
ഏതാനും ദിവസം മുമ്പ് ദൈവനാമത്തെക്കുറിച്ച് fb യിൽ കുറിച്ചിരുന്നു. പഴയനിയമത്തിൽ വെളിപ്പെടുത്തപ്പെട്ട Yahweh എന്ന ദൈവനാമത്തെ കുറിച്ചായിരുന്നു അത്. ഉല്പത്തി പുസ്തകത്തിൽ "ആദം വിളിച്ചത് അവയ്ക്കെല്ലാം പേരായി" (2:19) എന്നൊരു വാക്യമുണ്ട്. ആദമാണ് അവസാനം വന്നത്. തനിക്ക് മുമ്പേ വന്നവരെയെല്ലാം ആദം പേരിട്ടു വിളിക്കുന്നു. 'ആദം വിളിച്ചത് അവയ്ക്ക് പേരായി' എന്നു പറയേ ലാംഗ്വേജ് ഫിലോസഫിയുടെ ഒരടിസ്ഥാന തത്ത്വമാണ് അനാവൃതമാകുന്നത്. പേരിടലോ പേര് വിളിക്കലോ അധികാരത്തിൻ് റെയും നിയന്ത്രണത്തിൻ്റെയും സൂചനയാണ് നല്കുന്നത്. ബൈബിൾ ക്ലാസ്സിൽ പഠിച്ച ഇത്തരം അറിവുകളൊന്നും ഫലം കാണാതെ പോയ ഒരവസരം ഇന്നും മനസ്സിലുണ്ട്.
കോഴിക്കോടുള്ള ആശ്രമത്തിൽ അംഗമായിരിക്കേ ഒരിക്കൽ, അക്കാലത്ത് ആശ്രമത്തിൽ കൂടെ അംഗമായിരുന്ന ഒരു വൈദിക സഹോദരൻ്റെ ബന്ധുവായ ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ട് അവളുടെ മാതാപിതാക്കൾ അവിടെ എത്തിയിരുന്നു. പതിനേഴ് വയസ്സോ മറ്റോ കാണും അന്നവൾക്ക്. മദ്ധ്യകേരളത്തിലെ പ്രമാദമായ ഒരു ക്രിസ്റ്റ്യൻ സെക്റ്റിൻ്റെ സ്വാധീനത്തിലായിപ്പോയി അവൾ. മാതാപിതാക്കൾ ശ്രമിച്ചിട്ട് അവളെ പിന്തിരിപ്പിക്കാൻ കഴിയുന്നില്ലാത്തതിനാൽ അച്ചനെക്കൊണ്ട് അവളുടെ ചോദ്യങ്ങ ൾക്ക് മറുപടി പറയിക്കാമല്ലോ എന്നു കരുതി അവർ കൂട്ടികൊണ്ടു വന്നതാണ്. അറിവും നല്ല കമ്മ്യൂണിനേറ്റും ആയ അച്ചൻ നോക്കിയിട്ടും അവൾ വിട്ടു കൊടുക്കുന്നില്ല. അവൾക്ക് ഒറ്റ ചോദ്യമേയുള്ളൂ.
"ദൈവത്തിൻ്റെ പേര് നിങ്ങൾക്ക് അറിയാമോ?"
"ദൈവത്തിന്റെ പേര് ചോദിച്ചയാളോട് തൻ്റെ പേരായി ദൈവം പറഞ്ഞത് യാഹ്‌വേഹ് എന്നാണ് ".
യുവാവായ ആ അച്ചൻ പറഞ്ഞിട്ടും ആ യുവതി സമ്മതിക്കുന്നില്ല. ഞാനും ഏതാണ്ട് അതേ പല്ലവി ആവർത്തിച്ചു. ആ കുട്ടിക്ക് നല്ല തിട്ടമാണ്:
"അതല്ല, ദൈവത്തിന് കൃത്യമായി പേരുണ്ട്. നിങ്ങൾ അച്ചന്മാർക്ക് അതുപോലും അറിയില്ല. അതുകൊണ്ട് കത്തോലിക്കാ സഭയിൽ നിന്നാൽ രക്ഷ കിട്ടില്ല".
