ദൈവശാസ്ത്രവേദി

ബൈബിളും സഭാപാരമ്പര്യവുമനുസരിച്ച്, സ്വതന്ത്രമായ മനസ്സോടും തീരുമാനത്തോടുംകൂടെ ഗൗരവമായ പാപത്തിൽ നിപതിച്ചിട്ട്, അനുതപിക്കാതെ മരിക്കുന്ന വ്യക്തിക്കു ലഭിക്കുന്ന നിത്യമായ ശിക്ഷയാണ് നരകം. ഈ വിശ്വാസസത്യം ഇന്ന് ഒരു പ്രശ്നമായി തീർന്നിരിക്കയാണ്. നരകത്തെപറ്റി പ്രസംഗിക്കാനും കേൾക്കാനും പലർക്കും താല്‌പര്യമില്ല. ആളുകളി ൽ അത് അവിശ്വാസവും ഭീതിയും ജനിപ്പിക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം. നരകത്തെപ്പറ്റി പരമ്പരാഗതമായി പറഞ്ഞുവന്നിരുന്ന കാര്യങ്ങളും ആളുകളുടെ മനസ്സിൽ ഊറിക്കൂടിക്കിടക്കുന്ന ചിത്രങ്ങളുമൊക്കെ വാസ്തവത്തിൽ നരകത്തെപ്പറ്റിയുള്ള ബൈബിളിൻ്റെ സന്ദേശത്തിൽനിന്ന് ഏറെ അകലെയാണ്.
ശിക്ഷ ബൈബിളിൽ
പഴയനിയമത്തിൽ ക്രി.മു. രണ്ടാം നൂറ്റാണ്ടുവരെ ശിക്ഷയുടെ സ്ഥലമായി കണ്ടിരുന്നത് പാതാളം (sheol -netherworld)ആണ്. നല്ലവർക്കും ദുഷ്ടന്മാർക്കുമായി രണ്ടായി തിരിച്ചിട്ടുള്ള സ്ഥലമായിട്ടാണ് പാതാളത്തെ കണ്ടിരുന്നത്. ഭൂമിക്കടിയിൽയിൽ എവിടെയോ അത് സ്ഥിതിചെയ്യുന്നുവെന്നതായിരുന്നു സങ്കല്പ്പം. നല്ലവർക്ക് അവിടെ സമ്മാനവും ദുഷ്‌ടർക്ക് ശിക്ഷയും ലഭിക്കുമെന്ന് കരുതിപ്പോന്നു. ധനവാന്റെയും ലാസറിന്റെയും ഉപമയിൽ (ലൂക്കാ 16:19-31) ഏതാണ്ട് ഈ സങ്കല്പമാണ് സ്വീകരിച്ചിരിക്കുന്നത്. ക്രി.മു. രണ്ടാം നൂറ്റാണ്ടോടുകൂടി യഹൂദ വെളിപാടുചിന്തയിൽ ഒരു പുതിയ ശിക്ഷയുടെ സ്ഥലം രൂപംകൊണ്ടു: ബൻഹിന്നോം താഴ്വര. യൂദാരാജാക്കന്മാരായ ആഹാസ്സും മനാസ്സെയും വിജാതീയദേവന്മാർക്ക് അവിടെ ബലിപീഠങ്ങൾ ഉണ്ടാക്കുകയും സ്വപുത്രന്മാരെ അഗ്നിയിൽ ഹോമിക്കുകയും ചെയ്തു(2 ദിന 28:3; 33:6). ജറേമിയാ നല്കിയ മുന്നറിയിപ്പിൻ്റെ വെളിച്ചത്തിൽ (7: 31-32, 19:56), അവസാന നാളുകളിൽ ഇവിടം പിളർന്ന് ശിക്ഷയുടെ സ്ഥലവും അഗ്നിനരകവുമായി മാറുമെന്ന വിശ്വാസം യഹൂദർക്കിടയിൽ നിലവിൽ വന്നു.
