള്‍. എല്ലാം ആരോഗ്യത്തോടെ അത്ഭുതകരമായ വിളവും നല്‍കിനില്‍ക്കുന്നു. തുടര്‍ന്ന് നടത്തിയ ഗവേഷണ-നിരീക്ഷണങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ കൃഷി സങ്കേതമാണ് ചെലവില്ലാ പ്രകൃതികൃഷി. കൃത്യമായി പറഞ്ഞാല്‍ ഹരിതവിപ്ലവത്തിനു മുന്‍പുവരെ ഇവിടെ നിലനിന്നിരുന്ന കൃഷി തന്നെയാണ് ഇത്. 60-70 വര്‍ഷംമുന്‍പുവരെ ഇന്ത്യയില്‍ എവിടെയും നമ്മുടെ തനതു നാടന്‍ കന്നുകാലിയുടെ ചാണകവും മൂത്രവും മാത്രമാണ് കൃഷിയില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് ഒട്ടുമിക്ക കാര്‍ഷിക സമൂഹങ്ങളിലും അത് അങ്ങനെയായിരുന്നു.
കൃഷിയിടത്തിലെ മണ്ണിനെ കാട്ടിലെ മണ്ണാക്കുന്ന പ്രക്രിയയും നാടന്‍ പശുവും
ഇന്ത്യ, ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ കരകളില്‍ ഉള്ള പശുക്കളുടെ ശാസ്ത്രനാമം ബോസ് ഇന്‍ഡിക്കസ് എന്നാണ്. ധവളവിപ്ലവത്തിന്‍റെ പേരില്‍ വിദേശത്തുനിന്നു ഇറക്കുമതിചെയ്ത ജേഴ്സി എച്ച്.എ.എഫ്. ഇനങ്ങളുടെ ശാസ്ത്രനാമം ബോസ്ടോറസ് എന്നാണ്. ഇവ രണ്ടും വ്യത്യസ്ത മൃഗങ്ങളാണ്. മനുഷ്യനും മനുഷ്യക്കുരങ്ങും തമ്മിലുള്ള വ്യത്യാസംപോലെ പ്രകടമായ വ്യത്യസ്തകള്‍ ഇവക്കു തമ്മിലും ഇവയുടെ ചാണകം, മൂത്രം, പാല്‍ എന്നിവയുടെ ഘടനയിലും ഗുണത്തിലുമൊക്കെ ഉണ്ട്. ഉദാഹരണമായി നാടന്‍പശുവിന്‍റെ 100 ഗ്രാം ചാണകത്തില്‍ സൂക്ഷ്മാണുക്കള്‍ 300 കോടിയിലും ഏറെയുണ്ട്. അതേസമയം ജേഴ്സി എച്ച്.എഫ്. ഇനങ്ങളുടെ 100 ഗ്രാം ചാണകത്തില്‍ അവ വെറും ലക്ഷത്തില്‍പ്പരം മാത്രമാണ്. കാട്ടിലെ മണ്ണിന്‍റെ ഫലഭൂയിഷ്ഠതയുടെ കാരണം ആ മണ്ണിലെ സൂക്ഷ്മാണുക്കളുടെയും ചെറുജീവികളുടെയും സാന്നിദ്ധ്യമാണ്. അപ്പോള്‍ നാടന്‍പശുവിന്‍റെ ചാണകത്തിലുള്ള കോടിക്കണക്കിന് സൂക്ഷ്മാണുക്കളെ വര്‍ദ്ധിപ്പിച്ച് കൃഷിയിടത്തില്‍ കൊടുത്താല്‍ കൃഷിയിടത്തില്‍ കാട്ടിലെ മണ്ണിന്‍റെ അവസ്ഥ ഉണ്ടാക്കാമെന്ന് അദ്ദേഹം കണ്ടെത്തി. നാടന്‍പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ചുണ്ടാകുന്ന 'ജീവാമൃതം' ഒരിക്കലും വളമല്ല. മറിച്ച് സൂക്ഷ്മാണുക്കളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു കള്‍ച്ചര്‍ (ഉറ)മാത്രമാണ്.