രണ്ടോ അതിലധികമോ പേർ ഉണ്ടാകുമ്പോഴല്ലേ പേരിന് ആവശ്യം വരുന്നത്? ദൈവം ഒന്നല്ലേയുള്ളൂ? അപ്പോൾ ദൈവത്തിന് പേരിൻ്റെ ആവശ്യമില്ലല്ലോ" എന്നെല്ലാം യുക്തിവിചാരം ചെയ്തു. അപ്പോൾ ബുദ്ധിമതിയായ ആ കുട്ടി ചോദിക്കുകയാണ്:
"ദൈവത്തിന് പേരില്ലെങ്കിൽ, 'ദൈവത്തിൻ്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത് എന്ന ദൈവകല്പനയുടെ ആവശ്യമെന്താണ്?"
കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിൽ പറഞ്ഞതുപോലെ യാഹ്‌വേഹ് - യഹോവാഹ് വളർ ച്ചയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വീട്ടുകാരെ ഉപേക്ഷിച്ച് ആ കുട്ടി പ്രസ്തുത കൾട്ട് ചർച്ചിൽ ചേർന്നു.
"യാഹ്‌വേഹ് " എന്നതുപോലും ഒരു പേരല്ല. "ആയിരിക്കുന്ന ഞാൻ", "ഉണ്മയായ ഞാൻ", "ഞാൻ ആകുന്നു" എന്നെല്ലാമാണ് അതിനർത്ഥം. എന്നുവച്ചാൽ താൻ ആരാണ് എന്നതിൻ്റെ ഒരു വിവരണം മാത്രമാണത്. മൈക്കിൾ എന്നോ ജോർജ് എന്നോ ജെയിംസ് എന്നോ പോലുള്ള ഒരു പേരല്ല.
സത്യത്തിൽ ദൈവ നാമം എന്ന നിലയിൽ "യാഹ്‌വേഹ് " എന്ന പദം ഉച്ചരിക്കുന്നത് യഹൂദ ജനത ഒഴിവാക്കി എന്നത് സത്യമാണ്. പക്ഷേ, അതുപോലുമല്ല അതിനർത്ഥം എന്ന് യഹൂദർ പില്ക്കാലത്ത് തിരിച്ചറിഞ്ഞു. ഡിട്രോയ്റ്റിൻ്റെ പ്രാന്ത നഗരമായ വെസ്റ്റ് ബ്ലൂംഫീൽഡിലുള്ള ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ചപ്പോഴാണ് അതേക്കുറിച്ച് എനിക്കല്പം വെളിച്ചം കിട്ടിയത്. യഹൂദ ജനതയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്ത് ഒട്ടനവധി തവണ "God" (ദൈവം) എന്നതിന് പകരം ''G_d" എന്നാണ് എഴുതിയിരിക്കുന്നത് എന്ന കാര്യം ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് "ദൈവം" എന്നതുതന്നെയാണ് ദൈവനാമം എന്ന് ഞാൻ തിരിച്ചറിയുന്നത്. അതുപോലും പ്രാർത്ഥനാമദ്ധ്യേ അല്ലാതെ അവർ പൂർണ്ണമായി എഴുതുന്നോ പറയുന്നോ ഇല്ല. എന്തുകൊണ്ടാണത്? ഭാഷയിലെ വെറുമൊരു വാക്ക് അല്ല 'ദൈവം'. അതൊരു അവബോധമാണ്. നമ്മെക്കൊണ്ട് പാവനതയെ, പവിത്രതയെ, പൂജ്യതയെ അനുഭവിപ്പിക്കേണ്ട നാമം! പ്രസ്തുത നാമം ചവറ് വാരുന്ന ലാഘവത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. ഓരോ തവണയും ആ പദം പറയാതെ പറയുമ്പോൾ നാം പവിത്രതയെ ഉൾക്കൊള്ളുകയാണ്. പൂജ്യതയെ ( Sacredness -നെ) ക്കുറിച്ചുള്ള അവബോധത്തിൽ ആഴപ്പെടുകയാണ് എന്നാണ് ഭക്തരായ യഹൂദ വിശ്വാസികളുടെ തിരിച്ചറിവ്!