പുതിയനിയമവും അന്തിമശിക്ഷയെപ്പറ്റി പറയുവാൻ വിവിധ ബിംബങ്ങളും പ്രതീകങ്ങളും ഉപയോഗിക്കുന്നുണ്ട്. അനുതപിച്ച് രക്ഷയുടെ സുവിശേഷത്തിൽ വിശ്വസിക്കാൻ വിസമ്മതിക്കുന്ന പാപികൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയെ സൂചിപ്പിക്കാൻ നരകം (ഗെഹെന്നാ =ഗ്രീക്കുഭാഷയിൽ, Gehinnom =ഹിന്നോം താഴ്വര )എന്ന പദംതന്നെ യേശുവും ഉപയോഗിക്കുന്നുണ്ട് (മത്താ 5: 22,29-30 10:28; 18:9; 23:15:മാർക്കോ 9:43,45,47:ലുക്കാ 12:5). നിത്യാഗ്നി (മത്താ. 18:8), നരകാഗ്നി ( മത്താ 5:22 18:9) അഗ്നികുണ്ഡം (മത്ത 13:42), വിലാപത്തിന്റെയും പല്ലുകടിയുടെയും ഇടം (മത്താ. 8:12, 13: 42; 12:13), പുഴു ചാകാത്തതും തീ കെടാത്തതുമായ നരകം (മർക്കോ 9:48), പുറത്തെ അന്ധകാരം (മത്താ. 8:12, 22:13), എന്നിങ്ങനെ വിവിധ പ്രതീകങ്ങളിലൂടെ ഈ ശിക്ഷയുടെ ഭയാനകതയെ അവിടുന്ന് സൂചിപ്പിക്കുന്നു.
ശിക്ഷ സഭാപാരമ്പര്യത്തിൽ
യഹൂദരുടെ ചിന്താഗതിയിൽ അന്ത്യവിധിയോടുകൂടിയുള്ള മരിച്ചവരുടെ ഉയിർപ്പിനുശേഷം മാത്രമേ നരകം ശിക്ഷയുടെ സ്ഥലമായിത്തീരുകയുള്ളു. അതിനു മുമ്പുള്ള ശിക്ഷയുടെ സ്ഥലം പാതാളമാണ്. എന്നാൽ, ക്രിസ്തീയ വീക്ഷണത്തിൽ, അനുതപിക്കാതെ ഗൗരവമായ പാപത്തിൽ മരിക്കുന്നവർ മരണത്തോടു കൂടിത്തന്നെ നിത്യമായ നരകശിക്ഷയിലാണ്. നരകത്തിലെ ശിക്ഷയുടെ മുഖ്യമായ ഉപകരണം തീ ആണെന്ന ധാരണ പണ്ടുമുതലേ ഉണ്ടായിരുന്നു. ഓരിജൻ, വി. അംബ്രോസ്, വി. ജെറോം തുടങ്ങിയ സഭാപിതാക്കന്മാർ ഈ തീയെ ഒരു പ്രതീകമായിട്ടാണ് കാണുന്നത്. എന്നാൽ, വി. ബേസിൽ, വി. അഗസ്റ്റിൻ തുടങ്ങിയ സഭാപിതാക്കന്മാർ അതിനെ ഭൂമിയിലെ തീയിൽ നിന്ന് വ്യത്യസ്‌തമെങ്കിലും യഥാർത്ഥ തീയായിട്ടുതന്നെയാണ് കാണുന്നത് നരകത്തിലെ ശിക്ഷയിൽ രണ്ട് കാര്യങ്ങൾ ദൈവശാസ്ത്രജ്ഞന്മർ വിവേചിക്കാറുണ്ടായിരുന്നു: ഒന്ന്, അനന്തനന്മയും സ്നേഹവുമായ ദൈവത്തെ നഷ്ടപ്പെട്ടതിലുള്ള തീരാത്ത ദുഃഖം, രണ്ട് പാപത്തിന്റെ ഉപകരണങ്ങളായി വർത്തിച്ച് പഞ്ചെന്ത്രിയങ്ങളിൽ അനുഭവപ്പെടുന്ന ദുസ്സഹമായ പീഡയും വേദനയും.