ജീവാമൃതം ഉണ്ടാക്കുന്നവിധം
വെള്ളം 200 ലിറ്റര്‍
ഏതെങ്കിലും പയര്‍ വര്‍ഗ്ഗം 1 കി. (അരച്ചതോ, പൊടിച്ചതോ)
നാടന്‍ പശുവിന്‍റെ ചാണകം 10 കിലോ
ശര്‍ക്കര 1 കി.
നാടന്‍ പശുവിന്‍റെ മൂത്രം 7 ലിറ്റര്‍
വിഷം തീണ്ടാത്ത മണ്ണ് ഒരു പിടി
ഈ മിശിത്രം ഉണ്ടാക്കിയിട്ട് വലത്തേയ്ക്കുമാത്രം മൂന്ന് മിനിട്ട് ഇളക്കി ചണചാക്കുകൊണ്ട് മൂടിവെയ്ക്കുക. ദിവസം മൂന്നുപ്രാവശ്യം ഇങ്ങനെ ഇളക്കണം. 48 മണിക്കൂര്‍ കഴിഞ്ഞ് 200 ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്ത് കൃഷിയിടത്തിലേയ്ക്ക് ഒഴിച്ചുകൊടുക്കണം. ഏത് വിളയായലും ഒരേക്കറിന് വേണ്ടിയുള്ളതാണ് ഈ അളവ്. ഒരു നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ വരെ കൃഷിചെയ്യാമെന്ന് പലേക്കര്‍ തെളിയിക്കുന്നു. ബീജാമൃതം, ജീവാമൃതം, പൊത, വാപസ എന്നീ നാല് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് കൃഷിയിടത്തില്‍ കാട്ടിലെ സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിക്കാം.
ബീജാമൃതവും ജീവാമൃതവും ഉണ്ടാക്കുന്നതിന് മാത്രമാണ് നാടന്‍പശുവിന്‍റെ ചാണകവും മൂത്രവും വേണ്ടിവരുന്നത്. പണ്ട് അനുവര്‍ത്തിച്ചിരുന്ന കൃഷിരീതിയില്‍ കന്നുകാലി വളം ക്വിന്‍റല്‍ കണക്കിന് ഉപയോഗിച്ചിരുന്നെങ്കില്‍ ഈ രീതിയില്‍ ഒരേക്കറിലേക്ക് വേണ്ടിവരുന്ന ചാണകത്തിന്‍റെ അളവ് വളരെ കുറച്ചുമതി. ബീജാമൃതത്തില്‍ വിത്തുകള്‍ സംസ്കരിച്ചുവെക്കുമ്പോള്‍ വിത്തുകളുടെ മുളകളുടെ കരുത്തും ഊറ്റവുമൊക്കെ അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് എത്ര അവധാനതയോടെയാണ് ഇതിന്‍റെ സങ്കേതങ്ങള്‍ കണ്ടുപിടിച്ചിട്ടുള്ളത് എന്ന് മനസ്സിലാകുന്നത്. കീടശല്യങ്ങള്‍ക്കും പൂപ്പലിനും മറ്റുമായി പലതരത്തിലുള്ള ഔഷധക്കൂട്ടുകളും മറ്റും നല്കുമ്പോള്‍ അത് പ്രയോഗിക്കുവാന്‍ സഹായകമാകുംവിധം തദ്ദേശീയങ്ങളായ ഏതെങ്കിലും സസ്യങ്ങളുടെ ഇലകള്‍ എടുക്കാവുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ലിസ്റ്റുതന്നെ ശ്രീ പലേക്കര്‍ നല്കുന്നു. ഇതൊന്നും പറ്റിയില്ലെങ്കില്‍ ജീവാമൃതംതന്നെ ഒരേ സമയം കീടനാശിനിയായി ഉപയോഗിക്കുന്നത് കീടങ്ങളെ അകറ്റിനിര്‍ത്തുന്നതിന് സഹായിക്കുന്നു.
