top of page
മതവിശ്വാസത്തിന്‍റെ, ഈശ്വരവിശ്വാസത്തിന്‍റെ പലതലങ്ങളും അടുത്തകാലത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നു. മതവിശ്വാസത്തിന്‍റെ പേരില്‍ ചിലരെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടതോടെയാണ് ഇത് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതവിശ്വാസമാകാമോ എന്നതാണ് ചിലഭാഗങ്ങളില്‍ നിന്നുയര്‍ന്ന ചോദ്യം. ഈ സാഹചര്യത്തില്‍ എല്ലാത്തരത്തിലുള്ള വിശ്വാസങ്ങളുടെയും അവസ്ഥ നാം പുനഃ പരിശോധനയ്ക്കു വിധേയ മാക്കേണ്ടതുണ്ടെന്നു തോന്നുന്നു. അവനവനില്‍, മൂല്യങ്ങളില്‍, മറ്റുള്ളവരില്‍, പ്രസ്ഥാനങ്ങളില്‍, മത-സാമൂഹിക- സാംസ്കാരിക സംഘടനകളില്‍, സ്ഥാപനങ്ങളില്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍, മതത്തില്‍, ഈശ്വരനില്‍... ഇങ്ങനെ വിശ്വാസത്തിന്‍റെ അനന്ത സാധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്.
എന്തിലെങ്കിലും വിശ്വസിക്കാതെ മനുഷ്യന് ജീവിക്കാനാവില്ല. സ്വന്തം കഴിവിലും മറ്റുള്ളവരിലും ഈശ്വരനിലും ആദര്‍ശങ്ങളിലുമെല്ലാം വിശ്വാസം ആവശ്യമാകുന്നു. നിരീശ്വരവാദികള്‍ അവരുടെ കാഴ്ചപ്പാടില്‍ വിശ്വസിക്കുന്നുണ്ട്. വിശ്വാസത്തിന്‍റെ ശക്തിയാണ് ഓരോ വ്യക്തിയെയും നയിക്കുന്നത്. കേവലം മതവിശ്വാസത്തിന്‍റെ തലത്തില്‍ മാത്രമുള്ളതല്ല വിശ്വാസമെന്നതാണ് യാഥാര്‍ത്ഥ്യം. നന്മയില്‍ വിശ്വാസമില്ലെങ്കില്‍ ലോകത്തിന്‍റെ അവസ്ഥ എന്താകും? ഇപ്പോഴത്തെ കാതലായ പ്രശ്നം ആരും ഒന്നിലും വിശ്വസിക്കുന്നില്ല എന്നതാണ്. നാം നോക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പ്രകടനങ്ങള്‍ എങ്ങും കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന, നമുക്കു കരുത്തു പകരുന്ന വിശ്വാസത്തിന്‍റെ അഭാവം സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. കപടമായ മതബോധനത്തിനു കാരണം ഈ പ്രതിസന്ധിയാണ്. ഭൗതികതയുടെ ആഘോഷങ്ങളില്‍ ആത്മാവ് പണയപ്പെടുത്തേണ്ടി വരുമ്പോള്‍ എല്ലാ അനുഷ്ഠാനങ്ങളും യാന്ത്രികമാകുന്നു. മതങ്ങളില്‍, പാര്‍ട്ടികളില്‍, ആദര്‍ശങ്ങളില്‍ എല്ലാം കെട്ടുകാഴ്ചകള്‍ വര്‍ദ്ധിച്ചു വരുന്നത് അതുകൊണ്ടാണ്.