നിത്യമായ നരകശിക്ഷത്തിന്റെ കാരുണ്യവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന ചോദ്യം പണ്ടുമുതലേ പലരെയും അലട്ടുന്ന ഒന്നാണ്. ഇതേപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾ ഇന്നും തുടരുകയാണെന്ന് പറയാം. ദൈവം അനന്തകാരുണ്യവാനായതുകൊണ്ട് ആത്യന്തികമായി ദൈവവും എല്ലാ സൃഷ്ടികളുമായി സാർവ്വത്രികമായ ഒരു അനുരഞ്ജനം (apokatastasis) ഉണ്ടാകുമെന്ന് ഓരിജെൻ, നസിയാൻസിലെ വി. ഗ്രഗരി, നീസായിലെ വി. ഗ്രെഗരി തുടങ്ങിയ സഭാപിതാക്കന്മാരും, ദീദിമോസ് ദ ബ്ലൈൻഡ്, ദിയദോർ, മൊപ്സൂവേസ്തിയായിലെ തിയദോർ മുതലായ ദൈവശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടുവെങ്കിലും, സഭ അതിനെ അനുകൂലിക്കുന്നില്ല. ബന്ധുമിത്രാദികളുടെ സത്പ്രവൃത്തികൾക്ക് നരകശിക്ഷയുടെ കാഠിന്യം കുറയ്ക്കുവാൻ കഴിയുമെന്ന വി. ജോൺ ക്രിസോസ്റ്റോമിൻ്റെയും, നരകശിക്ഷയ്ക്ക് ആശ്വാസത്തിന്റെ ചില ഇടവേളകൾ ദൈവം അനുവദിക്കുന്നുണ്ടെന്ന വി.അഗസ്റ്റിന്റെയും നിരീക്ഷണങ്ങളും സഭ അംഗീകരിക്കുന്നില്ല. രക്ഷിക്കപ്പെടുന്ന നീതിമാന്മാർ മാത്രമേ ഉയിർപ്പിക്കപ്പെടുകയുള്ളുവെന്നും മറ്റുള്ളവർ മരണത്തോടുകൂടെ ഇല്ലായ്‌മയിലേയ്ക്ക് ലയിക്കുന്നുവെന്നുമുള്ള ചില ആധുനിക പ്രോട്ടസ്റ്റന്റ്റ് ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തോടും കത്തോലിക്കാസഭ യോജിക്കുന്നില്ല. വി തോമസ് അക്വീനാസ് തുടങ്ങിയ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാർ നരകശിക്ഷയുടെ നിത്യതയെ ഒരു വിശ്വാസ സത്യമായിട്ടാണ് പരിഗണിക്കുന്നത്. സഭയുടെ പാരമ്പര്യ വിശ്വാസവും അതുതന്നെയാണ്.
പ്രതീകങ്ങളും സാദൃശ്യങ്ങളും
എന്നാൽ, നരകത്തെപ്പറ്റിയുള്ള ബൈബിളിൻ്റെ സന്ദേശവും സഭയുടെ പ്രബോധനവും അതിന്റെ ശരിയായ അർത്ഥത്തിൽ നാം മനസ്സിലാക്കണം. വളരെയധികം തെറ്റിദ്ധാരണകളാണ് ഈ വിഷയത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഇതിനുള്ള കാരണം ബൈബിളും വിശിഷ്യ, യേശുനാഥനും യുഗാന്ത്യയാഥർഥ്യങ്ങളെപ്പറ്റി പറയുവാനുപയോഗിച്ചിട്ടുള്ള പ്രതികങ്ങളും സാദ്യശ്യങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുന്നതാണ്. വിശിഷ്യ നരകത്തെയും നിത്യ ശിക്ഷയെയുംപ്പറ്റി ഏതർത്ഥത്തിലാണ് യേശു പറഞ്ഞിട്ടുള്ളതെന്ന് നാം ശ്രദ്ധിക്കേണ്ടിയിരിക് കുന്നു. നരകത്തെയും അവിടുത്തെ കെടാത്ത തീയെയും നിലയ്ക്കാത്ത വിലാപത്തെയുമെല്ലാം പറ്റി യേശു സംസാരിച്ചുവെന്നത് ശരി തന്നെ.