എങ്ങനെയാണ് സീറോ ബജറ്റ് ആകുന്നത്
ഈ കൃഷിരീതിയില്‍ ഒരു കര്‍ഷകന്‍ പുറത്തുനിന്നും വില കൊടുത്തുവാങ്ങേണ്ടി വരുന്നത് ഒരു വസ്തു മാത്രമാണ്, ഒരു നാടന്‍പശു. അതു കഴിഞ്ഞാല്‍പ്പിന്നെ മാര്‍ക്കറ്റില്‍നിന്നോ കടയില്‍നിന്നോ ഒരു കര്‍ഷകനും ഒന്നും വാങ്ങേണ്ടിവരുന്നില്ല. പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഏതെങ്കിലും ഒന്ന് കൃഷിയിടത്തില്‍ ഉല്‍പ്പാദിപ്പിക്കാം. ശര്‍ക്കരയ്ക്കു പകരം സീസണലായി ലഭിക്കുന്ന ഏതെങ്കിലും പഴം മതിയാകും. അല്ലെങ്കില്‍ തേങ്ങാവെള്ളം ആയാലും മതി. മുണ്ടക്കയത്ത് പറത്താനത്തുള്ള കര്‍ഷകന്‍ ശ്രീ. എം. എം. ജോസഫ് ശര്‍ക്കരയ്ക്കുപകരം ചക്കപ്പഴവും പയറിനു പകരം ചക്കക്കുരുവും ജീവാമൃതത്തിന് ഉപയോഗിച്ചപ്പോള്‍ വളരെ നല്ല ഫലസിദ്ധി ഉണ്ടായതായിപ്പറയുന്നു. പണ്ട് ഉണ്ടായിരുന്ന നമ്മുടെ പാരമ്പര്യകൃഷിയിലും കര്‍ഷകന്‍ അങ്ങാടിയില്‍നിന്നും ഒന്നും വാങ്ങിയിരുന്നില്ല. മറിച്ച് കര്‍ഷകനില്‍നിന്ന് സാധനങ്ങള്‍ അങ്ങാടിയില്‍/ ചന്തയില്‍ എത്തുകയായിരുന്നു. കര്‍ഷകന്‍റെ വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനും വിപണിസ്ഥിരത ഉണ്ടാകുന്നതിനുമായി ഉടലെടുത്ത സഹകരണപ്രസ്ഥാനങ്ങള്‍പ്പോലും ഇന്ന് കര്‍ഷകനെ ഒരു തരം വിഷമവൃത്തത്തിലാക്കി ആവശ്യമില്ലാത്ത പലതും കെട്ടിയേല്‍പ്പിക്കുന്നതായി കാണുന്നു.
ഇന്നത്തെ ഏറ്റവും വലിയ പരാതി കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ലെന്നുള്ളതാണ്. അതു ശരിതന്നെ. എന്നാല്‍ പലേക്കര്‍ രീതിയില്‍ മണ്ണില്‍ മുടക്കേണ്ട അദ്ധ്വാനം വളരെ കുറവാണ്. മണ്ണ് കിളയ്ക്കുന്നതും വളമിടേണ്ടതുമൊക്കെ മണ്ണില്‍ സ്വാഭാവികമായി വളരുന്ന ചെറുജീവികളാണ്. പ്രത്യേകിച്ചും ഈ പണിയില്‍ നല്ലൊരു ശതമാനവും നമ്മുടെ മണ്ണിരകള്‍തന്നെയാണ് നിര്‍വ്വഹിക്കുക. ജീവാമൃതം മണ്ണില്‍ കൊടുക്കുമ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ മണ്ണിരയുടെ 'കുരുപ്പകള്‍" കണ്ടു തുടങ്ങുമ്പോള്‍ അത്ഭുതപ്പെട്ടുപോകും.