മനുഷ്യസത്തയെ അഗാധമായി സ്പര്‍ശിക്കുന്ന ആത്യന്തിക ചൈത്യനമാണ് വിശ്വാസം. ഈ പ്രപഞ്ചത്തിന്‍റെ നിയന്ത്രണം ആ ചൈതന്യത്തിന്‍റെ ശക്തിയിലാണ്. എന്തു പേരിട്ടു വിളിച്ചാലും അത്തരത്തിലുള്ള ഒരു ശക്തിയിലുള്ള വിശ്വാസം മനുഷ്യന്‍റെ നിലനില്പിന് അനിവാര്യമാണെന്നു തോന്നുന്നു. കാതലായ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം പേറിക്കൊണ്ട് ആര്‍ക്കും അധികനാള്‍ മുന്നോട്ടു പോകാനാവില്ല. യുക്തിരഹതിമെന്നുപോലും തോന്നാവുന്ന വിശ്വാസത്തിന്‍റെ ആവിഷ്ക്കാരങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നത് ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഭാരതീയ മനസ്സിനെ പാശ്ചാത്യ യുക്തികൊണ്ട് അളക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഡോക്കിന്‍സ് 'ദൈവവിഭ്രാന്തി' എഴുതിയാലും സാധാരണ മനുഷ്യന് ചില അത്താണികള്‍ ആവശ്യമാണ്. ഇതൊന്നും ഭൗതികമായ അളവുകോലുകള്‍കൊണ്ടു മാത്രം അളന്നെടുക്കാന്‍ സാധ്യമല്ല. മനുഷ്യന്‍ ഇത്ര കിലോ തൂക്കമുള്ള ഒരു വസ്തു മാത്രമല്ലല്ലോ. മനസ്സും ശരീരവും ആത്മാവും ചേര്‍ന്ന ചൈതന്യത്തിന് നാം കൊടുക്കുന്ന പേരാണ് മനുഷ്യന്‍. അവന്‍ / അവള്‍ മനനം ചെയ്തുകൊണ്ടാണ് ജീവിതത്തെ, ലോകത്തെ, ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഭൗതികമാത്രവാദത്തിന്‍റെ ന്യൂനീകരണ സിദ്ധാന്തങ്ങള്‍ക്ക് മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. മനുഷ്യവ്യക്തിത്വത്തിന്‍റെ അധികമാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അനിവാര്യമാകുന്നത് അങ്ങനെയാണ്.
നിര്‍വചിക്കാനാവാത്ത ചിലതെല്ലാം നിറഞ്ഞതാണല്ലോ ജീവിതം. മൂര്‍ത്തവും അമൂര്‍ത്തവും കൂടിച്ചേരുന്ന അവസ്ഥയാണത്. ശാസ്ത്രത്തിന്‍റെ കീറിമുറിച്ചുള്ള പരിശോധനകള്‍ക്ക് വഴങ്ങിത്തരാത്തതാണ് മനസ്സും ആത്മാവും വിശ്വാസവും. അവനവന്‍റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തിന് സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നതാണ് അഭികാമ്യം. വിശ്വാസത്തിന്‍റെ അഭാവം മനുഷ്യരെ സമഗ്രമായി ബാധിക്കുന്ന ഇക്കാലത്ത് ചിലതെല്ലാം തിരിച്ചെടുത്തുകൊണ്ടേ മുന്നോട്ടു പോകാന്‍ കഴിയൂ.
ഭൗതികമായ പുരോഗതികളില്‍ ആണ്ടുമുങ്ങിക്കിടക്കുമ്പോഴും മനുഷ്യര്‍ എന്തിനോ വേണ്ടി അശാന്തമായി സഞ്ചരിക്കുന്നതെന്തുകൊണ്ട്? നിരീശ്വരവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ചിലനേരങ്ങളില്‍ സന്ദേഹങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്? നാക്കുകൊണ്ട് തള്ളിക്കളയുന്നതിനെ രഹസ്യമായി വാരിപ്പുണരുന്നതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ ഉത്തരമില്ല. ഉത്തരങ്ങള്‍ എല്ലാറ്റിനും കിട്ടിക്കഴിഞ്ഞാല്‍ ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണ്? എല്ലാം മൂര്‍ത്തമാകുമ്പോള്‍ നിഗൂഢ സൗന്ദര്യമാര്‍ന്ന ജീവിതം കേവലം ഭൗതികവസ്തുവായി തരംതാഴാം. "അവന്‍റെ മതം, അനന്തതയുടെ തിരിച്ചറിവിലുള്ള അവന്‍റെ മതം നിര്‍വ്യക്തികമായ ആകാശത്തില്‍നിന്ന് യാത്ര തുടങ്ങുന്നു. അതില്‍ വെളിച്ചത്തിന്‍റെ ആവിഷ്ക്കാരങ്ങളുണ്ട്. പിന്നീട് ജീവിതത്തിലേക്കത് വരുന്നു" എന്നു ടാഗോര്‍ പറയുന്നത് മനുഷ്യ സ്വത്വത്തിന്‍റെ അധികമാനത്തെക്കുറിച്ചുള്ള അറിവുകൊണ്ടാണ്.
"രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഏവരും അതിനായി അന്വേഷണത്തിലാണ്," എന്ന് കബീര്‍ പാടുന്നു. മനുഷ്യസത്തയില്‍നിന്ന് ചിലതെല്ലാം ചോര്‍ന്നു പോയിരിക്കുന്നു. ഇത് അവനെ/ അവളെ അശാന്തിയിലേക്കു തള്ളി വിടുന്നു. അവിശ്വാസത്തിന്‍റെ തിരച്ചുഴികളില്‍ മുങ്ങിത്താഴുന്ന അവസ്ഥയാണ് അപ്പോള്‍ ഉണ്ടാകുന്നത്. ഈ ലോകവുമായും മനുഷ്യസമൂഹവുമായും സ്വന്തം സത്തയുമായും യോജിപ്പിലെത്താതെ ശിഥിലമായ വ്യക്തിത്വമായി മനുഷ്യര്‍ മാറുന്നത് അങ്ങനെയാണ്. ആത്മാവില്ലാത്ത മതത്തിനും രാഷ്ട്രീയത്തിനും പ്രസ്ഥാനങ്ങള്‍ക്കുമൊന്നും ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്താനാവില്ല. ആചാരാനുഷ്ഠാനങ്ങള്‍ അഗാധതലത്തില്‍ സ്പര്‍ശിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി അനുഭവപ്പെടണം. നഷ്ടപ്പെട്ടുപോയ ആത്മാവിനെ തിരിച്ചെടുക്കുകയാണ് ഏക പോംവഴി. പുതിയ കാലം ആത്മനിരാസം പ്രോത്സാഹിപ്പിക്കുകയും നമ്മുടെ വ്യക്തിത്വത്തെ ശരീരത്തില്‍ കുടുക്കിയിടുകയും ചെയ്യുന്നു. ഈ സംസ്കാരത്തില്‍ നിന്ന് കുതറിമാറി ജീവിതത്തിന്‍റെ യഥാര്‍ഥ പൊരുളുകള്‍ക്കു നേരെ കണ്ണടയ്ക്കുകയാണു വേണ്ടത്. മതവും രാഷ്ട്രീയവും എല്ലാം ആദര്‍ശങ്ങളുടെ, മൂല്യങ്ങളുടെ ലോകത്തേക്കുയര്‍ന്നു മനുഷ്യന് യഥാര്‍ഥ ലക്ഷ്യങ്ങള്‍ കാണിച്ചു കൊടുക്കണം. വ്യാപാര താല്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ആത്മാവ് കൈമോശം വരും. അപ്പോള്‍ വിശ്വാസം വഴിമാറിയൊഴുകുന്നു.
"ജീവിതത്തെ സന്തോഷത്തോടെ അഭിമുഖീകരിക്കാന്‍ എനിക്കു നവീനമായ കരുത്തു നല്‍കുകയും എന്‍റെ ജീവിതമാര്‍ഗത്തില്‍ കൂടെക്കൂടെ പ്രകാശം വീശുകയും ചെയ്തിട്ടുള്ള ആദര്‍ശങ്ങള്‍ സത്യം, നന്മ, സൗന്ദര്യം, സ്നേഹം എന്നിവയാണ്" എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറയുന്നുണ്ട്. സത്യവും നന്മയും സ്നേഹവും കൂടിച്ചേര്‍ന്ന് സുന്ദരമായ ലോകത്തെ സൗന്ദര്യം കൊണ്ടും നിറക്കുന്നു. സത്യത്തിന്‍റെ, നന്മയുടെ, സ്നേഹത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. മതവിശ്വാസികളാണെങ്കിലും നിരീശ്വരവാദികളാണെങ്കിലും ഈ വഴിയാണ് ഉത്തമമായിട്ടുള്ളത്. മനുഷ്യ സമൂഹത്തിന്‍റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരെല്ലാം ആത്മാവിന്‍റെ വഴിയിലാണ് സഞ്ചരിക്കുന്നത്. പ്രവൃത്തിയില്‍നിന്നാണ് ഒരാളുടെ വിശ്വാസത്തെ നാം നിര്‍ധാരണം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഏതുവിശ്വാസവും വലിയ ഉത്തരവാദിത്വം കൂടിയാണെന്നു പറയേണ്ടി വരും. ആചാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പലപ്പോഴും കര്‍മങ്ങളില്‍ അതു പ്രതിഫലിപ്പിക്കാറില്ല. വാക്കും പ്രവൃത്തിയും ആദര്‍ശവും പ്രായോഗികതയും ശരീരവും ആത്മാവും കൂടിച്ചേരുന്നിടത്ത് വിശ്വാസത്തിന്‍റെ ആവിഷ്കാരങ്ങള്‍ നാം കാണുന്നു, ദേവാലയത്തിലാണെങ്കിലും തെരുവിലാണെങ്കിലും.
Featured Posts
bottom of page