ഇവയെല്ലാം ഒരു സത്യം ഊന്നിപ്പറയുവാനുള്ള പ്രതീകങ്ങളും സാദ്യശ്യങ്ങളുമാ യിരുന്നു അവിടുത്തേക്ക്. യേശു പ്രഘോഷിച്ച ദൈവരാജ്യത്തിൻ്റെ അഥവാ രക്ഷയുടെ വിപരീത ബിന്ദു (contrast point) ആണ് നരകവും തീയും വിലാപവും പല്ലുകടിയുമെല്ലാം. മാനസാന്തരത്തിലേക്കുള്ള, രക്ഷയിലേക്കുള്ള ആഹ്വാനത്തിന്റെ അടിയന്തിരസ്വഭാവത്തെയാണ് ഈ പ്രതീകങ്ങളിലൂടെ യേശു ഊന്നിപ്പറയുന്നത്. അവിടുത്തെ ക്ഷണം നിരസിക്കുന്നത് ആപത്ത് വരുത്തും. യേശുവിൻ്റെ വരവോടും ദൈവരാജ്യപ്രഘോഷണത്തോടുംകൂടെ സമാഗതമായിരിക്കുന്നത് നിർണ്ണായകമായ തീരുമാനത്തിൻ്റെയും തിരഞ്ഞെടുപ്പിന്റെയും നിമിഷങ്ങളാണ്. ഈ തീരുമാനത്തെയും തിരഞ്ഞെടുപ്പിനെയും ആശ്രയിച്ചിരിക്കും ഓരോരുത്തരുടെയും ഭാവി. ഈ നിമിഷങ്ങൾ നഷ്ടപ്പെടുത്തുന്നവൻ എന്നേയ്ക്കുമായി തന്റെ ജീവനും ഭാവിയും അപകടത്തിലാക്കുന്നു. അതിനാൽ ഇപ്പോഴത്തെ തീരുമാനവും തിരഞ്ഞെടുപ്പും അതിഗൗരവമായ ഒരുത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം തന്നെ ശ്രവിക്കുന്ന ഓരോ വ്യക്തിയിലും ഉറപ്പിച്ചു സ്ഥാപിക്കുകയാണ് നരകത്തെയും നരകയാതനകളെയുംപറ്റിയുള്ള വാക്കുകളിലൂടെ യേശു ചെയ്യുന്നത്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, നരകത്തിന്റെ അസ്തിത്വത്തെയോ അവസ്ഥയെയോ അതിലെ വിവിധ പീഡകളെയോപ്പറ്റിയുള്ള അറിവ് നല്‌കുകയല്ല. പ്രത്യുത മാനസാന്തരപ്പെടാനും രക്ഷയുടെ വചനം സ്വീകരിക്കാനുമുള്ള അടിയന്തിരമായ ക്ഷണം നല്കുകയും, ആ ക്ഷണം സ്വീകരിക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്വം ഊന്നിപ്പറയുകയുമാണ് അവിടുന്ന് ചെയ്യുന്നത്.
ആധുനികഭാഷാശാസ്ത്രത്തിലൂടെ (modern linguistic philosophy)ഈ പറഞ്ഞ കാര്യം ഒന്നുകൂടെ വ്യക്തമാക്കാൻ കഴിയും. രണ്ടുതരം പ്രസ്‌താവന കളുണ്ട് ഭാഷയിൽ ഒന്ന്, അറിവു നല്‌കുന്ന പ്രസ്താവനകൾ (informative statements). രണ്ട്, നിലവിൽവരുത്തുന്ന അഥവാ നിർവഹിക്കുന്ന പ്രസ്‌താവനകൾ (performative statements ) 'പന്ത്രണ്ടുമണിക്ക് യോഗം പിരിഞ്ഞു' എന്നൊരാൾ പറഞ്ഞാൽ, അത് യോഗത്തെപ്പറ്റി അറിവു നല്‌കുന്ന ഒരു പ്രസ്‌താവനയാണ്. 'ഈ യോഗം ഞാൻ പിരിച്ചുവിടുന്നു' എന്ന് യോഗാധ്യക്ഷൻ പറഞ്ഞാൽ, അത് പറഞ്ഞ കാര്യം നിർവഹിക്കുന്ന അഥവാ നിലവിൽ വരുത്തുന്ന പ്രസ്താവനയാണ്. നരകത്തെയും അവിടുത്തെ പീഡകളെയുംപ്പറ്റി യേശു നാഥൻ നടത്തുന്ന പ്രസ്‌താവനകൾ അറിവു നല്കാൻ ഉദ്ദേശിച്ചുള്ള പ്രസ്‌താവനകളല്ല. പ്രത്യുത അവിടുന്ന് പ്രഘോഷിക്കുന്ന സുവിശേഷത്തെ മുൻനിർത്തി തീരുമാനമെടുക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്വം കേൾവിക്കാരിൽ നിലവിൽ വരുത്തുന്ന പ്രസ്‌താവനകളാണ്.
ഡോ സിപ്രിയൻ ഇല്ലിക്കമുറി കപ്പുച്ചിൻ
അസ്സീസി ജനുവരി 2007