സസ്യങ്ങളുടെ വേരുകള്‍ തമ്മില്‍ ആഹാരത്തിനു വേണ്ടി മത്സരിക്കുന്നില്ല. അതുകൊണ്ട് കളകള്‍ കൃഷിക്ക് ഭീഷണിയല്ല. കൃഷിയിടത്തിലെ കളകള്‍ സ്വയം ജൈവപുത്രിയായി വര്‍ത്തിക്കുന്നു. അവയെ പറിച്ച് കളയാതെ കൃഷിയിടത്തില്‍ത്തന്നെ വെട്ടി നിക്ഷേപിച്ചാലും പുതയുടെ പ്രശ്നത്തിന് പരിഹാരമാകും. ചെടികള്‍ തമ്മില്‍ മത്സരിക്കുന്നത് സൂര്യപ്രകാശത്തിനും വെള്ളത്തിനും വേണ്ടി മാത്രമാണ്. സൂര്യപ്രകാശത്തിന്‍റെ അളവ് ആവശ്യമനുസരിച്ച് സസ്യങ്ങളെയും വൃക്ഷങ്ങളെയും വിന്യസിപ്പിക്കുകയാണ് ഈ കൃഷിയില്‍ ചെയ്യേണ്ടത്. മണ്ണിന്‍റെ ആഴം കൂടുംതോറും സസ്യങ്ങള്‍ക്ക് ആവശ്യമുള്ള മൂലകങ്ങള്‍ വര്‍ദ്ധമാനമായി തന്നെയുണ്ട്. അത്തരം മൂലകങ്ങളെ മുകളില്‍ കൊണ്ടുവരുന്നതിന് മണ്ണിരകള്‍ ആണ് കര്‍ഷകനെ സഹായിക്കുന്നത്. നാടന്‍പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ഈ കൃഷിരീതി അനുവര്‍ത്തിക്കുവാന്‍ തുടങ്ങുന്ന വര്‍ഷംതന്നെ വിളവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. വിളവുകുറയുമെന്ന ആശങ്ക ഒരിക്കലും വേണ്ട. മറ്റൊന്ന് നെല്ലായാലും വാഴക്കുലയായാലും നാളികേരമായാലും ഏത് ഉല്പന്നത്തിന്‍റെയും തൂക്കം കൂടുന്നതായിട്ടാണ് ഇന്നുവരെ ഏവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളത്. മറ്റൊരു പ്രധാന സംഗതി ഈ രീതിയിലേയ്ക്ക് കൃഷിയെ മാറ്റിക്കഴിഞ്ഞ് എല്ലാക്കാലവും കര്‍ഷകന്‍ ഇത് ആവര്‍ത്തിക്കേണ്ട ആവശ്യം ഇല്ലെന്നുള്ളതാണ്. ഓരോ വര്‍ഷം കഴിയുംതോറും മണ്ണ് പടിപടിയായി മാറ്റത്തിന് വിധേയമാകും. നാലഞ്ചു വര്‍ഷംകൊണ്ട് കാട്ടിലെ മണ്ണിനു തുല്യമായ അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞാല്‍ പിന്നെ ജീവാമൃതമോ മറ്റെന്തെങ്കിലുമോ മണ്ണിലേയ്ക്ക് കൊടുക്കേണ്ട ആവശ്യം വരുന്നില്ല. മണ്ണ് ശരിക്കും 'അന്നപൂര്‍ണ്ണ' ആയി എന്നര്‍ത്ഥം.
അയല്‍സംസ്ഥാനങ്ങളില്‍ നടന്നിട്ടുള്ള പലേക്കറുടെ പരിശീലനക്യാമ്പില്‍ പലരും കേരളത്തില്‍നിന്നു പങ്കെടുക്കുകയും ഈ രീതി പ്രയോഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഈ രീതി അവലംബിച്ചു കഴിഞ്ഞു.
Featured Posts
bottom of page